Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightDream Destinationchevron_rightവയനാട് വിളിക്കുന്നു,...

വയനാട് വിളിക്കുന്നു, സൗന്ദര്യമൊളിപ്പിച്ച്

text_fields
bookmark_border
വയനാട് വിളിക്കുന്നു, സൗന്ദര്യമൊളിപ്പിച്ച്
cancel

എല്ലാ കാലത്തും പ്രതിസന്ധികളോട് പടവെട്ടിയാണ് വയനാട് അതിജീവിക്കുന്നത്, അതിനാൽതന്നെ ഈ നാടിനും നാട്ടുകാർക്കും ഉൾക്കരുത്ത് ഏറെയാണ്. പലവിധ ദുരന്തങ്ങൾ കണ്ടും കേട്ടും വളർന്ന മനുഷ്യരാണ് ചുരത്തിനുമുകളിലുള്ളത്. എല്ലാത്തിനേയും ഓരത്തേക്ക് വകഞ്ഞുമാറ്റി പതിവ് ജീവിതത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് ഈ സുന്ദരസുരഭില നാട്.

817,420 മാത്രം ജനങ്ങളുള്ള കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണ് വയനാട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. കാർഷികമേഖലയും ചെറുകിട കച്ചവടങ്ങളും സംരംഭങ്ങളും മാത്രം പ്രധാനവരുമാനമാർഗമായിരുന്ന ഈ നാട്ടിൽ വിനോദസഞ്ചാരം പ്രധാനസാമ്പത്തിക സ്രോതസായി മാറിയിട്ട് അധികമായിട്ടില്ല. ഓണനാളുകളിൽ നാലുദിവസം വയനാട്ടിൽ ഏകദേശം 39,363 സഞ്ചാരികളാണെത്തുക. കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിൽ ഏറെയും. ജില്ലയിലെ ഹോട്ടൽ, റെസ്റ്റോറന്റ്, റിസോർട്ട്, ഹോംസ്റ്റേ മേഖലകളിലാകെ ഏകദേശം 3000 താമസസൗകര്യങ്ങളാണുള്ളത്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ:

മുത്തങ്ങ വന്യജീവിസങ്കേതം

രാവിലെ ഏഴ് മുതൽ10 വരെയും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെയും പ്രവേശനം. വന്യജീവികളെ നേരിൽകണ്ടുള്ള 16 കിലോമീറ്റർ കാനനസഫാരി മുഖ്യ ആകർഷണം.

തോൽപെട്ടി വന്യജീവിസങ്കേതം

രാവിലെ ഏഴ് മുതൽ പത്തുവരെയും വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെയുമാണ് പ്രവേശനം. വയനാട് വന്യജീവി സങ്കേതത്തിലെ തോൽപെട്ടി റേഞ്ചിലെ കൊടുംവനത്തിലൂടെയുള്ള രണ്ട് മണിക്കൂർ സഞ്ചാരം.

കുറുവ ദ്വീപ്

950 ഏക്കറിലുള്ള ചെറുദ്വീപുകളിലൂടെയുള്ള മനോഹരമായ ചങ്ങാട യാത്ര. മണിക്കൂറുകൾനടന്ന് കാനനഭംഗി നുകരാം. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 220, വിദ്യാർഥികൾക്ക് 150, വിദേശികൾക്ക് 440 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. ഒരു ദിവസം 400 പേർക്ക് മാത്രം പ്രവേശനം.

സൂചിപ്പാറ വെള്ളച്ചാട്ടം

മേപ്പാടി ചൂരൽമലയിൽ നിന്ന് രണ്ടുകിലോമീറ്റർ. 200 അടി താഴ്ചയിലുള്ള വെള്ളച്ചാട്ടം. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവേശനം. നവംബര്‍ ഒന്നിന് തുറക്കും. ടിക്കറ്റ് നിരക്ക്: വിദ്യാർഥികൾക്ക് 70, മുതിർന്നവർക്ക് 118, വിദേശികൾക്ക് 230. ദിവസം പരമാവധി 500 പേർ മാത്രം.

ചെമ്പ്ര പീക്ക്

മേപ്പാടി മേഖലയിൽ തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ചെമ്പ്ര മല കയറാം. ഹൃദയ തടാകം വരെ പ്രവേശനം. ഒക്ടോബര്‍ 21ന് തുറക്കും. അഞ്ചുപേരുള്ള ഗ്രൂപ്പിന് 5000 രൂപ, വിദ്യാർഥികളുടെ ഗ്രൂപ്പിന് 1800 രൂപ, വിദേശികൾക്ക് 8000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ദിവസം 75 പേർക്ക് മാത്രം ടിക്കറ്റ്.

ബാണാസുരമല മീൻമുട്ടി വെള്ളചാട്ടം

സൗത്ത് വയനാട് ഫോറസ്റ്റ് സ്റ്റേഷനിലെ പടിഞ്ഞാറത്തറ സെക്ഷന് കീഴിലാണ് ബാണാസുരമല മീൻമുട്ടിവെള്ളചാട്ടം. രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശനം. ഒക്ടോബര്‍ 21ന് തുറക്കും. ടിക്കറ്റ് നിരക്ക് 100 രൂപ. വിദ്യാർഥികൾക്ക് 50, വിദേശികൾക്ക് 200. ദിവസം പരമവാധി 500 പേർക്ക് മാത്രം പ്രവേശനം.

കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്

ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനഭാഗത്തുനിന്നാണ് ഈ ട്രക്കിങ് ആരംഭിക്കുന്നത്. ദിവസം ആകെ 25 പേർക്ക് മാത്രം പ്രവേശനം. അഞ്ചുപേരുള്ള മുതിർന്നവരുടെ ഗ്രൂപ്പിന് 5000 രൂപ, കുട്ടികളുടെ അഞ്ചുപേരുള്ള ഗ്രൂപ്പിന് 3000 രൂപ, അഞ്ചുപേരുള്ള വിദേശികളുടെ ഗ്രൂപ്പിന് 7000 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ബാണാസുര സാഗർ

ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടും ഏഷ്യയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ അണക്കെട്ടും. കൽപറ്റ-പടിഞ്ഞാറത്ത റൂട്ട്. രാവിലെ 9.30 മുതൽ വൈകുന്നേരം 5.45 വരെ പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ നിരക്ക്.

പൂക്കോട് തടാകം

വയനാട് ചുരം കഴിഞ്ഞയുടൻ വൈത്തിരിക്ക് മുമ്പ് തളിപ്പുഴയിൽ. പരന്നുകിടക്കുന്ന തടാകത്തിലെ ബോട്ട് യാത്ര പ്രധാന ആകർഷണം. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരൻമാർക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.



വേണം വയനാട് തുരങ്കപാത

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാത നാടിന്റെ വികസനത്തിനും വിനോദസഞ്ചാരമേഖലക്കും അതിപ്രാധാന്യമുള്ള പാതയാണ്. മേപ്പാടി ചൂരൽമല റോഡിൽ ആറു കി.മീറ്റർ അപ്പുറത്തുള്ള മീനാക്ഷി പാലത്തിനടുത്തുനിന്നാണ് പാതയുടെ വയനാട് ജില്ലയിലെ തുടക്കം. കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് മേപ്പാടി കള്ളാടി വരെയാണ് 8.73 കി.മീറ്ററുള്ള തുരങ്കപാത. കോഴിക്കോട് ജില്ലയിൽ 3.15 കി.മീറ്ററും വയനാട് ജില്ലയിൽ 5.58 കി.മീറ്ററുമാണുള്ളത്.

വനപാതയായതിനാല്‍ ചുരം റോഡിന്റെ വീതി കൂട്ടുന്നതിന് പരിമിതികളുള്ളതിനാൽ ബദൽപാതയെന്ന നിലക്ക് തുരങ്കപാത ഏറെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. പാത വന്നാൽ ആനക്കാംപൊയിലില്‍നിന്ന് 16 കി.മീറ്ററിൽ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും.

എന്നാൽ, ഉരുൾപൊട്ടൽ ദുരന്തമടക്കമുള്ള ഭീഷണി നിലനിൽക്കുന്ന മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെയാണ് തുരങ്കപ്പാത വരുന്നത് എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ ജൂലൈ ഏഴിന് തുരങ്ക നിർമാണപ്രദേശത്തെ മീനാക്ഷി മലയിടിഞ്ഞ് മണ്ണടക്കം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തിൽ ഇതരസംസ്ഥാനക്കാരായ എട്ടുപേരാണ് മരിച്ചത്. എന്നാൽ അപകടസാധ്യതകൾ പൂർണമായും ഇല്ലാതാക്കി ശാസ്ത്രീയ പഠനങ്ങൾ നടത്തി എല്ലാ ചട്ടങ്ങളും പാലിച്ച് തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കണമെന്നാണ് വയനാട്ടിലെ ജനങ്ങളുടെ പൊതുഅഭിപ്രായവും ആഗ്രഹവും. കഴിഞ്ഞയാഴ്ച തുരങ്കപാത നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മീനാക്ഷി പാലത്തിൽ പ്രദേശവാസികൾ പ്രകടനം നടത്തുകയും ചെയ്തു.

വരണം ബദൽപാതകൾ

കുറ്റ്യാടി ചുരം, കൊട്ടിയൂർ പാൽചുരം, പേര്യ ചുരം, താമരശേരി ചുരം എന്നിവയാണ് വയനാട്ടിലേക്കുള്ള നിലവിലെ ചുരംപാതകൾ. ഇതിൽ താമരശേരി ഒഴികെ മെറ്റല്ലാം വടക്കൻ വയനാട്ടുകാരാണ് കൂടുതൽ ആശ്രയിക്കുക. ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ബദൽ റോഡുകൾക്കായുള്ള കാത്തിരിപ്പിലാണ് വയനാട്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ് പ്രധാനപ്പെട്ടത്. വയനാട്ടിലെ പടിഞ്ഞാറത്തറ ബാണാസുര സാഗർ അണക്കെട്ടിനടുത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്ത പൂഴിത്തോട് അവസാനിക്കുന്ന പാതയാണിത്.

ചുരത്തിന്റെ മറ്റൊരു ബദൽപാതയാണ് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ്. താമരശ്ശേരി ചുരം പാതയിലെ ചിപ്പിലിത്തോട് ജങ്ഷനില്‍നിന്ന് തുടങ്ങി മരുതിലാവുവഴി വയനാട്ടിലെ വൈത്തിരിക്കടുത്ത തളിപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്നതാണിത്. 14 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ചെലവും ദൈര്‍ഘ്യവും കുറഞ്ഞതുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad tourismwayanad tourism series
News Summary - Wayanad is calling
Next Story