Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightകേണലിനെ ഇറക്കി,...

കേണലിനെ ഇറക്കി, 'ക്യാപ്റ്റനും' ഇറങ്ങി; എന്നിട്ടും ഉത്തരാഖണ്ഡിൽ പച്ചപിടിക്കാതെ ആം ആദ്മി

text_fields
bookmark_border
കേണലിനെ ഇറക്കി, ക്യാപ്റ്റനും ഇറങ്ങി; എന്നിട്ടും ഉത്തരാഖണ്ഡിൽ പച്ചപിടിക്കാതെ ആം ആദ്മി
cancel

ഡെറാഡൂൺ: അധികാരത്തിലേറാമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ലെങ്കിലും രാഷ്ട്രീയ കലുഷിതമായ ഉത്തരാഖണ്ഡിൽ നിർണായക ശക്തിയായി ഉയർന്നുവരാമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാർട്ടിയുടെ മോഹം. അധികാരത്തിലുള്ള ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും ആഭ്യന്തര കലഹങ്ങളാലും കൂടുമാറ്റങ്ങളാലും ഉഴലുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഉത്തരാഖണ്ഡിൽ എ.എ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തൽ.

കേണല്‍ അജയ് കോതിയാലിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി അവതരിപ്പിച്ചാണ് ആം ആദ്മി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടിയുടെ ക്യാപ്റ്റനായ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പ്രചാരണത്തിൽ സജീവ സാന്നിധ്യമാവുകയും ചെയ്തു. മുന്‍ കരസേനാംഗവും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിന്റെ മുന്‍ പ്രിന്‍സിപ്പലുമായ കേണല്‍ കോതിയാല്‍ ഈ വര്‍ഷം ഏപ്രിലിലാണ് എ.എ.പി.യില്‍ ചേര്‍ന്നത്. മികച്ച സൈനികന്‍ എന്നതിലുപരി സൈന്യത്തിലേക്ക് യുവാക്കളെ ചേര്‍ക്കുന്നതിന് കോതിയാലിന്റെ നേതൃത്വത്തില്‍ നല്‍കിയ പരിശീലനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇദ്ദേഹത്തെ നായകനായി അവതരിപ്പിക്കുന്നതിലൂടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാമെന്നായിരുന്നു കെജ്രിവാളിന്‍റെ കണക്കുകൂട്ടൽ. ഗംഗോത്രി മണ്ഡലത്തിലാണ് കോതിയാൽ സ്ഥാനാർഥിയായത്.




'സംസ്ഥാനത്തെ കൊള്ളയടിച്ച രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ വിടുതല്‍ ആഗ്രഹിക്കുന്നു. ജനങ്ങളെ സേവിക്കുന്ന, എന്നാല്‍ ഭരണകാലയളവില്‍ തന്റെ ഭണ്ഡാരപ്പെട്ടി നിറയ്ക്കാത്ത ഒരു സൈനികനെ തങ്ങളുടെ മുഖ്യമന്ത്രിയായി ലഭിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു'- എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാൾ പറഞ്ഞത്.

എന്നാൽ, ഫലം പുറത്തുവരുമ്പോൾ ഏറെ പിന്നിലായി മൂന്നാം സ്ഥാനത്താണ് അജയ് കോതിയാലുള്ളത്. ഗംഗോത്രിയിൽ ബി.ജെ.പിയുടെ സുരേഷ് സിങ് ചൗഹാൻ 6071 വോട്ടിന് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസിന്‍റെ വിജയ്പാൽ സിങ് സജ്വാനാണ് പിന്നിൽ. പുതിയ കണക്ക് വരുമ്പോൾ 3038 വോട്ടുകൾ മാത്രമാണ് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് നേടാനായിട്ടുള്ളൂ.




ഉത്തരാഖണ്ഡില്‍ വന്‍ വാഗ്ദാനങ്ങളുമായാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ചത്. ഇടയ്ക്ക് ഹിന്ദു കാർഡും പുറത്തെടുത്തു. ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആഗോള ആത്മീയ കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ, ബി.ജെ.പിയുടെ മുന്നേറ്റത്തിന് മുന്നിൽ ഇവയെല്ലാം നിഷ്പ്രഭമാകുകയായിരുന്നു. വോട്ട് ശതമാനത്തിലെ വർധന മാത്രമേ ഇനി ആപ്പ് ഉറ്റുനോക്കുന്നുള്ളൂ. കനത്ത മത്സരത്തിനൊടുവിൽ ബി.ജെ.പി അധികാരം നിലനിർത്തുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ, ഇതിനേക്കാൾ അനായാസമാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. നിലവിൽ ബി.ജെ.പി 42ഉം കോൺഗ്രസ് 25ഉം സീറ്റിലാണ് മുന്നിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhand election 2022assembly election 2022Ajay Kothiyal
News Summary - Uttarakhand election updates
Next Story