അഖിലേഷും അസംഖാനും പാർലമെന്റ് അംഗത്വം രാജിവെച്ചു
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മുതിർന്ന നേതാവ് അസംഖാൻ എന്നിവർ ലോക്സഭാംഗത്വം രാജി വെച്ചു. അസംഗഡിൽ നിന്നുള്ള എം.പിയായ അഖിലേഷ് നിയമസഭ തെരഞ്ഞെടുപ്പിൽ കർഹാൽ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത്. റാംപൂരിൽനിന്നാണ് അസംഖാൻ നിയമസഭയിലേക്കും ജയിച്ചത്. ലോക്സഭ സ്പീക്കർ ഓം ബിർലക്ക് ഇരുവരും രാജിക്കത്ത് കൈമാറി.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പാകത്തിൽ സംസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് രാജിയുടെ പ്രധാന ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റും വോട്ടു ശതമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിഞ്ഞത് അഖിലേഷിനും പാർട്ടി പ്രവർത്തകർക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
യു.പി മുൻമുഖ്യമന്ത്രിയാണെങ്കിലും അഖിലേഷ് ഇതാദ്യമായാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നേരത്തേ നിയമസഭയിൽ എത്തിയത് ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായാണ്. അഖിലേഷിന്റെയും അസംഖാന്റെയും രാജിയോടെ, മുലായംസിങ് യാദവ് അടക്കം മൂന്നുപേരാണ് സമാജ്വാദി പാർട്ടിക്ക് ലോക്സഭയിൽ ഇനിയുള്ളത്.