യു.പി വീണ്ടും ബി.ജെ.പിയെ വരിച്ചതെന്തുകൊണ്ട്?
text_fieldsലഖ്നോ: രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ യു.പിയിൽ ഏതാണ്ട് നാല് പതിറ്റാണ്ടിനോടടുത്ത പതിവ് തിരുത്തി അധികാരത്തിലിരുന്ന പാർട്ടി തുടർഭരണം പിടിച്ചിരിക്കുന്നു. എക്സിറ്റ് പോളുകളുടെ നിഗമനം ഏതാണ്ട് അതേപടി യാഥാർഥ്യമായിട്ടുണ്ട് ഇത്തവണ. ചരിത്രം തിരുത്തി ബി.ജെ.പി കൈവരിച്ച ഈ തകർപ്പൻ ജയത്തിന്റെ ക്രെഡിറ്റ് ആർക്കവകാശപ്പെട്ടതാണ്? 2014 മുതൽ ബി.ജെ.പി ജയിക്കുമ്പോഴെല്ലാം പറഞ്ഞുകേൾക്കുന്ന മോദി മാജിക്കാണോ ഇത്? അതോ യോഗിയുടെ കാർമികത്വത്തിൽ ചിട്ടയായി നടപ്പാക്കിവരുന്ന ഹിന്ദുത്വത്തിന്റെ നേട്ടമാണോ?
2017ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 403 സീറ്റുകളിൽ 312എണ്ണം (സഖ്യകക്ഷികളെക്കൂടി ചേർത്ത് 325) സ്വന്തമാക്കിയ ബി.ജെ.പിക്ക് ഇക്കുറി ആ സംഖ്യയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. എന്നിരിക്കിലും ഇപ്പോൾ നേടിയിരിക്കുന്നത് കനത്ത വിജയംതന്നെ. കഴിഞ്ഞ കുറി മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടി ദുർബലമായിരുന്നു. എന്നാൽ ഇത്തവണ അവർ കടുത്ത വെല്ലുവിളി ഉയർത്തിയാണ് തെരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പിന് നാലു മാസംമുന്നേ ചിട്ടയായ പ്രവർത്തനവും പ്രചാരണവുമായി സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ജനങ്ങളിലേക്കിറങ്ങിയിരുന്നു. തെക്കൻ യു.പിയിലെ ബുന്ദേൽഖണ്ഡ് ആകട്ടെ, വടക്കു പടിഞ്ഞാറൻ മേഖലയിലെ സഹാറൻപുർ ആകട്ടെ, കർഷക ബെൽറ്റായ പടിഞ്ഞാറൻ യു.പിയാകട്ടെ, പട്ടിണിക്കോട്ടയായ പൂർവാഞ്ചലാകട്ടെ സംസ്ഥാനത്തിന്റെ ഏതൊരു കോണിലും അഖിലേഷിന്റെ റാലികളിലും യോഗങ്ങളിലും ആവേശപൂർവമെത്തിയത് ആയിരങ്ങളാണ്.
രോഷാകുലരായ യുവതയായിരുന്നു അഖിലേഷിന്റെ റാലിയിലെത്തിയവരിൽ ഏറെയും. ഏറിവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും കുതിച്ചുകയറുന്ന വിലക്കയറ്റത്തെപ്പറ്റിയും വിവാദ കാർഷിക നിയമങ്ങളെക്കുറിച്ചും അലയുന്ന കാലികൾ വരുത്തുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം നേതാവ് പ്രസംഗിക്കവെ ജനം ചീറിവിളിച്ചു; തെരഞ്ഞെടുപ്പ് ചർച്ചയിൽ അതെല്ലാം വലിയ വിഷയങ്ങളുമായിരുന്നു. എന്തിനേറെ മോദിയുടെ മണ്ഡലമായ വാരാണസിയിലും യോഗിയുടെ തട്ടകമായ ഗോരഖ്പൂരിലും അഖിലേഷ് നടത്തിയ പര്യടനത്തിൽ പങ്കുചേരാൻ തടിച്ചുകൂടിയ ജനസഞ്ചയത്തെക്കണ്ട് രാഷ്ട്രീയ നിരീക്ഷകർക്കുപോലും ഒരുവേള കണ്ണുതള്ളിപ്പോയിരുന്നു. ആ ആവേശത്തെ വോട്ടുപെട്ടിയിലെത്തിക്കാൻ എസ്.പിക്കായില്ല.
അഖിലേഷിന്റെ മുന്നേറ്റം തടുത്തുനിർത്താനാകാത്തതിനാൽ പ്രചാരണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി മോദി നേരിട്ട് ഏറ്റെടുക്കുന്നുവെന്ന പ്രതീതി പോലുമുളവായിരുന്നു. വാരാണസിയിൽ മൂന്നു ദിവസം ക്യാമ്പ് ചെയ്താണ് പൂർവാഞ്ചൽ മേഖലയിൽ മോദിയുടെ നേതൃത്വത്തിൽ പ്രചാരണങ്ങൾ നടത്തിയത്. ഗോരഖ്പൂരിൽ പോലും പൊടുന്നനെ യോഗി ചിത്രങ്ങൾ കുറയുകയും മോദിയുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയരുകയും ചെയ്തതോടെ ഭരണകക്ഷിക്ക് അടിതെറ്റുന്നുവെന്ന ധാരണ പരന്നു.
സ്വാമി പ്രസാദ് മൗര്യ, ദാരാ സിങ് ചൗഹാൻ, ധരംസിങ് സൈനി തുടങ്ങി യാദവേതരായ പിന്നാക്ക വിഭാഗം നേതാക്കളെ ബി.ജെ.പിയിൽനിന്ന് അടർത്തി ഒപ്പം നിർത്താനും അഖിലേഷിന് കഴിഞ്ഞിരുന്നു. ഓരോ ജാതി വിഭാഗങ്ങളിലും വലിയ സ്വാധീനമുള്ള ഈ നേതാക്കളുടെ പാളയം മാറ്റം ബി.ജെ.പിയെ നന്നായി അസ്വസ്ഥപ്പെടുത്തിയിരുന്നു.
എന്നാൽ, കൂറുമാറി അഖിലേഷിനൊപ്പം ചേർന്ന മൂന്നു നേതാക്കളെക്കൊണ്ടും ഒരു കാര്യവുമുണ്ടായില്ലെന്ന് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വ്യക്തമായിരിക്കുന്നു. കൂട്ടത്തിൽ കൂടുതൽ കരുത്തനായി കണക്കാക്കപ്പെടുന്ന സ്വാമി പ്രസാദ് മൗര്യതന്നെ തോറ്റമ്പിയിരിക്കുന്നു. മറ്റു നേതാക്കൾക്ക് സ്വാധീനമുള്ള സമുദായങ്ങളും കൂട്ടമായി വോട്ടുചെയ്തത് ബി.ജെ.പിക്കാണ്. പിന്നാക്ക വിഭാഗങ്ങളിലെ വനിത വോട്ടർമാർ ബി.ജെ.പിയെ കാര്യമായി പിന്തുണച്ചതോടെ എസ്.പിക്ക് വിജയം അസാധ്യമായി. വനിത വോട്ടർമാരെ, പ്രത്യേകിച്ച് വീട്ടമ്മമാരെ പാട്ടിലാക്കാൻ സൗജന്യ റേഷൻ ഉൾപ്പെടെ പ്രധാനമന്ത്രിയുടെ ക്ഷേമപദ്ധതികൾക്ക് സഹായിച്ചുവെന്നുതന്നെ കണ്ടെത്താനാകും.
എന്തു പ്രതിബന്ധമുണ്ടായാലും തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാൻ തക്ക കരുത്തനെന്ന യോഗിയുടെ ബുൾഡോസർ പ്രതിച്ഛായയും ബി.ജെ.പിയുടെ ഇലക്ഷൻ നേട്ടത്തിന് ബലമേകിയിട്ടുണ്ട്. പ്രചാരണ വേളയിലുടനീളം 'ബുൾഡോസർ' ഒരു തുറുപ്പുശീട്ടുപോലെ ഉയർത്തിക്കാണിക്കപ്പെട്ടു. മുക്താർ അൻസാരിയെയും അതീഖ് അഹ്മദിനെയും പോലുള്ള ക്രിമിനലുകൾ അനധികൃതമായി കൈയടക്കിവെച്ച സ്വത്തുക്കൾ ഇടിച്ചുനിരത്തിയതിനെക്കുറിച്ച് യോഗിതന്നെ പല വേദികളിലും വാചാലനായി.
തന്റെ മഹിമ പറയൽ മാത്രമായിരുന്നില്ല, ആ പേരുകൾ ആവർത്തിച്ചു പറയുക വഴി ക്രിമിനലുകൾ ഒരു പ്രത്യേക സമുദായക്കാരാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് കൈമാറുകയായിരുന്നു മുഖ്യമന്ത്രി. ജിന്ന, അബ്ബാജാൻ, ഹിജാബ്, ഖബർസ്ഥാൻ എന്നിങ്ങനെ ഓരോ പ്രയോഗവും കൃത്യമായ ഉന്നമിട്ടായിരുന്നു. അതിനുള്ള നേട്ടം അവർ സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.
സമാജ്വാദി ഭരണകാലത്ത് കുത്തഴിഞ്ഞുപോയ ക്രമസമാധാന രംഗം ശക്തിപ്പെടുത്തി എല്ലാം നിയമവാഴ്ചക്കു കീഴിലാക്കിയെന്ന യോഗിയുടെ അവകാശ വാദവും ജനങ്ങൾ വിശ്വസിച്ചെന്നുവേണം കരുതാൻ. അതിനെ എടുത്തുപറഞ്ഞ് പ്രതിരോധിക്കാൻ ആവശ്യത്തിലേറെ സംഭവങ്ങളുണ്ടായിരുന്നു കഴിഞ്ഞ അഞ്ചാണ്ട് യു.പിയിൽ. പക്ഷേ, അത് ജനങ്ങളോട് പറഞ്ഞുഫലിപ്പിക്കാൻ അഖിലേഷിന് പറ്റിയില്ല. പഴയ കേടുപാടുകളെല്ലാം തീർത്ത പുത്തനൊരു സമാജ്വാദി പാർട്ടി എന്ന ആശയവും സ്വീകരിക്കപ്പെട്ടില്ല എന്നുവേണം വിലയിരുത്താൻ.
നേതൃഗുണവും ചുറുചുറുക്കും പ്രവർത്തകരുമെല്ലാമുണ്ടായിട്ടും അഖിലേഷിന് അകലെയായതെന്തു കൊണ്ടാണ്?
അതിനെയെല്ലാം മറികടക്കാൻ കെൽപ്പുള്ള മുർച്ചയും ചിട്ടയുമുണ്ടായിരുന്നു ബി.ജെ.പിയുടെ പ്രചാരണതന്ത്രങ്ങൾക്ക്. നുണയാകട്ടെ, അർധസത്യമാകട്ടെ തങ്ങളുടെ ആഖ്യാനങ്ങൾ ജനങ്ങളുടെ മനസ്സിലും മസ്തിഷ്കത്തിലും കൃത്യമായി പതിപ്പിക്കാൻ അവർക്കായി, അതിനുള്ള വിജയമാണ് അവരിപ്പോൾ ആസ്വദിക്കുന്നത്.