പ്രിയങ്കയുടെ തെക്കൻ ഷോയിൽ സെൽഫി, ഷേക്ക് ഹാൻഡ്, മാലയേറ്...
text_fieldsകൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ആലപ്പുഴ/കരുനാഗപ്പള്ളി/കൊല്ലം: ചേപ്പാട് എൻ.ടി.പി.സി െഗസ്റ്റ് ഹൗസിന് മുന്നിലെ ഹെലിപാഡിൽ 11.55ന് പറന്നിറങ്ങിയ ഹെലികോപ്ടറിൽനിന്ന് ആദ്യം പുറത്തിറങ്ങിയത് പ്രിയങ്കയായിരുന്നു. സുരക്ഷാഭടന്മാെരക്കാളും കൂടെയുണ്ടായിരുന്ന പരിഭാഷകകൂടിയായ കോൺഗ്രസ് നേതാവ് ജ്യോതി വിജയകുമാറിെനക്കാളും തലയെടുപ്പിൽ അഞ്ചടി ഒമ്പതിഞ്ച് ഉയരമുള്ള അവരെ ദൂരെ നിൽക്കുന്നവർപോലും തിരിച്ചറിഞ്ഞു.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിനോടൊപ്പം കറുത്ത കിയ കാർണിവൽ കാറിൽ കയറിയ പ്രിയങ്ക എൻ.ടി.പി.സി െഗസ്റ്റ് ഹൗസ് കോമ്പൗണ്ട് വിടുംമുേമ്പ ഒരു സംഘം യുവതികളെ കണ്ട് കാറിൽനിന്നിറങ്ങി. സെൽഫിക്ക് പോസ് ചെയ്ത് നിമിഷങ്ങൾക്കകം വീണ്ടും കാറിലേക്ക്. വഴിയിലുടനീളം കാത്തുനിന്ന ആബാലവൃദ്ധം ജനങ്ങൾക്കും നേരെ കൈവീശി മുന്നോട്ടുപോയ പ്രിയങ്ക കൊറ്റംകുളങ്ങര എത്തിയേപ്പാൾ കാറിെൻറ ഡോറിൽ കയറിയിരുന്ന് ഇടത് കൈ അകത്തുപിടിച്ച് വലതുകൈകൊണ്ട് ചുറ്റും കൂടിയവരെ വീശി മുന്നോട്ടുപോയി.
വാഹനം കായംകുളം എം.എസ്.എം കോളജിന് മുന്നിലെത്തുേമ്പാഴേക്കും പ്രിയങ്കയും ടോപ് തുറന്ന് മുകളിലേക്ക് വന്നു. കോളജ് ജങ്ഷനിൽ ഏവരുെടയും സ്നേഹം ഏറ്റുവാങ്ങി തിരികെ കയറിയശേഷം ടോപ്പിൽ അസാമാന്യ മെയ്വഴക്കത്തോടെ അരിതെയയും അടുത്ത് പിടിച്ചിരുത്തിയായി യാത്ര. കായംകുളം ബസ്റ്റാൻഡിന് അടുത്ത് എത്തിയപ്പോൾ ട്രാഫിക് ജാമിൽ കുടുങ്ങിക്കിടന്ന ബസിനുള്ളിൽനിന്ന് കൈനീട്ടിയ യാത്രക്കാരിക്ക് എത്തിപ്പിടിച്ചൊരു ഹസ്തദാനം കൊടുക്കുംവിധം ചടുല നീക്കങ്ങൾ തുടർന്നു. കിട്ടിയ മാലകളിൽ കുറച്ച് അരിതയുടെ കഴുത്തിൽ ചാർത്തിയും ചിലത് ആവേശത്തോടെ പിന്നാലെ വരുന്നവർക്കിടയിലേക്ക് വീശിയെറിഞ്ഞുമുള്ള പ്രിയങ്കയുടെ ആക്ഷനുകൾ കണ്ട് ജനം അത്ഭുതം കൂറി. വീടുകൾക്കുമുന്നിൽ ഒറ്റക്ക് നിൽക്കുന്നവരെപ്പോലും പ്രത്യേകം ശ്രദ്ധിച്ച് കൈകൾ വീശി തിരികെ കൈവീശൽ വാങ്ങുംവിധമുള്ള തന്ത്രങ്ങളും പയറ്റാൻ അവർ മറന്നില്ല.
പിന്നീടായിരുന്നു അരിതയുടെ വീട്ടിലേക്കുള്ള അപ്രതീക്ഷിത സന്ദർശനം. യാത്ര തുടങ്ങും മുമ്പ് മുഖത്തുനിന്ന് മാസ്ക് നീക്കിയ പ്രിയങ്ക മുഴുസമയവും ചിരിച്ചുകൊണ്ടാണ് ജനക്കൂട്ടത്തെ അഭിമുഖീകരിച്ചത്. ഇതിനുശേഷം കരുനാഗപ്പള്ളിയിലേക്കായിരുന്നു യാത്ര. ഉച്ചക്ക് 12ന് പ്രിയങ്ക ഗാന്ധി എത്തുമെന്ന അറിയിപ്പ് കണക്കാക്കി 10 മണിക്ക് മുമ്പുതന്നെ പ്രവർത്തകർ കരുനാഗപ്പള്ളിയിലെ വവ്വാക്കാവിലെ സമ്മേളനസ്ഥലത്ത് എത്തിയിരുന്നു. ഒന്നരയായതോടെ മതിലിനപ്പുറം പ്രിയങ്ക ഗാന്ധിയുടെ കാർ കണ്ട് പ്രവർത്തകർ ആവേശത്താൽ തിളച്ചു.
കാറിെൻറ സൺറൂഫിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് പ്രിയങ്ക ഗാന്ധിയും അരിത ബാബുവും. വേദിയിലെത്തിയതും കരഘോഷവും മുദ്രാവാക്യങ്ങളും ഉച്ചസ്ഥായിയിലായി. കേന്ദ്ര,സംസ്ഥാന സർക്കാറുകളെ വിമർശിച്ചും കോൺഗ്രസിെൻറ പ്രകടനപത്രിക വിശദമാക്കിയുമുള്ള പ്രിയങ്കയുടെ വരികൾക്കൊപ്പം ആരവമുയർത്തി സദസ്സും പങ്കാളിയായി. വിവർത്തകയായ ജ്യോതി വിജയകുമാർ പറഞ്ഞുതീരുന്നതിന് മുമ്പ് അടുത്ത വാക്കുകൾ പറയാൻ തുടങ്ങിയതിന് ചിരിയോടെയുള്ള ക്ഷമാപണവും.
ഒരുമണിക്കൂർ നീണ്ട പ്രസംഗത്തിനൊടുവിൽ കൊല്ലത്തേക്ക്. വൈകുന്നേരം മൂന്നോടെ കൊല്ലം ക്യു.എ.സി മൈതാനത്ത് എത്തിയ പ്രിയങ്കയെ, 'പ്രിയങ്കരീ പ്രിയങ്കേ, ജയ് ജയ് കോൺഗ്രസ്, ജയ് ജയ് യു.ഡി.എഫ്... ' മുദ്രാവാക്യത്തോടെ വരവേറ്റു.
'സിസ്റ്റേഴ്സ് ആൻഡ് ബ്രദേഴ്സ് നമസ്കാരം...' പ്രസംഗം തുടങ്ങി. 3.45 ഓടെ പ്രസംഗം അവസാനിപ്പിച്ച് സ്ഥാനാർഥികളെ ഷാൾ അണിയിച്ചു. എല്ലാവർക്കും ഒരിക്കൽകൂടി അഭിവാദ്യമർപ്പിച്ച് മടക്കം. തുടർന്ന് ആശ്രാമം മൈതാനത്ത് വഴിയരികിൽ കാത്തുനിന്ന പ്രവർത്തകരെ കൈവീശിക്കാണിച്ച് ഹെലികോപ്ടറിലേക്ക്.