കുലശേഖരപുരം പഞ്ചായത്ത് സ്റ്റേഡിയം; സ്ഥലം തിരിച്ചെടുക്കണമെന്ന പരാതിയിൽ തീരുമാനം അറിയിക്കാൻ നിർദേശം
text_fieldsകുലശേഖരപുരം പഞ്ചായത്ത് സ്റ്റേഡിയം
കരുനാഗപ്പള്ളി: 17 വർഷം മുമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിന് വിട്ടുനൽകിയ പഞ്ചായത്ത് സ്റ്റേഡിയം വക സ്ഥലം തിരിച്ചെടുക്കണമെന്ന പരാതിയിൽ പഞ്ചായത്ത് സമിതിയുടെ തീരുമാനം അറിയിക്കണമെന്ന് തദ്ദേശസ്വയംഭരണ അദാലത് സമിതി നിർദേശിച്ചു.
കുലശേഖരപുരം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്റ്റേഡിയം വക ഭൂമിയിൽ നിന്നുമാണ് അഞ്ച് സെന്റ് സ്ഥലം 2006ല്‍ ലൈബ്രറി കെട്ടിട നിർമാണത്തിനായി നൽകിയത്. 1992ല്‍ കുലശേഖരപുരം പഞ്ചായത്ത് ഭരണസമിതി പതിനൊന്നിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് 87 സെന്റ് സ്ഥലം സ്റ്റേഡിയത്തിനായി വിലക്ക് വാങ്ങിയത്. എന്നാൽ, സ്റ്റേഡിയം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടി പിന്നീട് വന്ന ഭരണസമിതികൾ സ്വീകരിക്കാതെ നിലവിലുള്ള സ്റ്റേഡിയത്തിന് മുൻവശമുള്ള അഞ്ച് സെന്റ് സ്ഥലം ലൈബ്രറിക്കായി നൽകുകയും ചെയ്തു.
സ്പോർട്സുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പകരം കാർഷിക വിപണന ഷെഡ്, കുഴൽക്കിണർ, വാട്ടര്‍ ടാങ്ക് തുടങ്ങിയവക്കായി സ്റ്റേഡിയം ഭൂമി ഉപയോഗിച്ചതോടെ താലൂക്കിലെ ഏക പബ്ലിക് സ്റ്റേഡിയം എന്ന സ്വപ്നം ഇല്ലാതാവുകയാണ്. ദേശീയപാത വികസനം വന്നതോടെ വിട്ടുനല്‍കിയ ഭൂമിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തിനു ഹൈവേ അതോറിറ്റി നല്കിയ തുക ലൈബ്രറി കൗണ്‍സിലിന് നല്‍കിയതിലും പരാതി നിലനില്‍ക്കുകയാണ്. കുലശേഖരപുരം പൗരസമിതി പ്രസിഡന്റ് കെ.എസ്. സുധീർ അദാലത്തിൽ നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്ത് സമിതി ഇതുസംബന്ധമായ തീരുമാനം അറിയിക്കാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

