ബിഹാറിൽ ബി.ജെ.പി സഖ്യ സർക്കാറിനൊപ്പം; യു.പിയിൽ ശത്രുപക്ഷത്ത്
text_fieldsമുകേഷ് സഹാനി
ബാലിയ: ബിഹാറിൽ ബി.ജെ.പി സഖ്യ സർക്കാറിൽ അംഗമായ വികാസ് ഷീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) ഉത്തർപ്രദേശിൽ ശത്രുപക്ഷത്ത്. ബി.ജെ.പിയുടെ പരാജയമാണ് യു.പിയിൽ പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് വി.ഐ.പി അധ്യക്ഷനും ബിഹാർ മന്ത്രിസഭാംഗവുമായ മുകേഷ് സഹാനി പറഞ്ഞു.
പാർട്ടി സ്ഥാനാർഥികൾ മത്സരിക്കാത്ത ഇടങ്ങളിൽ എസ്.പി., ബി.എസ്.പി അല്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. നിഷാദ് സമുദായത്തിന് സംവരണം നൽകാതെ ബി.ജെ.പിയും കേന്ദ്ര സർക്കാറും കബളിപ്പിക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സംവരണം ഉറപ്പുനൽകാറുണ്ട്. പക്ഷെ, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവർ അക്കാര്യം മറക്കുകയാണ് പതിവ്. ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെതിരെ ശക്തമായ തിരിച്ചടി നൽകണം.
യു.പിയിൽ അവരെ പരാജയപ്പെടുത്താൻ കഴിയുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒരിക്കൽ അവർ പരാജയപ്പെട്ടാൽ നിഷാദ് സമുദായത്തിന്റെ ശക്തി മനസിലാക്കുമെന്നും സഹാനി കൂട്ടിച്ചേർത്തു.

