യു.പിയിൽ പുതിയ എക്സ്പ്രസ് വേ നിർമിച്ച ജില്ലകളിൽ ബി.ജെ.പിക്ക് വൻതിരിച്ചടി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാഘോഷം ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേ കടന്നുപോയ ജില്ലകളിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. യു.പിയിൽ ബി.ജെ.പി ഭരണം പിടിച്ചുവെങ്കിലും 341 കി.മീ പൂർവാഞ്ചൽ എക്സ്പ്രസ് വേ കടന്നുപോകുന്ന ഒമ്പത് ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളിൽ 35ഉം സമാജ്വാദി പാർട്ടി സഖ്യം പിടിച്ചു.
ബി.ജെ.പിക്ക് 19 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എസ്.പിക്ക് മാത്രം 32ഉം സഖ്യകക്ഷിയായ സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടിക്ക് (എസ്.ബി.എസ്.പി) മൂന്നും സീറ്റുകൾ കിട്ടി. ലഖ്നോ, ബാരാബങ്കി, അയോധ്യ, അമേത്തി, സുൽത്താൻപുർ, അംബേദ്കർ നഗർ, അഅ്സംഗഢ്, മോവ്, ഗാസിപുർ ജില്ലകളിലൂടെയാണ് എക്സ്പ്രസ് വേ കടന്നുപോകുന്നത്.
2017ൽ ബി.ജെ.പിക്ക് 35 സീറ്റുകൾ ലഭിച്ച ജില്ലകളാണിത്. ഇത്തവണ തെരഞ്ഞെടുപ്പിന് നാലു മാസം മുമ്പ് പ്രധാനമന്ത്രി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബി.ജെ.പി ഇത് വലിയ പ്രചാരണായുധമാക്കുകയും ചെയ്തു. എന്നാൽ, എക്സ്പ്രസ് വേ കടന്നുപോകുന്ന ഏഴു സീറ്റുകളുള്ള ഗാസിപുർ, 10 സീറ്റുകളുള്ള അഅ്സംഗഢ്, അഞ്ചു സീറ്റുകളുള്ള അംബേദ്കർ നഗർ എന്നീ ജില്ലകളിൽ ബി.ജെ.പി പച്ചെതാട്ടില്ല.
എല്ലാം പ്രതിപക്ഷ സഖ്യം തൂത്തുവാരി. ഓം പ്രകാശ് രാജ്ഭറിെൻറ എസ്.ബി.എസ്.പിയുമായുള്ള എസ്.പി സഖ്യവും രാം അചൽ രാജ്ഭർ, ലാൽജി വർമ എന്നീ ബി.എസ്.പി നേതാക്കളുടെ എസ്.പിയിലേക്കുള്ള വരവും പ്രതിപക്ഷത്തിന് ഈ മേഖലയിൽ ഗുണമായി.