'ബി.ജെ.പിയെ ഇവിടെനിന്ന് പുറത്താക്കൂ; രാജ്യത്തുനിന്ന് ഞങ്ങൾ പുറത്താക്കാം' -യു.പി ജനതക്ക് മമതയുടെ വാഗ്ദാനം
text_fieldsലഖ്നോ: നിങ്ങൾ ബി.ജെ.പിയെ സംസ്ഥാനത്തുനിന്ന് പുറത്താക്കിയാൽ ഞങ്ങൾ അവരെ രാജ്യത്തുനിന്ന് തന്നെ പുറത്താക്കിത്തരാമെന്ന് ഉത്തർപ്രദേശുകാരോട് തൃണമൂൽ അധ്യക്ഷ മമത ബാനർജി. എല്ലാ പ്രാദേശിക പാർട്ടികളും ഒറ്റക്കെട്ടായി ബി.ജെ.പിയെ ഡൽഹിയിൽനിന്ന് പുറത്താക്കും. ഇത് ഞങ്ങളുടെ വാഗ്ദാനമാണെന്നും മമത പറഞ്ഞു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
ഇത്തവണ യു.പിയിൽ വോട്ട് വിഭജനം നടക്കില്ല. ബി.ജെ.പി അതിനായി ബംഗാളിൽ കഠിനമായി ശ്രമിച്ചിരുന്നു. പക്ഷേ, തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള നേർക്കുനേർ മത്സരമായി അത് ചുരുങ്ങി. ഇവിടെയും അത് എസ്.പി-ബി.ജെ.പി പോരാട്ടമായിരിക്കും. അതിൽ അഖിലേഷ് വിജയിച്ചുവരുമെന്നും മമത പറഞ്ഞു. ബംഗാളിന് ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുമെങ്കിൽ ഉത്തർപ്രദേശിനും അത് കഴിയും. യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നാൽ രാഷ്ട്രീയമായും സാമ്പത്തികമായും അദ്ദേഹം നിങ്ങളെ തിന്നുകളയും. അവന് ഒന്നും അറിയില്ല, അതിനാൽ അവൻ പോകുകയാണ്. പോകാൻ ആഗ്രഹിക്കുന്ന ഒരാളെ പോകാൻ അനുവദിക്കണം. -മമത പറഞ്ഞു.

