യോഗിയെ പോലെ കാവിയുടുപ്പിച്ച് ഒന്നര വയസുകാരി, കളിപ്പാട്ടമായി ബുൾഡോസർ; യു.പിയിൽ വിജയാഘോഷം ഇങ്ങിനെയൊക്കെയാണ്
text_fieldsലഖ്നോ: ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി ഭരണമുറപ്പിച്ചിരിക്കെ വിജയാഹ്ലാദത്തിലാണ് പ്രവർത്തകർ. കഴിഞ്ഞ തവണയെ അപേക്ഷിച്ച് സീറ്റെണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നതെങ്കിലും യു.പിയിൽ ആദ്യമായി ബി.ജെ.പിക്ക് ഭരണത്തുടർച്ച കിട്ടുന്നത് വലിയ ആഘോഷമാക്കുകയാണ് പ്രവർത്തകർ. ലഖ്നോവിലെ ബി.ജെ.പി ഒാഫീസിലടക്കം വിജയാഹ്ലാദത്തിനായി നിരവധിപേരാണ് എത്തിയിട്ടുള്ളത്.
വിജയാഹ്ലാദത്തിനായി എത്തിയവരിൽ ഒന്നര വയസുകാരി നവ്യയുമുണ്ട്. നവ്യയെ യോഗി ആദിത്യനാഥിനെ പോലെ ഉടുപ്പിച്ചും അണിയിപ്പിച്ചുമാണ് പിതാവ് ലഖ്നോ ഒാഫീസിലെത്തിച്ചത്. കാവിയുടുപ്പിച്ചും വലിയ രുദ്രാക്ഷമാല അണിയിച്ചും തല മുണ്ഡനം ചെയ്യിച്ചും യോഗിയുടെ ഒരു 'കൊച്ചു മാതൃക' പോലെ ഒരുക്കിയ നവ്യയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നവ്യയുടെ കൈയിലുള്ള കളിപ്പാട്ടവും യോഗിയുടെ പ്രസ്താവനകളെ ഒാർമിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ബുൾഡോസറാണ് കൊച്ചു നവ്യയുടെ കൈയിലുള്ളത്. മാർച്ച് 10 ന് ശേഷം പുറത്തിറക്കാനുള്ള ബുൾഡോസറുകൾ അറ്റകുറ്റപ്പണിയിലാണെന്ന യോഗിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചകൾക്കിടയായിക്കിയിരുന്നു.
അതേസമയം, കാര്യമെന്താണെന്ന് പോലും അറിയാത്ത കൊച്ചു നവ്യയുടെ മുഖത്ത് ആൾക്കൂട്ടം കണ്ടിട്ടുള്ള ഭയമാണുള്ളത്. കരച്ചിലിന്റെ വക്കിലുള്ള നവ്യയുടെ മുഖം ചിത്രത്തിൽ വ്യക്തമാണ്. ഇത് ചൂണ്ടികാട്ടി വിമർശനവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.