കളം നിറഞ്ഞ് സ്റ്റാലിനും എടപ്പാടിയും; പതിഞ്ഞ് വിജയ്
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമിയും നേർക്കുനേർ പൊരുതുന്നു. കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരിൽനിന്ന് സ്റ്റാലിനും ചെന്നൈ മൈലാപ്പൂരിൽനിന്ന് എടപ്പാടി പളനിസാമിയും പ്രചാരണ പര്യടനം തുടങ്ങി. ദിവസവും നാലും അഞ്ചും മണ്ഡലങ്ങളിലൂടെയാണ് ഇരുവരുടെയും പര്യടനം. തുറന്ന വാഹനങ്ങളിൽ സ്ഥാനാർഥികൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യും. പ്രത്യേക പോയന്റുകളിൽ വോട്ടഭ്യർഥന. രാത്രി പൊതുയോഗത്തിൽ നീണ്ട പ്രസംഗം. മോണിങ് വാക്ക് പ്രചാരണമാണ് സ്റ്റാലിൻ സ്റ്റൈൽ. വിവിധയിടങ്ങളിൽ ദിവസവും പ്രഭാത നടത്തം സംഘടിപ്പിച്ച് ജനങ്ങളുമായി സംവദിക്കുന്നു. ഇടക്ക് ചായക്കടകളിൽ കയറുന്നു. വീട്ടമ്മമാരുമായും വിദ്യാർഥികളുമായും കുശലംപറച്ചിൽ. ഇരു നേതാക്കളുടെയും പ്രചാരണങ്ങളിൽ വൻ ജനപങ്കാളിത്തമുണ്ട്.
‘ഇത് തമിഴ്നാട്-ഡൽഹി പോരാട്ടം’
തുടർച്ചയായി രണ്ടുതവണ അധികാരമേറിയിട്ടില്ലാത്ത ഡി.എം.കെ ഇത്തവണ ഈ ചരിത്രം തിരുത്താനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാറിനെതിരായ തുറന്ന പോരാട്ടം ഇതിന് തങ്ങളെ തുണക്കുമെന്നാണ് ഡി.എം.കെയുടെ വിശ്വാസം. അണ്ണാ ഡി.എം.കെയുടെ തോളിൽ തമിഴകത്ത് കാലുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് ഇതിലൂടെ തടയിടാമെന്നും സ്റ്റാലിൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു തമിഴ്നാട്-ഡൽഹി പോരാട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
അണ്ണാ ഡി.എം.കെയെയും എടപ്പാടിയെയും ബി.ജെ.പി പാട്ടത്തിനെടുത്തതായാണ് സ്റ്റാലിൻ കഴിഞ്ഞ ദിവസം മയിലാടുതുറൈയിൽ ആരോപിച്ചത്. ലോക്സഭ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം അവതരിപ്പിച്ചപ്പോൾ അണ്ണാ ഡി.എം.കെ മൗനം പാലിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതേസമയം കരുണാനിധി കുടുംബവാഴ്ചയും അഴിമതിയാരോപണങ്ങളും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാത്തതും ചൂണ്ടിക്കാട്ടിയാണ് എടപ്പാടി പളനിസാമി തിരിച്ചടിക്കുന്നത്.
ട്രാക്കിൽ കയറാതെ വിജയ്
പ്രധാന മുന്നണികൾ രണ്ടാം ലാപ്പിലെത്തിയിട്ടും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് തമിഴക വെട്രി കഴകവും(ടി.വി.കെ) നടനും പാർട്ടി അധ്യക്ഷനുമായ വിജയ് ഇനിയും ട്രാക്കിൽ കയറിയിട്ടില്ല. ഒരു മാസത്തിനിടെ പത്തോളം ഇടങ്ങളിൽ മാത്രമാണ് വിജയ് വോട്ടർമാരെ അഭിസംബോധന ചെയ്തത്. എഴുതിക്കൊണ്ടുവന്ന് നടത്തുന്ന പ്രസംഗം പരമാവധി പത്തോ പതിനഞ്ചോ മിനിറ്റ് മാത്രവും. രണ്ടുവർഷം മുമ്പുമാത്രം രൂപവത്കരിക്കപ്പെട്ട ടി.വി.കെക്ക് ‘വിസിൽ’ ആണ് ചിഹ്നം. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനുശേഷം പാർട്ടിക്ക് പ്രവർത്തനതാളം വീണ്ടെടുക്കാനായിട്ടില്ല. തെരഞ്ഞെടുപ്പിൽ ‘അൺ ടെസ്റ്റഡ്’ ആയ ടി.വി.കെയോട് സഖ്യമുണ്ടാക്കാൻ രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ നിർമിച്ച വിജയ് യുടെ ‘ജനനായകൻ’ സിനിമയുടെ പ്രദർശനാനുമതി കേന്ദ്ര സെൻസർ ബോർഡ് തടഞ്ഞതും തിരിച്ചടിയായി.
234 നിയമസഭ മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനുശേഷം പ്രചാരണ പര്യടനത്തിലൂടെ തമിഴകത്തെ ഇളക്കിമറിക്കാമെന്നാണ് ടി.വി.കെ പദ്ധതിയിട്ടിരുന്നത്. അതേസമയം, വിജയ് യുടെ പ്രചാരണ യോഗങ്ങളിൽ ആളു കൂടുന്നുമുണ്ട്. ഇത് പക്ഷെ താരമെന്ന ആരാധനയാണെന്നാണ് വിമർശകപക്ഷം. ഇങ്ങനെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആരാധകർ തടിച്ചുകൂടുന്നത് ദുരന്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷനും പൊലീസും കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്നുണ്ട്. ഡി.എം.കെയെ മാത്രം ശത്രുപക്ഷത്ത് നിർത്തിയാണ് വിജയ് പ്രസംഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എടപ്പാടി പളനിസാമി മത്സരിക്കുന്ന എടപ്പാടിയിൽ ടി.വി.കെ സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ചില സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

