മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ ‘സീനിയോറിറ്റി’; അവതാരകക്കെതിരായ പരാമർശത്തിൽ ഉർവശിക്കെതിരെ അവന്തിക മോഹൻ
text_fieldsകൊച്ചി : സിനിമ പ്രമോഷനിടയിൽ ഇംഗ്ലീഷിൽ സംസാരിച്ച അവതാരകക്കെതിരായ പരാമർശത്തിൽ ഉർവശിക്കെതിരെ സുപ്രിയ മേനോന് പിന്നാലെ നടി അവന്തിക മോഹനും രംഗത്ത്. അവതാരക ദക്ഷ രവീന്ദ്രനാഥിനെ പിന്തുണച്ചാണ് അവന്തിക മോഹനും കടുത്ത പ്രതികരണം നടത്തിയത്. മലയാളം അറിയാമെന്നത് മറ്റൊരാളെ പരിഹസിക്കാനുള്ള അവകാശമല്ലെന്നും, മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് യഥാർഥ ‘സീനിയോറിറ്റി’ പ്രതിഫലിക്കുന്നതെന്നും അവന്തിക തുറന്നടിച്ചു.
ഭാഷകൾ കഴിവുകൾ മാത്രമാണെന്നും അവ ബുദ്ധിയുടെയോ വർഗത്തിന്റെയോ അളവുകോലുകളല്ലെന്നും അവന്തിക സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘‘ഒരാളെ മലയാളത്തിൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ ഇംഗ്ലിഷ് സംസാരിച്ചതിന്റെ പേരിൽ അവരെ പരിഹസിക്കുന്നത് വേറൊരു കാര്യമാണ്. അസ്വസ്ഥാജനകമായ ആ നിമിഷത്തെ അവതാരക വളരെ ശാന്തതയോടെയാണ് കൈകാര്യം ചെയ്തത്. അവർ മികച്ച നടി തന്നെയാണ്, എന്നാൽ ഇത്തരം സന്ദർഭങ്ങൾ ഒരാളുടെ സ്വഭാവത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നത്’’ അവന്തിക വ്യക്തമാക്കി.
‘വിമർശനം സ്വകാര്യമാകാം, ബഹുമാനം പരസ്യമായി നൽകണം’ എന്ന തലക്കെട്ടിൽ ഇൻഫ്ളുവൻസർ കാൾ ലഫ്രനൈസ് പങ്കുവെച്ച പോസ്റ്റാണ് സിനിമാ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് മലയാളികളുടെ ഭാഷാപരമായ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സുപ്രിയ മേനോൻ കമന്റ് ചെയ്തത്. സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുകയും വിദേശത്തേക്ക് അയക്കുകയും ചെയ്യുന്ന സമൂഹം, തൊഴിലിന്റെ ഭാഗമായി ഒരാൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അതിനെ ധാർഷ്ട്യമായി കാണുന്നത് എങ്ങനെയെന്നാണ് സുപ്രിയ ചോദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

