ഓണം കഴിഞ്ഞാലും ആഘോഷം തുടരാം; സഞ്ചാരികളുടെ പ്രിയ ഇടമായി വയനാട്
text_fieldsവയനാട്: പ്രകൃതിഭംഗിയാൽ സഞ്ചാരികളുടെ മനംകവരുന്ന വയനാട് ഓണത്തിന് ശേഷമുള്ള അവധി ദിവസങ്ങളിലും സഞ്ചാരികളെ വരവേൽക്കുകയാണ്. മഴ മാറിത്തുടങ്ങിയതോടെ കേരളത്തിനകത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമടക്കം നിരവധി പേരാണ് അവധി ആഘോഷിക്കാനായി വയനാട്ടിലെത്തുന്നത്. ഓണക്കാലത്തെ തിരക്ക് കഴിഞ്ഞാലും സഞ്ചാരികളുടെ ഒഴുക്ക് തുടരുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.
വനം വകുപ്പിന് കീഴിലുള്ള പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നതോടെ വയനാട്ടിലെ വിനോദസഞ്ചാര മേഖല കൂടുതൽ സജീവമായിട്ടുണ്ട്. വന്യജീവികളെ അടുത്തുകണ്ട് കാനനസവാരി നടത്താനും വെള്ളച്ചാട്ടങ്ങളുടെ കുളിർമ ആസ്വദിക്കാനും ദ്വീപുകളിലൂടെ ചങ്ങാടയാത്ര നടത്താനും കഴിയുന്ന കേന്ദ്രങ്ങളാണ് സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്.
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ കാനനസവാരി, തോൽപെട്ടിയിലെ വനയാത്ര, കുറുവ ദ്വീപിലെ ചങ്ങാടയാത്ര, സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന്-ആനച്ചോല ട്രക്കിങ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ബാണാസുര സാഗറിലെ ബോട്ടിങ്ങും പൂക്കോട് തടാകത്തിലെ ബോട്ട് യാത്രയും കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണ്.
ഓണത്തിന് ശേഷമുള്ള അവധി ദിവസങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർധിക്കാനിരിക്കെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പ്രത്യേക നടപടികൾ സ്വീകരിക്കുന്നുണ്ട്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
അവധി ആഘോഷിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുന്നതോടെ വയനാടിന്റെ ടൂറിസം മേഖല കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ടൂറിസം മേഖലയിലുള്ളവരും. പ്രകൃതിയുടെ സൗന്ദര്യവും കാനനാനുഭവങ്ങളും മലനാടിന്റെ തണുപ്പും സമ്മാനിക്കുന്ന വയനാട് ഓണത്തിന് ശേഷവും സഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

