യു.പിയിൽ യോഗിയും അഖിലേഷും മാത്രം
text_fieldsഉത്തർപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളിൽ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിൽ നിന്ന് വളരെ അകലെയാണ്.
ഇതുവരെയുള്ള ഫല സൂചനകളിൽ വ്യക്തമാകുന്ന മറ്റൊരു കാര്യം കോൺഗ്രസും മായാവതിയുടെ ബി.എസ്.പിയും സംസ്ഥാനത്ത് കൂടുതൽ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ പോലും നേടാനാകാത്ത വിധം വിയർക്കുകയാണ് ബി.എസ്.പിയും കോൺഗ്രസും.
280 ഒാളം സീറ്റുകളിൽ ബി.ജെ.പി മുന്നിട്ട് നിൽക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ്.പി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് നാല് സീറ്റുകളിലും ബി.എസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവർ അഞ്ചു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
2017 ൽ 312 സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ അത്രയും മികച്ച പ്രകടനം നടത്താനായിട്ടുണ്ടോയെന്ന് വ്യക്തമാകാൻ ഫലം പൂർണമായും പുറത്തുവരുന്നത് വരെ കാത്തിരിക്കണം. കഴിഞ്ഞ തവണ 47 സീറ്റുണ്ടായിരുന്ന എസ്.പി ഇതിന്റെ ഇരട്ടിയിലധികം സീറ്റുകളിൽ ഇപ്പോൾ ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം, കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബി.എസ്.പി 3 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. ഏഴ് സീറ്റുണ്ടായിരുന്ന കോൺഗ്രസാകട്ടെ 4 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്. നേരത്തെ യു.പി ഭരിച്ച ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പിൽ വൻ തകർച്ച സംഭവിച്ചതിന്റെ സൂചനയാണ് പുറത്തു വരുന്നത്. റായ്ബറേലിയിലും അമേത്തിയിലുമടക്കം കോൺഗ്രസ് പിന്നിലാണ്.
മത്സരാന്ത്യത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും മാത്രം അവശേഷിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോഴുള്ളത്.