വികസന തുടർച്ചക്ക് പിന്തുണ തേടി ടി.പി;മാറ്റത്തിന് വോട്ടു തേടി തഹ് ലിയ
text_fieldsടി.പി. രാമകൃഷ്ണൻ കൂത്താളിയിൽ പ്രചാരണം നടത്തുന്നു
പേരാമ്പ്ര: തുടർവികസനം സാധ്യമാക്കാൻ ജനപിന്തുണ തേടി പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. എന്നാൽ, മാറ്റത്തിന് വോട്ടു തേടി യു.ഡി.എഫിന്റെ യുവ രക്തം ഫാത്തിമ തഹ് ലിയയും വോട്ടുതേടി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ടി.പിയുടെ വ്യാഴാഴ്ചത്തെ പര്യടനം പരമ്പരാഗത കൈത്തറി ഗ്രാമമായ കൂത്താളിയിൽ നിന്നാണ് ആരംഭിച്ചത്. സി.പി.ഐ നേതാവ് ആർ. ശശി മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്തു. കെ.എം. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. പ്രഖ്യാപനം നടത്തി ജനങ്ങളെ പറ്റിക്കുന്ന മുന്നണിയല്ല എൽ.ഡി.എഫ് എന്നും പ്രഖ്യാപിക്കുന്നത് നടപ്പാക്കാനുള്ള മുന്നണിയാണെന്നും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി ടി.പി പറഞ്ഞു. വികസനത്തിന് തുടർച്ചക്കായി എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തണം. 600 രൂപയുണ്ടായിരുന്ന ക്ഷേമ പെൻഷൻ 18 മാസ കുടിശ്ശികയാക്കിയ യു.ഡി.എഫിന്റെ പുതിയ വാഗ്ദാ നങ്ങൾ ജനം വിശ്വസിക്കില്ലെന്നും ടി.പി പറഞ്ഞു. പേരാമ്പ്ര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: ഫാത്തിമ തഹ് ലിയ പേരാമ്പ്ര പഞ്ചായത്തിലെ ചേർമല സാംബവ ഉന്നതി സന്ദർശിച്ചു. ഉന്നതിയിലെ കുടിവെള്ള ക്ഷാമമുൾപെടെയുള്ള പ്രശ്നങ്ങൾ തഹ് ലിയ അവരോട് ചോദിച്ചറിഞ്ഞു. ആർ.കെ. മുനീർ, അർജുൻ കറ്റയാട്ട്, രാധ അരീപ്പോയിൽ, ടി.പി. മുഹമ്മദ്, ഇ. ഷാഹി, കെ.പി. റസാഖ്, കക്കിന കണ്ടി മൊയ്തി, ആർ.കെ. മുഹമ്മദ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ഐക്യ ട്രേഡ് യൂണിയൻ (യു.ഡി.ടി.എഫ്) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ടി. ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഷാജു പൊൻപാറ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി.
ഫാത്തിമ തഹ് ലിയ പേരാമ്പ്ര ചേർമല ഉന്നതി സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

