Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അന്ന് രജനി സാറിന്റെ പേര് സ്വീകരിച്ചു, ഇന്ന് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നു'; പേരുമാറ്റത്തിന് പിന്നിലെ കഥ പറഞ്ഞ് എസ്.ജെ സൂര്യ

text_fields
bookmark_border
അന്ന് രജനി സാറിന്റെ പേര് സ്വീകരിച്ചു, ഇന്ന് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നു; പേരുമാറ്റത്തിന് പിന്നിലെ കഥ പറഞ്ഞ് എസ്.ജെ സൂര്യ
cancel

ചെന്നൈ: നടനായും സംവിധായകനായും തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് എസ്.ജെ. സൂര്യ. മുൻനിര സംവിധായകരുടെ അസിസ്റ്റന്റായി സിനിമാ ജീവിതം ആരംഭിച്ച്, അജിത് കുമാറിനെ നായകനാക്കി ഒരുക്കിയ 'വാലി', ദളപതി വിജയ് നായകനായ 'ഖുഷി' എന്നീ വൻ ഹിറ്റ് ചിത്രങ്ങളിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ അദ്ദേഹം ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. ഇപ്പോഴിതാ തന്റെ പേരായ 'ജസ്റ്റിൻ സെൽവരാജ്' മാറ്റി 'എസ്.ജെ. സൂര്യ' എന്ന് പേരിട്ടതിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തമിഴ് സിനിമാ ലോകത്ത് തുടക്കക്കാരനായിരുന്ന സമയത്ത് ജസ്റ്റിൻ സെൽവരാജ് എന്നായിരുന്നു തന്റെ യഥാർത്ഥ പേരെന്ന് അദ്ദേഹം ഓർത്തെടുത്തു. ഒരു യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പേരുമാറ്റത്തെക്കുറിച്ചുള്ള ഓർമ്മകൾ നടൻ പങ്കുവെച്ചത്.

"പ്രശസ്ത സംവിധായകൻ വസന്തിന്റെ കൂടെ 'ആസൈ' എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന സമയത്താണ് സംഭവം. സാറിന് എന്റെ പേര് വിളിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോട് പേര് ചോദിച്ചു. 'ജസ്റ്റിൻ' എന്ന് ഞാൻ മറുപടി നൽകി. എന്നാൽ, 'അതൊരു സ്റ്റണ്ട് മാസ്റ്ററുടെ പേര് അല്ലേ, പണ്ടത്തെ സൂപ്പർസ്റ്റാർ എം.ജി.ആറിന്റെ ഫൈറ്റ് മാസ്റ്ററുടെ പേരും ജസ്റ്റിൻ എന്നായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് 'നിന്നെ എങ്ങനെ ജസ്റ്റിൻ എന്ന് വിളിക്കും?' എന്ന് ചോദിച്ചുകൊണ്ട്, ഇഷ്ടമുള്ള പത്ത് പേരുകൾ എഴുതിക്കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെടുകയായിരുന്നു," എസ്.ജെ. സൂര്യ പറഞ്ഞു.

സംവിധായകൻ വസന്ത് സാറിന് മണിരത്നം സിനിമകളോട് വലിയ ഇഷ്ടമായിരുന്നു എന്ന് അറിഞ്ഞുകൊണ്ട്, മണിരത്നം ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളാണ് താൻ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിൽ മണിരത്നത്തിന്റെ എവർഗ്രീൻ ക്ലാസിക് ചിത്രമായ 'ദളപതി'യിൽ സൂപ്പർസ്റ്റാർ രജനികാന്ത് അവതരിപ്പിച്ച 'സൂര്യ' എന്ന കഥാപാത്രത്തിന്റെ പേരും ഉൾപ്പെടുത്തിയിരുന്നു.

"ആ പേരുകളുടെ ലിസ്റ്റ് ഞാൻ വസന്ത് സാറിന്റെ വീട്ടിൽ കൊണ്ടുപോയി നൽകി. സാറിന്റെ ഭാര്യയാണ് അത് വാങ്ങിവെച്ചത്. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വാതിൽ തുറന്ന് എന്നെ കണ്ടപാടെ 'എന്നടാ സൂര്യ' എന്നാണ് അദ്ദേഹം ചോദിച്ചത്. ഇനി മുതൽ നിന്റെ പേര് സൂര്യയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അങ്ങനെയാണ് ജസ്റ്റിൻ സെൽവരാജ് എന്ന ഞാൻ എസ്.ജെ. സൂര്യയായത്," താരം കൂട്ടിച്ചേർത്തു. അന്ന് രജനികാന്തിന്റെ 'സൂര്യ' എന്ന പേര് സ്വീകരിച്ച് ചലച്ചിത്ര രംഗത്തേക്ക് വന്ന താൻ, ഇന്ന് അതേ രജനി സാറിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിന്റെ സന്തോഷവും അഭിമാനവും പങ്കുവെച്ചാണ് എസ്.ജെ. സൂര്യ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'അന്ന് രജനി സാറിന്റെ പേര് സ്വീകരിച്ചു, ഇന്ന് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നു'; പേരുമാറ്റത്തിന് പിന്നിലെ കഥ പറഞ്ഞ് എസ്.ജെ. സൂര്യ
Next Story