Begin typing your search above and press return to search.
exit_to_app
exit_to_app
മകൻ പഠിക്കാൻ പോയാൽ ആര് തെങ്ങുകയറും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ ഡോക്ടറേറ്റ്
cancel
Homechevron_rightCareer & Educationchevron_rightCareer Specialchevron_right'മകൻ പഠിക്കാൻ പോയാൽ...

'മകൻ പഠിക്കാൻ പോയാൽ ആര് തെങ്ങുകയറും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ ഡോക്ടറേറ്റ്'

text_fields
bookmark_border

തെങ്ങുകയറ്റക്കാരൻ ചന്ദ്രന്‍റെ മകൻ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ പി.ജി പഠനത്തിന് പോകുമ്പോൾ ചിലർ ചോദിച്ചു, 'മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാൽ കൂടുമോ?'. പി.ജി കഴിഞ്ഞ ശേഷം രാജ്യത്തെ തന്നെ മുൻനിര സ്ഥാപനങ്ങളിലൊന്നായ മദ്രാസ് ഐ.ഐ.ടിയിൽ ഗവേഷണത്തിന് ചേർന്നപ്പോഴും പലരും ചോദ്യവുമായെത്തി, 'ചന്ദ്രന്‍റെ മകൻ വല്യ പഠിത്തം പഠിക്കാൻ പോയി എന്ന് കേട്ടല്ലോ... അവൻ പഠിക്കാൻ പോയാൽ തെങ്ങുകയറുന്ന തൊഴിലൊക്കെ ഇനി ആര് ചെയ്യും. അവൻ പഠിച്ച് കലക്ടർ ആവുമെന്ന് തോന്നുന്നുണ്ടോ' -ചോദ്യങ്ങളിലൊക്കെയും നിറഞ്ഞു നിന്നത് പരിഹാസമായിരുന്നു. അതിനെല്ലാം മറുപടിയായി പേരിനു മുന്നിൽ 'ഡോക്ടർ' പദവി കുറിച്ചിട്ടിരിക്കുകയാണ് ജിതിൻ. കോഴിക്കോട് നാദാപുരത്തിനടുത്ത് മുള്ളമ്പത്ത് എന്ന സാധാരണ ഗ്രാമത്തിൽ നിന്നും കഠിന പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും ജിതിൻ നടന്നുകയറിയത് ഉയരങ്ങളിലേക്കാണ്.

കലക്ടറായില്ലെങ്കിലും മകൻ ഡോക്ടറായെന്ന് ഇനി അഭിമാനത്തോടെ അച്ഛന് പറയാം -പിച്ച്.ഡി ബിരുദം സമ്മാനിച്ചുകൊണ്ട് ഐ.ഐ.ടിയിൽ നിന്നും അറിയിപ്പ് വന്നതിന് പിന്നാലെ ജിതിൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു മധുരപ്രതികാരത്തിനപ്പുറം തനിക്കിത് അടിയാള വർഗക്കാരുടെയും അധ:സ്ഥിത വിഭാഗക്കാരുടെയും നേട്ടമായാണ് അടയാളപ്പെടുത്താൻ കഴിയുന്നതെന്ന് ജിതിൻ പറയുന്നു. ഒരുപാട് ജിതിനെ സൃഷ്ടിക്കാനുള്ള പ്രചോദനമായി തന്‍റെ നേട്ടത്തെ കാണാനാണിഷ്ടം. അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്‍റെ മകനാണ് ഞാൻ. ചെറുപ്പം മുതലേ ഞാൻ കാണുന്നതാണ് അച്ഛന്‍റെ അധ്വാനം. അവരെയാണ് ഞാൻ അഭിനന്ദിക്കുന്നത് -അച്ഛന്‍റെയും അമ്മയുടെയും ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് ജിതിൻ പറയുന്നു.


ജിതിന്‍റെ അമ്മ അജിത, അച്ഛൻ ചന്ദ്രൻ എന്നിവർ


വടകര മടപ്പള്ളി ഗവ. കോളജിലായിരുന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം. ശേഷം പോണ്ടിച്ചേരിയിൽ ബിരുദാനന്തര ബിരുദം. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് 'Foreign Direct Investment in Services: Issues and Implications for Emerging Economies' എന്ന വിഷ‍യത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

ഇത് ഞങ്ങളുടെ കൂടെ ഇടമാണെന്ന് ലോകത്തോട് പറയണം. നമ്മൾ കൂടി ആണ് ഇനി കാലത്തിന്‍റെ ഗതി നിർണയിക്കാൻ പോകുന്നത്. ഇന്നലത്തെ ഉന്നതരെ അവരുടെ സുപ്പീരിയർ അഭിമാന ബോധത്തിൽ നിന്നും മാത്രമല്ല, അവർക്കതു നൽകിയ ഘടനയിൽ നിന്നും കൂടിയാണ് നാം ചവിട്ടി പുറത്താക്കേണ്ടത്. അതുകൊണ്ടു തന്നെ നമ്മൾ ഒരിക്കലും ഭൂതകാലത്തിന്‍റെ സങ്കടമല്ല, മറിച്ച് ഭാവിയുടെ നിർമാതാക്കളാണ് -ജിതിൻ പറയുന്നു.

ജിതിൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം...

ഇതെഴുതുന്നതിനു മുന്നേ തന്നെ പറയാം അന്നും ഇന്നും എന്നും കൂലിപ്പണിക്കാരനായ തെങ്ങുകയറ്റക്കാരന്‍റെ മകൻ ആണ് ഞാൻ. Preethi Madambi ചേച്ചിയുടെ ഒരു എഴുത്ത് ശ്രദ്ധയിൽ പെട്ടതാണ് ഇങ്ങനെ ഒന്നെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അതിനുള്ള കാരണം എന്നത് അവര് പറഞ്ഞ എല്ലാ കാര്യങ്ങളും എന്‍റെ ജീവിതത്തിലും സംഭവിച്ചതാണ്. അതിലുപരി ഞങ്ങളുടെ രണ്ടാളുടെയും Supporting Pillar ഒരാളായാണ് കൊണ്ടുമാണ് -അതായത് അച്ഛൻ.


എന്‍റെ വിദ്യാഭ്യാസം എന്നത് ഒരു ഒഴുക്കിൽ സംഭവിച്ച കാര്യമാണ്. ഇതുവരെ നടന്നതൊന്നും മുൻകൂട്ടി തീരുമാനിച്ചു നടപ്പിലാക്കിയതൊന്നുമല്ല. എല്ലാം ഒരു ഒഴുക്കിൽ ഒഴുകി എത്തിയതാണ്. എന്തിനേറെ പറയുന്നു ഈ ഡോക്ടറേറ്റ് പോലും ആ ഒഴുക്കിന്‍റെ ഭാഗം ആണ്.


ചെറുപ്പം മുതലേ ഞാൻ കാണുന്നതാണ് അച്ഛന്റെ അധ്വാനം. ഞാൻ പോണ്ടിച്ചേരിയിൽ എന്റെ പിജി വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ നാട്ടിലെ ചില പ്രമാണിമാർ അച്ഛനോട് ചോദിക്കുകയുണ്ടായി " മകനെ ഇങ്ങനെ വല്യ പഠിത്തത്തിനൊക്കെ വിടണോ? ഇതൊക്കെ നിന്നെക്കൊണ്ടു കൂട്ടിയാൽ കൂടുമോ? എന്നാൽ അന്ന് അച്ഛൻ തിരിച്ചു പറഞ്ഞ ആ മറുപടി "എന്നെകൊണ്ട് ആവുന്നത് വരെയും അവനു തോന്നുന്ന വരെയും അവൻ പഠിക്കട്ടെ എന്ന്" അതാണ് എന്നെ മുന്ന്നോട്ടു നയിക്കാൻ പ്രേരിപ്പിച്ചത്.


പിന്നെ കേട്ട ഒന്നാണ് ഇതെന്താ ചന്ദ്രാ ഇൻജെ ചെക്കൻ വല്യ പഠിത്തം പഠിക്കാൻ പോയി എന്ന് കേട്ടല്ലോ... അവൻ പഠിക്കാൻ പോയാൽ ഇൻജെ ശേഷം ഇൻജെ തൊഴിലൊക്കെ ഇനി ആര് ചെയ്യും. ഇപ്പൊ ആകുമ്പോൾ തെങ്ങു കയറാൻ നല്ല കാശും ഉണ്ടല്ലോ. മോനോട് ഇത് തന്നെ നോക്കാൻ പറഞ്ഞൂടാരുന്നോ... വെറുതെ നീ എന്തിനാ അവനെ പുറത്തൊക്കെ വിട്ടു പഠിപ്പിക്കുന്നെ. അവൻ പഠിച്ചു വല്യ കലക്ടർ ആകും എന്ന് തോന്നുന്നുണ്ടോ? എന്ന് പറഞ്ഞു അവരുടെ ജാതിതൊണ്ടയിൽ നിന്നുള്ള നെടുവീർപ്പുകൾ... ഇവന്മാര് കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ല. ഇപ്പോഴും ജാതിപ്പേരുമായും കുലത്തൊഴിലും പറഞ്ഞു നടക്കുവാ.. കള്ള് ചെത്തുകാരന്‍റെ മോൻ മുഖ്യമന്ത്രി ആയതും കേരളം ഭരിക്കുന്നതും ഒന്നും ഇവര് അറിഞ്ഞിട്ടില്ല. നമ്മൾ പഠിക്കുകേം ഭരിക്കുകയും ചെയ്യും. എന്നിട്ടു ഉറക്കെ വിളിച്ചു പറയുകേം ചെയ്യും, ഞങ്ങൾ കള്ള് ചെത്തുകാരന്‍റെയും തെങ്ങുകയറ്റക്കാരന്‍റെയും അല്ലേൽ കൂലിപ്പണിക്കാരന്‍റെയും മക്കൾ ആണെന്ന്.


ഇനി എന്‍റെ അച്ഛന് അവരോടു തല ഉയർത്തി തന്നെ പറയാം കളക്ടർ ആയില്ലേലും എന്‍റെ മകൻ ഡോക്ടർ ആയെന്നു...
എന്നാൽ ഒരു സ്വീറ്റ് റെവെൻജ് എന്നതിലുപരി എനിക്കിത് അടിയാള വർഗ്ഗക്കാരുടെയും, അധ:സ്ഥിത വിഭാഗക്കാരുടെയും നേട്ടമായാണ് അടയാളപ്പെടുത്താൻ കഴിയുന്നത്. അതിലൂടെ ഒരുപാടു ജിതിനെ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഒരു പ്രചോദനമായി നോക്കിക്കാണാനാണ് എനിക്കിഷ്ടം. ഇത് ഞങ്ങളുടെ കൂടെ ഇടമാണ്. ഇനിയുള്ള കാലങ്ങൾ ഞങ്ങളുടെയും നിങ്ങളുടെയും പുരോഗമനമായാണ് വീക്ഷിക്കേണ്ടത്.


നമ്മൾ കൂടി ആണ് ഇനി കാലത്തിന്‍റെ ഗതി നിർണയിക്കാൻ പോകുന്നത്. ഇന്നലത്തെ ഉന്നതരെ അവരുടെ സുപ്പീരിയർ അഭിമാന ബോധത്തിൽ നിന്നും മാത്രമല്ല അവർക്കതു നൽകിയ ഘടനയിൽ നിന്നും കൂടി ആണ് നമ്മൾ ചവിട്ടി പുറത്താക്കേണ്ടത്. അതുകൊണ്ടു തന്നെ നമ്മൾ ഒരിക്കലും ഭൂതകാലത്തിന്‍റെ സങ്കടമല്ല മറിച്ച് ഭാവിയുടെ നിർമാതാക്കളാണ്....
Congrats both of you❤

Show Full Article
TAGS:success story jithin zulkia 
Next Story