ഗൈഡ് ലൈനിൽ ഞങ്ങൾക്ക് ഉപയോഗിക്കാനുള്ള പേരുകൾ അവർ അടിച്ചുതരട്ടെ;സുരേഷ്‍ ഗോപിയുടെ സിനിമ പ്രദർശനം തടഞ്ഞതിൽ സെൻസർ ബോർഡിനെതിരെ ബി. ഉണ്ണികൃഷ്ണൻ
text_fieldsജെ.എസ്.കെ സിനിമയുടെ പ്രദർശനം തടഞ്ഞ സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ചിത്രത്തിന് ജനകിയെന്ന പേര് പാടില്ലെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പേര് പാടില്ലെന്നാണ് അവർ പറഞ്ഞത്. അങ്ങനെയാണെങ്കിൽ സിനിമയിൽ ഉപയോഗിക്കേണ്ട പേരുകൾ സെൻസർ ബോർഡ് ഇറക്കട്ടെയെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
'സിനിമയിലെ കഥാപാത്രത്തിന് ജാനകി എന്ന് പേരിട്ടതാണ് പ്രശ്നം. ഗൈഡ് ലൈനിൽ ഞങ്ങൾക്ക് ഉപയോഗിക്കാനുള്ള പേരുകൾ അവർ അടിച്ചുതരട്ടെ. എങ്ങോട്ടാണീ പോക്ക്. കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകു? വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകും. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിത്. സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ട്'- ഉണ്ണികൃഷ്ണൻ പറഞ്ഞു.
എം.ബി. പത്മകുമാറിന്റെ സിനിമക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. എബ്രഹാമും ജാനകിയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയുടെ പ്രമേയം. ജാനകി ജയന്തിയാക്കി മാറ്റിയപ്പോഴാണ് സർട്ടിഫിക്കറ്റ് കിട്ടിയതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നായകനായ ജെ.എസ്.കെ-ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനമാണ് സെൻസർ ബോർഡ് തടഞ്ഞത്. കഥാപാത്രത്തിന്റെയും സിനിമയുടെയും പേരായ ജാനകി എന്നത് മാറ്റണമെന്നാണ് സെൻസർ ബോർഡിന്റെ നിർദേശം. ഈ മാസം 27ന് സിനിമ തിയേറ്ററുകളിൽ എത്താനിരിക്കെയാണ് സെൻബർ ബോർഡിന്റെ നീക്കം.
അനുപമ പരമേശ്വരൻ നായികയായെത്തുന്ന സിനിമ കോർട്ട് റൂം ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

