ഗോവ: തൃണമൂലിനെ വീർപ്പുമുട്ടിച്ച് ചർച്ചിൽ
text_fieldsമുംബൈ: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ വീർപ്പുമുട്ടിച്ച് ചർച്ചിൽ അലെമാവൊ. മകളുൾപ്പെടെ താനുമായി ബന്ധപ്പെട്ടവർക്ക് ടിക്കറ്റിനായി സമ്മർദം ചെലുത്തുന്നതാണ് വിഷയം. മറ്റൊരു നേതാവായ മുൻ മുഖ്യമന്ത്രി ലൂയിസീഞൊ ഫലീറൊയുടെ മേൽ ആധിപത്യം നേടാനാണ് ചർച്ചിലിന്റെ ശ്രമമെന്നാണ് നിരീക്ഷണം.
കോൺഗ്രസ് വിട്ട് പാർട്ടിയിൽ ചേർന്ന ഫലീറൊക്ക് തൃണമൂൽ രാജ്യസഭ സീറ്റ് നൽകി. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ നവേലിമിൽ അദ്ദേഹം മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. അലെമാവോ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഈ മണ്ഡലത്തിൽ മകൾ വലങ്ക അലെമാവൊയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. വലങ്ക മണ്ഡലത്തിൽ പ്രചാരണം തുടങ്ങുകയും ചെയ്തു. ക്രിമിനൽ കേസുള്ളവരെ മത്സരിപ്പിക്കാൻ ചർച്ചിൽ ശ്രമിക്കുന്നതാണ് തൃണമൂൽ നേരിടുന്ന മറ്റൊരു പ്രശ്നം. അതേസമയം, വർഗീയശക്തികളോടും മൂല്യങ്ങൾ കാറ്റിൽപറത്തി പാർട്ടിക്കൂറ് മാറിയവരോടും ജാഗ്രത പുലർത്താൻ ക്രൈസ്തവരോട് സാമൂഹിക നീതി, സമാധാന കൗൺസിൽ (സി.എസ്.ജെ.പി) നിർദേശം നൽകി. കൗൺസിൽ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളിലാണ് നിർദേശം.
രണ്ടു ക്രൈസ്തവ ഭൂരിപക്ഷ മണ്ഡലങ്ങൾ ഒഴിച്ചിട്ട ബി.ജെ.പി 38 സീറ്റുകളിലാണ് മത്സരിക്കുന്നത്. ആദ്യ സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി ഗോവ അധ്യക്ഷൻ സദാനന്ദ് ഷേട്ട് തനാവഡെ പറഞ്ഞു. സ്ഥാനാർഥിയാകാൻ ഒന്നിലധികം പേർ രംഗത്തുള്ള മണ്ഡലങ്ങളുടെ പട്ടിക പിന്നീടാകും പ്രഖ്യാപിക്കുക. ടിക്കറ്റിനെ ചൊല്ലി ബി.ജെ.പി നേതൃത്വവുമായി ഉടക്കിയ മുൻ മുഖ്യമന്ത്രി മോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറെ ഡൽഹി മുഖ്യമന്ത്രി ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

