യൂട്ടക്കും റൊമേനിയക്കും ശേഷം കാലിേഫാർണിയയിലെ പർവതമുകളിലും 'നിഗൂഢ' ലോഹസ്തംഭം!
text_fieldsകാലിഫോർണിയയിലെ അറ്റാസ്കഡെറോ പർവതത്തിന് മുകളിൽ കണ്ടെത്തിയ നിഗൂഢ ലോഹസ്തംഭം
വാഷിങ്ടൺ: യു.എസിലെ യൂട്ട മരുഭൂമിയിലും റൊമേനിയയിലെ മലനിരകളിലും കണ്ടെത്തുകയും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തതിന് സമാനമായ നിഗൂഢ ലോഹസ്തംഭം ഇപ്പോൾ കാലിഫോർണിയയിലെ പർവതമുകളിലും! കാലിഫോർണിയയിലെ അറ്റാസ്കഡെറോ പർവതത്തിന് മുകളിലാണ് ലോഹസ്തംഭം കണ്ടെത്തിയത്. ഇതോടെ നിഗൂഢ ലോഹസ്തംഭം സംബന്ധിച്ച ദുരൂഹത വർധിക്കുകയാണ്.
യൂട്ടയിലും റൊമേനിയയിലും കണ്ടെത്തിയ ലോഹസ്തംഭത്തിനു പിന്നാലെയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ. അതിനിടെയാണ് പുതിയ സംഭവം കാലിഫോർണിയയിൽ റിപ്പോർട്ട് ചെയ്യുന്നത്. 10 അടി ഉയരവും 18 ഇഞ്ച് വീതിയുമുള്ളതാണ് അറ്റാസ്കഡെറോ കണ്ടെത്തിയ സ്തംഭം.
യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്ത് നവംബർ 18നാണ് ലോഹനിർമിതമായ കൂറ്റൻ സ്തംഭം ആദ്യം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇത് പിന്നീട് അപ്രത്യക്ഷമായി. ഇതിന് പിന്നാലെ നവംബർ 26നാണ് വടക്കൻ റോമേനിയയിലെ ബാക്ട ഡോമ്നെ മലഞ്ചെരുവിൽ നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം കണ്ടെത്തിയത്. പിയാട്ര നീമ്ത് നഗരത്തിനു സമീപം കണ്ടെത്തിയ ഈ സ്തംഭവും പിന്നീട് അപ്രത്യക്ഷമായി.
ലോഹസ്തംഭം ആര്, എന്തിന് ഇവിടങ്ങളിൽ വെക്കുന്നുവെന്നത് നിഗൂഢമായി തുടരുകയാണ്. തികച്ചും വിജനമായ ഇടങ്ങളിൽ ഇത്തരമൊരു സ്തംഭം എത്തുന്നതും പിന്നീട് അപ്രത്യക്ഷമാകുന്നതും ലോകത്തെ അമ്പരിപ്പിക്കുകയാണ്. അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്നും പ്രചരിക്കുന്നതോടെ നിരവധിയാളുകൾ ഇത് കാണാനെത്തുകയും ചെയ്തിരുന്നു. അതേസമയം, സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലായതിനാൽ ആകാശത്തുനിന്നും താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലാണ് ഗവേഷകർ.
കണ്ടെത്തിയ സ്തംഭങ്ങൾ തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1968ൽ ഇറങ്ങിയ സ്റ്റാൻലി കുബ്രിക്കിൻെറ പ്രശസ്ത ഹോളിവുഡ് ചിത്രമായ '2001: സ്പേസ് ഒഡീസി'യിൽ ഉള്ളതുപോലെ അന്യഗ്രഹ ജീവികൾ നിർമിച്ച മോണോലിത്തുകളുമായി ഇവക്ക് സാമ്യമുള്ളതിനാൽ ആ സിനിമയുടെ ആരാധകരാകാം ഇതിന് പിന്നിലെന്നും കരുതപ്പെടുന്നു. ഏതെങ്കിലും കലാകാരന്മാരുടെ സൃഷ്ടിയാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

