ബിനാലെയിലെ സ്ത്രീസാന്നിധ്യം പ്രത്യാശ നൽകുന്നത് -റിതു മേനോൻ
text_fieldsഎ.ജി. കൃഷ്ണമേനോനും റിതു മേനോനും ബിനാലെ കാണാനെത്തിയപ്പോള്‍
കൊച്ചി: ബിനാലെയിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയവും സാർഥകവുമാണെന്ന് എഴുത്തുകാരിയും പ്രസാധകയുമായ റിതു മേനോൻ. ആർട്ടിസ്റ്റുകളായും അണിയറ പ്രവർത്തകരായും ബിനാലെയിയിൽ നിരവധി വനിതകളുണ്ടെന്നത് ഏറെ സന്തോഷവും പ്രത്യാശയും നൽകുന്നതാണ്.
ഫെമിനിസം അടക്കമുള്ള വിഷയങ്ങള്‍ ഗഹനമായി ചർച്ചചെയ്യുന്ന പ്രതിഷ്ഠാപനങ്ങൾ ഉൾപ്പെടെ കലാസൃഷ്ടികൾ ബിനാലെയിൽ കാണാനാകുന്നത് നല്ല അനുഭവമാണ്. കലാസ്വാദനത്തിന്റെ വേറിട്ട തലമാണ് ബിനാലെ നല്‍കുന്നതെന്നും റിതു മേനോൻ ഫോർട്ട്കൊച്ചി ആസ്‌പിൻവാൾ ഹൗസിലെ വേദിയിൽ കലാപ്രദർശനം ആസ്വദിച്ചശേഷം അഭിപ്രായപ്പെട്ടു.
അത്ഭുതാവഹമാണ് ബിനാലെയിലെ കലാവതരണങ്ങളെന്ന് കലാപണ്ഡിതയും എഴുത്തുകാരിയുമായ വിദ്യ ദേഹേജിയയും പറഞ്ഞു. ശ്വാസമടക്കിപ്പിടിച്ചുകൊണ്ടേ പല പ്രതിഷ്ഠാപനങ്ങളും സൃഷ്ടികളും കാണാനാകൂ. ലഘുവും ലളിതവുമായ സങ്കേതങ്ങളിലൂടെ എത്ര ശക്തിമത്തായ സാമൂഹിക നിലപാട് പ്രഖ്യാപനവും വിമർശനങ്ങളുമാണ് സൃഷ്ടികളിൽ ആവാഹിക്കുന്നത്. പുതിയ അവബോധമാണ് ബിനാലെ നൽകുന്നതെന്നും കൊളംബിയ യൂനിവേഴ്‌സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായിരുന്ന വിദ്യ പറഞ്ഞു.
പ്രചോദനാത്മകമാണ് ബിനാലെയെന്ന് പ്രസിദ്ധ ആർക്കിടെക്ടും ടൗൺ പ്ലാനറുമായ എ.ജി. കൃഷ്ണമേനോൻ അഭിപ്രായപ്പെട്ടു. സൗന്ദര്യം അനുഭവിപ്പിക്കുന്ന പ്രദർശനത്തിൽ വാസ്‌തുവിദ്യയും പൈതൃകവും ആസൂത്രണവും സാങ്കേതികവിദ്യയും കടന്നുവരുന്നു. ആർക്കിടെക്റ്റ് എന്ന നിലക്ക് ആന്തരികമായ പ്രസരിപ്പും കൂടുതൽ ആത്മവിശ്വാസവും പ്രതീക്ഷയും പ്രദാനം ചെയ്യുന്നുണ്ട് കൊച്ചി മുസ്രിസ് ബിനാലെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി.ബി.സി ജനറൽ സെക്രട്ടറിയും കണ്ണൂർ രൂപത അധ്യക്ഷനുമായ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണുവും ഭാര്യ ശാരദ മുരളീധരനും പ്രശസ്‌ത ഫാഷൻ ഡിസൈനർമാരായ രാകേഷ് താക്കൂർ, ഡേവിഡ് എബ്രഹാം എന്നിവരും ബിനാലെ കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

