നോയ്ഡ: ഉത്തർപ്രദേശിൽനിന്നുള്ള പ്രമുഖ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദ്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പൂർ സദർ മണ്ഡലത്തിൽ പോരിനിറങ്ങുന്നു. സ്വന്തം പാർട്ടിയായ 'ആസാദ് സമാജ് പാർട്ടി (കാൻഷിറാം)' സ്ഥാനാർഥിയായാണ് ആസാദ് മത്സരിക്കുന്നത്. ഖോരഗ്പൂർ സദറിൽ ആസാദിന്റെ സ്ഥാനാർഥിത്വം തീരുമാനിച്ചതായി പാർട്ടി ദേശീയ കോർ കമ്മിറ്റി അംഗം മുഹമ്മദ് ആഖിബ് വ്യാഴാഴ്ച അറിയിച്ചു.
ഭീം ആർമിയെന്ന അംബേദ്കറിസ്റ്റ് സംഘടനയുടെ സഹ സ്ഥാപകനും ദേശീയ അധ്യക്ഷനുമാണ് 35കാരനായ ചന്ദ്രശേഖർ ആസാദ്. മാർച്ച് മൂന്നിന് ആറാം ഘട്ടത്തിലാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. സമാജ്വാദി പാർട്ടിയുമായി സഖ്യചർച്ചകൾ നടത്തിയിരുന്നുവെന്നും രണ്ടു സീറ്റേ നൽകാനാവൂ എന്ന അഖിലേഷിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചർച്ച അവസാനിപ്പിച്ചുവെന്നും ചന്ദ്രശേഖർ ആസാദ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. സ്വാഭിമാനത്തിന്റെ പ്രശ്നമാണിതെന്നും മറ്റു പാർട്ടികൾക്ക് മുന്നിൽ സഖ്യസാധ്യത തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറയുന്നു.