Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightവിറങ്ങലിച്ച്​...

വിറങ്ങലിച്ച്​ കൂട്ടിക്കൽ; 1957ൽ ടൗൺ തകർന്നതും ഇതുപോലൊരു ശനിയാഴ്ചപ്പെയ്​ത്തിൽ

text_fields
bookmark_border
koottickal flood old story
cancel
camera_alt1. 1957ലെ വെള്ളപ്പൊക്കത്തിനുശേഷം തകർന്ന കൂട്ടിക്കൽ ടൗൺ 2. 2021 ഒക്​ടോബർ 16ന്​ വെള്ളം കയറിയ കൂട്ടിക്കൽ ടൗൺ

കലങ്ങിമറിഞ്ഞ്​ കുത്തിയൊഴുകുന്ന വെള്ളമാണെങ്ങും. വഴിയേത്​ പുഴയേത്​ എന്നറിയാത്ത വിധമുള്ള മലവെള്ളപ്പാച്ചിൽ. മലയോര സൗന്ദര്യത്തിന്‍റെ ചിരിതൂകി ഒഴുകുന്ന പുല്ലകയാറിനെ ഇത്ര കലിതുള്ളി ഇതുവരെ കൂട്ടിക്കലുകാർ കണ്ടിട്ടില്ല. രൗദ്രഭാവം പൂണ്ട്​, കണ്ണിൽ കണ്ടതിനെയെല്ലാം കവർന്നെടുത്ത്​, പുല്ലകയാർ കരകവിഞ്ഞൊഴുകിയതിന്‍റെ ദുരിതക്കാഴ്​ചകളുടെ വിറയൽ അവരിൽനിന്ന്​ വിട്ടുമാറിയിട്ടില്ല ഇനിയും. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന കുടുംബങ്ങളാണ്​ ഉരുൾപൊട്ടലിൽ ഒലിച്ചുപോയും തകർന്ന വീടവശിഷ്​ടങ്ങൾക്കടിയിൽപ്പെട്ടും കൂട്ടിക്കലുകാരുടെ മനസ്സിൽ കണ്ണീർമഴ പെയ്യിക്കുന്നത്​. മൂന്ന്​ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും പുറത്തെടുക്കാൻ പോലുമാകാത്ത നിസ്സഹായത. കുട്ടികളടക്കമുള്ള 14 പേരെ ഇനിയും ക​​ണ്ടെത്താനാകാത്തതിന്‍റെ നോവും.

2021 ഒക്​ടോബർ 16നുണ്ടായ മഴയിൽ വെള്ളം കയറിയ കൂട്ടിക്കൽ ടൗൺ

ഉരുൾപൊട്ടി പുല്ലകയാറിലെ ജലനിരപ്പുയർന്ന്​ ചപ്പാത്ത്​ പാലം മൂടി വെള്ളമൊഴുകുന്നത്​ കൂട്ടിക്കലിലെ പതിവ്​ മഴക്കാലക്കാഴ്ചയാണ്​. മലവെള്ളം ടൗണി​ലെ കടകളെ വിഴുങ്ങിയൊഴുകുന്നത്​ ആറ്​ ദശകത്തിനിടെ കണ്ടതായി ആരുടെയും ഓർമയിലില്ല. എന്നാൽ, 1957ലെ വെള്ളപ്പൊക്കം ശനിയാഴ്ച​ത്തേതിന്​ സമാനമായിരുന്നെന്ന്​ ഓർത്തെടുക്കുകയാണ്​ കൂട്ടിക്കലിലെ പഴമക്കാർ. ശനിയാഴ്ച ഉരുൾപൊട്ടിയ പ്ലാപ്പള്ളി, കാവാലി, ഇളങ്കാട്​, ഉറുമ്പിക്കര എന്നിവിടങ്ങളിലൊക്കെ അന്നും ഉരുൾപൊട്ടി. 1957ലെ വെള്ളപ്പൊക്കവുമായി മറ്റൊരു സമാനത കൂട്ടിക്കലിന്‍റെ ചരിത്രക്കുറിപ്പുകളിലൂടെ ശ്രദ്ധേയനായ സത്യാനന്ദൻ ചിലമ്പിൽ ചൂണ്ടിക്കാട്ടുന്നു-'കൂട്ടിക്കൽ ടൗണിനെ തകർത്തുകളഞ്ഞ വെള്ളപ്പൊക്കം 1957 ജൂലൈ ആണോ ആഗസ്റ്റ്​ ആണോ എന്ന്​ കൃത്യമായി ഓർമയില്ല. ഒന്നു ഉറപ്പായും ഓർമയുണ്ട്. അന്നൊരു ശനിയാഴ്ച ആയിരുന്നു'.

1957ലെ വെള്ള​പ്പൊക്കത്തിൽ തകർന്ന കൂട്ടിക്കൽ ടൗൺ സന്ദർശിക്കാൻ അന്നത്തെ പൊതുമരാമത്ത്​ മന്ത്രി അബ്​ദുൽ മജീദ്​ എത്തിയപ്പോൾ

കാക്കകൾ മഴയത്ത്​ ഇര തേടി ഇറങ്ങിയ നാൾ

അന്ന്​ രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടി കിടന്നിരുന്നു എന്ന്​ സത്യാനന്ദൻ ഓർ​ത്തെടുക്കുന്നു. ഏതോ വൻ ദുരന്തം മുൻകൂട്ടി കണ്ടതുപോലെ കാക്കകൾ മഴയത്തു ഇര തേടിയിറങ്ങിയിരുന്നു അന്ന്​. മഴയത്തു കാക്ക ഇരതേടി ഇറങ്ങിയാൽ മഴ തോരില്ല എന്ന കാരണവന്മാരുടെ വിശ്വാസം അരക്കിട്ട്​ ഉറപ്പിക്കും പോലെയായിരുന്നു അന്ന്​. ഉച്ച തോർച്ച എന്നു സാധാരണ പറയുന്ന ശമനം പോലും അന്ന് മഴക്ക് ഉണ്ടായില്ല, എന്നു മാത്രമല്ല കൂടുതൽ കൂടുതൽ ശക്തമാകാനും തുടങ്ങി. സന്ധ്യയായപ്പോഴേക്കും പുല്ലകയാറും കൊക്കയാറും നിറഞ്ഞൊഴുകാൻ തുടങ്ങി. ഉറുമ്പിക്കരയിൽ ഉരുൾ പൊട്ടി എന്ന കരക്കമ്പിക്ക്​ ആരും വലിയ ഗൗരവം കൊടുത്തില്ല. അതിനുമുമ്പും ചില ഉരുളുകൾ ഒക്കെ പൊട്ടി വെള്ളം പൊങ്ങിയിട്ടുള്ളതുകൊണ്ടായിരുന്നു അത്​. രാത്രി 10 ആയിട്ടും മഴക്ക് ഒരു ശമനവും ഇല്ല.

ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ ഉണ്ടായാത്​ മ്ലാക്കര, ഇളങ്കാട്, ഒളയനാട് മേഖലകളിൽ ആണ്. എന്തായാറ്റിലെ തൂക്കുപാലം ഒഴുകിപോയതോടെ അക്കരെയിക്കര കടക്കാൻ നിവൃത്തിയില്ലാതെ പല വീട്ടുകാരും ഒറ്റപ്പെട്ടു. കൂട്ടിക്കൽക്കാർക്കും സുപരിചിതനായിരുന്ന ഏന്തയാറ്റിലെ ജോണിക്കുട്ടി ഭാഗവതരുടെ കുടുംബത്തിൽ ഒരു ആൺകുട്ടിയൊഴികെ ബാക്കി എല്ലാവരും ഒഴുക്കിൽപ്പെട്ടു മരിച്ചു. ജോണിക്കുട്ടി ഭാഗവതർ അന്ന് സ്ഥലത്തില്ലാതിരുന്നത്​ കൊണ്ട്​ രക്ഷപ്പെട്ടു. ഒഴുക്കിൽപ്പെട്ട കുട്ടി ഒരു പാറപ്പുറത്തു കരഞ്ഞുകൊണ്ടിരിക്കുന്നതാണു രാവിലെ അന്വേഷിച്ചിറങ്ങിയവർ കണ്ടത്. സാലി എന്ന ആ കുട്ടിക്ക്​ ഇന്ന്​ 65 വയസ്സുണ്ട്​. ഇപ്പോൾ കോഴിക്കോട്​ ബിസിനസുകാരനായി കഴിയുന്നതായാണ്​ വിവരം.


1957ലെ വെള്ളപ്പൊക്കത്തിൽ തകർന്ന കൂട്ടിക്കൽ ടൗണിലെ കടകൾ

കൂട്ടിക്കൽ ഭാഗത്ത്​ ആൾനാശം ഉണ്ടായില്ലെങ്കിലും കനത്ത നാശനഷ്​ടങ്ങളാണ്​ ആ വെള്ളപ്പൊക്കം വരുത്തിവച്ചത്. കാവാലി, പ്ലാപ്പള്ളി ഭാഗത്തുനിന്നും ചെറുതും വലുതുമായ നിരവധി ഉരുളുകൾ പൊട്ടി. താളുങ്കൽ തോട്ടിലൂടെ ഒഴുകിവന്ന വെള്ളം കൂട്ടിക്കൽ പാലത്തിനു സമീപം എത്തിയപ്പോൾ ഏന്തായാറിൽനിന്ന്​ കരകവിഞ്ഞൊഴുകിവന്ന വെള്ളത്തിന്‍റെ സമ്മർദ്ദം കൂടിയായപ്പോൾ മുകളിലേക്കു തള്ളാൻ തുടങ്ങി. അതിന്‍റെ ഫലമായി ആറ്റുതീര​​ത്തെ കടകളിലൊക്കെ വെള്ളം കയറി. പാലത്തോട് ചേർന്നിരുന്ന ആനന്ദവിലാസം ഹോട്ടൽ, കൊച്ചേട്ടന്‍റെ കട, ഹിൽവ്യൂ എന്നിവിടങ്ങളിലൊക്കെ വെള്ളം കയറി.

പൊട്ടംകുളം ഇട്രാച്ചൻ മുതലാളിയുടെ തോട്ടത്തിൽ രണ്ട്​ ഉരുളുകൾ പൊട്ടിയുണ്ടായ വെള്ളം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള തോട്ടിൽ കൂടി ഒഴുകിവന്ന്​ ആറ്റിലേക്ക്​ പോകാതെ ടൗണിലേക്ക് ഒഴുകാൻ തുടങ്ങി. ഇതോടെ രണ്ടു ഭാഗത്തുനിന്നുമുള്ള വെള്ളത്തിന്‍റെ സമ്മർദ്ദം മൂലം ചന്ത മുങ്ങി. പിറ്റേദിവസം കശാപ്പ്​ ചെയ്യാൻ നിർത്തിയിരുന്ന പേൽ റാവുത്തരുടെ 50ൽ പ്പരം ആടുകൾ കെട്ടിൻ ചുവട്ടിൽ തന്നെ ചത്തു മലച്ചു. വള്ളക്കടവ് ഭാഗത്തു ആറ്റുതീരത്തിരുന്ന തമ്പികുട്ടി അണ്ണന്‍റെ കട, സേട്ടു മാമയുടെ കട എന്നിവ അടിയോടെ തകർന്നു ആറ്റിൽ പതിച്ചു. റോഡിന്‍റെ മറുഭാഗത്തുള്ള കടകൾ തകർന്നില്ലെങ്കിലും സർവസാധനങ്ങളും നനഞ്ഞു കുതിർന്നു നശിച്ചു. ടൗണിൽ അന്ന് പൊട്ടംകുളംകാരുടെ വക രണ്ടുനില കെട്ടിടം ഒഴികെ ആറ്റുതീരത്തുണ്ടായിരുന്ന മിക്ക കെട്ടിടങ്ങളും പൂർണമായോ ഭാഗികമായോ തകർന്നു.

1957ലെ വെള്ളപ്പൊക്കത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവർ

അന്ന് പണി പൂർത്തിയായി ആറുമാസം പോലും കഴിയാത്ത പഴയ ചപ്പാത്ത്​ കല്ല് പോലും അവശേഷിക്കാതെ ഒലിച്ചു പോയി. ഇന്ന്​ കൂട്ടിക്കൽ പഞ്ചായത്ത് വക സ്വാഗത ബോർഡ് വെച്ചിരിക്കുന്ന ഭാഗം മുതൽ ഇങ്ങോട്ട് ആറ്റുതീരത്ത്​ ഇരുന്ന അപൂർവം ചില വീടുകൾ ഒഴികെ ബാക്കി ഉള്ളത് മുഴുവൻ തകർന്നു. വീട്ടുകാർക്ക്​ ഉടുത്തിരുന്ന വസ്ത്രങ്ങൾ അല്ലാതെ ബാക്കിയുള്ളവ സർവതും നഷ്​ടപ്പെട്ടു. മിക്കവരും സി.എം.എസ്‌ സ്കൂളിൽ അഭയം പ്രാപിച്ചു.

2021 ഒക്​ടോബർ 16നുണ്ടായ മഴയിൽ വെള്ളം കയറിയ കൂട്ടിക്കൽ ടൗൺ

ടൗണിന്‍റെ കാര്യം അതീവ കഷ്​ടം ആയിരുന്നു. ഹിൽവ്യൂ ഹോട്ടൽ മുതൽ പൊട്ടംകുളംകാരുടെ ഇരുനിലകെട്ടിടം വരെ ആറ്റുതീരത്തിരുന്ന മുഴുവൻ കടകളും വരാന്ത ഒഴികെയുള്ള ഭാഗം തകർന്നു ആറ്റിലേക്ക്​ മറിഞ്ഞു. പലചരക്കു സാധനങ്ങളും ചെളിയും ചേറും എല്ലാം കൂടി കുഴഞ്ഞുമറിഞ്ഞു റോഡ് താറുമാറായി. ഉച്ചക്ക്​ അന്നത്തെ പൊതുമരാമത്തു മന്ത്രി അബ്​ദുൽ മജീദ് കൂട്ടിക്കൽ സന്ദർശിച്ചു. മുണ്ടക്കയം വില്ലേജ് ഓഫീസറും മറ്റും മുൻകൈ എടുത്തു വീട് നഷ്​ടപ്പെട്ടവർക്കുവേണ്ടി സി.എം.എസ്‌ സ്കൂളിൽ താത്കാലിക ക്യാമ്പ് ഒരുക്കി.ചെളിയും ധാന്യങ്ങളും കൂടിക്കുഴഞ്ഞു ചീഞ്ഞുനാറിയ ടൗണും പരിസരങ്ങളും വൃത്തിയാക്കാൻ ആഴ്ചകൾ വേണ്ടിവന്നു. പിന്നെയും മാസങ്ങളെടുത്താണ്​ കൂട്ടിക്കൽ ടൗൺ പുതുക്കി പണിതത്​.

(ചിത്രങ്ങൾക്ക്​ കടപ്പാട്​: അൻവർഖാൻ കൂട്ടിക്കൽ, അഭിലാഷ്​ ഇൽമോനെറ്റ്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodkoottickalheavy rain
News Summary - Old generation of Koottickal in memory of 1957 flood
Next Story