ഇതിൽ അഭിനയമേയില്ല; നാളെ മുതൽ ഉണ്ണി രാജൻ ശൗചാലയം വൃത്തിയാക്കും...
text_fieldsഉണ്ണി രാജൻ
കാസർകോട്: ശൗചാലയം വൃത്തിയാക്കൽ തൊഴിലിനൊരുങ്ങി നടൻ ഉണ്ണി രാജൻ. ഇതിൽ ലവലേശം അഭിനയമില്ല. നടന്റെ പുതിയ തീരുമാനം അറിഞ്ഞവർ ശരിക്കും ഞെട്ടുകയാണിപ്പോൾ. നേരത്തെ തന്നെ തന്റെ വേറിട്ട നിലപാടുകളിലൂടെ ശ്രദ്ധനേടിയ ഉണ്ണിരാജന്റെ പുതിയ തീരുമാനവും ചർച്ചയാവുകയാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും 'മറിമായം' സീരിയലിലും പ്രേക്ഷകരുടെ മനം കീഴടക്കിയ ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ ആണ് പുതിയ തൊഴിൽ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇന്റർവ്യൂബോർഡിനെപ്പോലും ഒരു വേള ഞെട്ടിച്ച് കൊണ്ട് ഉണ്ണി രാജൻ എത്തിയത്.
കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കായിരുന്നു ഇന്റവ്യൂ. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ 11പേരിൽ ഒരാളാണ് ഉണ്ണിരാജൻ. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരംതൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറുമായി മാറാൻ സാധ്യതയുണ്ട്.
ഈ തൊഴിലിനോ, എന്ന് ചോദിച്ചവരോട് വിനയത്തോടെ ഉണ്ണി രാജൻ പറയുന്നതിങ്ങനെ: ` ഒരു ജോലി എന്റെ സ്വപ്നമാണ്. ചിലർക്ക്, ഞാൻ വി.ഐ.പിയാകാം. പക്ഷേ, സ്ഥിരമായ തൊഴിലില്ലാത്ത ഒരാളാണ്. സീരിയിലിൽനിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാൽ ശരീരസ്ഥിതിയും അത്ര നല്ലതല്ല. എല്ലാതൊഴിലിനും മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യണം. പിന്നെന്താ...'. പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജൻ. ഭാര്യ: സിന്ധു. മക്കൾ: ആദിത്യരാജ്, ധൻവിൻ രാജ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിരാജന് രജിസ്‌ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്‌ച പുതിയ ജോലി ഏറ്റെടുക്കും.
നിർമ്മാണ തൊഴിലാളിയായിരുന്നു. കലയോടുള്ള സ്നേഹം കൊണ്ട് നടനായി. അച്ഛൻ കലാപ്രവർത്തകനായിരുന്നു. മാതാവ് കൃഷിപ്പണിയും. ഒറ്റമുറിയുള്ള മൺകൂരയിലാണ് വർഷങ്ങളോളം താമസിച്ചത്. മഴക്കാലമാകുമ്പോൾ മേൽക്കൂര ചോരും. ഈ സാഹചര്യത്തിൽ സ്വപ്ന വീടിനെ കുറിച്ച് ഉണ്ണി രാജൻ ഇങ്ങനെ പറഞ്ഞു. ` വലിയ വീട് സ്വപ്നം പോലും കാണാൻ കഴിയില്ല. കണ്ടിട്ടുമില്ല. ചോരാത്ത കൂരയ്ക്ക് കീഴിൽ താമസിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായാണ് കരുതുന്നത്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

