Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightവിദേശ വെബ് സീരീസുകൾ...

വിദേശ വെബ് സീരീസുകൾ നമ്മുടെ കൗമാരത്തെ കവർന്നെടുക്കുമോ?

text_fields
bookmark_border
web series
cancel

ഭീതി പരത്തുന്ന വാർത്തകളാണ് ചുറ്റും, കലി പിടിച്ച കൗമാരം സൃഷ്ടിക്കുന്ന തലവേദനകൾ ചെറുതല്ല, ഈ സാഹചര്യത്തിലാണ് വിദേശ വെബ് സീരീസുകൾ നമ്മുടെ കൗമാരത്തെ കവർന്നെടുക്കുമോ? എന്ന ചോദ്യവുമായുളള ഈ ലേഖനം


കൗതുകങ്ങളും സ്വപ്നങ്ങളും കൊണ്ട് പുഷ്കലമാകേണ്ട കൗമാരം എവിടെയോ കൈമോശം വന്നു എന്നും പകരം പകയുടെയും വിദ്വേഷത്തിൻ്റെയും ഇരുട്ടു പരക്കുകയാണെന്നും ആശങ്കപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാഷ്ട്രീയ നേതൃത്വവും സർക്കാരും മാധ്യമങ്ങളും മനോവിശകലന വിശാരദന്മാരും,കലുഷിതമായിപ്പോയ പുതു ലോകത്തെക്കുറിച്ച് മുൻ പൊന്നുമില്ലാത്ത വിധം ആലോചിച്ച് തുടങ്ങിയിരിക്കുന്നു. സിനിമകളിലെ വയലൻസ് കൗമാരത്തെ വഴിതെറ്റിക്കുന്നുവോ എന്ന ചർച്ച സിനിമാലോകത്തും ഇടം പിടിച്ചിട്ടുണ്ട്.

സമീപകാല സിനിമകളിലെ ചോരമണക്കുന്ന വയലൻസ് സീനുകളെ മുൻനിർത്തിയാണ് സിനിമാ മേഖലയിൽ ചർച്ചയും വിമർശനങ്ങളും ഉയർന്നു വന്നത്. കൊച്ചു കൊച്ചു പിണക്കങ്ങളിലും താല്ക്കാലികമായ അടിപിടിയിലും ഒതുങ്ങി നിന്ന കുട്ടിക്കുശുമ്പുകളത്രയും കരാളമായ കലഹങ്ങളും ക്രൂര ഭർത്സനങ്ങളും ഭയാനകമായ കൊലപാതകങ്ങളുമായി പരിണമിച്ചിരിക്കുകയാണ്. ഒരു ദേശവും കാലവും ഇവരെയോർത്ത് നോവും ആശങ്കയും തിന്ന് ഊഴം ഭയന്ന് തളർന്നിരിക്കുകയാണ്.

ആക്രമണം പല രീതിയിലാണ്!

'attack' യഥാർത്ഥത്തിൽ 'നഞ്ചക്ക് ' കൊണ്ട് മാത്രമാണോ? നെഞ്ചകം കീറിപ്പിളർത്തുന്ന സ്തോഭജനകമായ ജൽപ്പനങ്ങളും attack ൻ്റെ പരിധിയിൽ വരില്ലേ? സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകളും കമൻ്റുകളും ശ്രദ്ധിച്ചു നോക്കിയാൽ നമുക്കതു കാണാം. കരുണ തീർത്തും വറ്റിപ്പോയ മനുഷ്യരുടെ പ്രതികരണങ്ങളാണ് അവയെല്ലാം.

ഈ കാലുഷ്യം യഥാർത്ഥത്തിൽ കൗമാരത്തിലോ യുവത്വത്തിലോ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഒരവസ്ഥയാണെന്ന് പറയാൻ കഴിയുമോ? ഒരു ചെറിയ കാലത്തിനുള്ളിൽ; ജീവിതം, കല, ആസ്വാദനം എല്ലാം ഏറെ മാറിപ്പോയിട്ടുണ്ട്; കാരണങ്ങളെക്കുറിച്ചുള്ള തർക്കങ്ങൾ പലവിധത്തിലാണ് രൂപപ്പെടുന്നതും വഴിപിരിയുന്നതും! ഉത്തരവാദിത്ത രക്ഷാകർതൃത്വത്തിൻ്റെ അഭാവം, കുടുംബാന്തരീക്ഷത്തിലെ സ്നേഹ രാഹിത്യം . ഊഷ്മളവും കരുണാർദ്രവുമായ വികാരങ്ങളുടെ അഭാവം ; കാരണങ്ങൾ കണ്ടെത്തുക എന്നത് അവസ്ഥയെ മറികടക്കാനുള്ള ശ്രമങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ്.

അത് ആ നിലക്ക് നടക്കട്ടെ! മലയാളത്തിൽ ഇറങ്ങുന്ന സിനിമകൾ പോലും അപൂർവ്വമായി മാത്രം കാണുന്ന ചുരുക്കം ചിലരെ മാറ്റി വെച്ചാൽ ശരാശരി ഓരോ മലയാളിയും ഇന്ന് ഗ്ലോബലാണ്. പുതുതലമുറ ഏറെക്കുറെ പൂർണ്ണമായും വിദേശ വെബ് സീരീസുകളിലേക്ക് അവരുടെ കലാസ്വാദനത്തെ മാറ്റിയിരിക്കുന്നു. സിസിലിയൻ അധോലോകമാഫിയകളെ ആദേശം ചെയ്തു കൊണ്ട് പുതിയ ഡ്രഗ് കാർടെൽസ് എല്ലായിടത്തും ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു.

പഴയ കാലത്തെ മാഫിയ കഥ പറഞ്ഞു പോയ മരിയോ പുസ്സോയുടെ ഗോഡ്ഫാദറിലെ കഥാപാത്രം വിറ്റോ കോറ്ലിയോണിനെപ്പോലെ 'നാർക്കോട്ടിക്സ് ഒരു ഡേർട്ടി ബിസിനസ്സ് ' ആണ് എന്ന് പറയുന്ന അധോലോക നായകൻ്റെ കഥ അവസാനിച്ചിരിക്കുന്നു. ഇന്ന് ഏറ്റവും എളുപ്പം ധനം സമ്പാദിക്കാവുന്ന കച്ചവടങ്ങളിലൊന്നായി രാസലഹരി മരുന്നുകൾ മാറിയിരിക്കുന്നു.

എല്ലാ ദിവസവും ലഹരി വാഹകർ പോലീസ് വലയിൽ വീഴുന്ന വാർത്ത നാം വായിക്കുന്നു. വാഹകരും ഒരർത്ഥത്തിൽ ഇതിൻ്റെ ഇരകൾ തന്നെ. ജയിലിൽ നിന്നിറങ്ങി വീണ്ടും ഇതേ രംഗത്ത് സജീവമാകുന്നു. വിദേശ വെബ് സീരീസുകളിലെ പ്രധാന തീമുകളിലൊന്നായി രാസ ലഹരി മാറിയിരിക്കുന്നു.

നോക്കൂ, ' Breaking Bad ' എന്ന വെബ് സീരീസ് ആറു സീസണിൽ അറുപത്തിരണ്ട് എപ്പിസോഡുകളായി 2008 ൽ തുടങ്ങി 2013 ൽ അവസാനിക്കുന്നതിനിടയിൽ അമേരിക്കയിലെ ഏറ്റവുമധികം വ്യൂവർഷിപ്പുണ്ടായ കേബിൾ ഷോകളിലൊന്നായി മാറി. ഒരു ഹൈസ്കൂൾ കെമിസ്ട്രി അധ്യാപക നായ വാൾട്ടർ വൈറ്റ്, മെറ്റാഫെറ്റമിൻ (blue meta )എന്ന രാസലഹരി പദാർത്ഥം നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതുമായ കഥയാണ് സീരീസ് പറയുന്നത്! താൻ പരിഹാരമില്ലാത്ത ലങ് കാൻസറിന് അടിപ്പെട്ടതോടെ ഭാര്യയ്ക്കും മകനും വേണ്ടി പണം സമ്പാദിക്കുന്നതിനാണ് അതുവരെ നിഷ്കളങ്കനും മാന്യനുമായ അദ്ധ്യാപകൻ ലോകത്തിലെ അപകടകാരിയായ ഒരു മനുഷ്യനായി മാറുന്നത്. അതീവ പൂർണ്ണതയോടെയാണ് ഓരോ എപ്പിസോഡും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എമ്മി അവാർഡുൾപ്പെടെ അനേകം പുരസ്കാരങ്ങൾ നേടിയ വെബ് സീരിസ് എന്ന ഖ്യാതി കൂടിയുണ്ടായി വിൻസ് ഗില്ലിഗാൻ നിർമ്മിച്ച ഈ പരമ്പരക്ക്. Net flix ൻ്റെ ലൈബ്രറിയിൽ സീരീസ് ഇപ്പോഴും ലഭ്യമാണ്. വാൾട്ടർ വൈറ്റ് മാനെ മഹത്വവൽക്കരിച്ചില്ലെങ്കിലും രാസ ലഹരി പ്രമേയമായി ലോകയുവത്വത്തിൻ്റെ മുന്നിലെത്തിയ ഈ പരമ്പര പുതുലോകം ഇന്നും കൊണ്ടാടിക്കൊണ്ടിരിക്കുന്നു.

വൈറ്റ്മാൻ എന്ന വില്ലൻ (നായകൻ) ലോകയുവത്വത്തെ ഇന്നും ത്രസിപ്പിക്കുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവടത്തിൻ്റെ ചക്രവർത്തിയായിരുന്നു കൊളമ്പിയൻ മെഡ്ലിൻ ഡ്രഗ് കാർടെൽ എന്ന കുപ്രസിദ്ധ മയക്കുമരുന്നു കച്ചവട സംഘത്തെ ഉണ്ടാക്കിയെടുത്ത പാബ്ലോ എസ്കോബാർ ! നിരോധിച്ച സിഗരറ്റിൻ്റെ അനധികൃത കൈമാറ്റത്തിലും വ്യാജ ലോട്ടറി ടിക്കറ്റ് വില്പനയിലും തുടങ്ങുന്നതാണ് എസ്കോബാറിൻ്റെ കൗമാരജീവിതം. മാസത്തിൽ ശരാശരി എൺപത് ടൺ കൊക്കേയിനാണ് കൊളംബിയായിൽ നിന്നും സംഘം അന്താരാഷ്ട്ര മാർക്കറ്റിലേക്ക് അയച്ചു കൊണ്ടിരുന്നത്. പിന്നീട് എസ്കോബാർ എന്ന പേര് കൊളംബിയയുടെ രാഷ്ടീയ ചരിത്രത്തിൻ്റെ കൂടി ഭാഗമാകുകയായിരുന്നു. 1982 ലെ തിരഞ്ഞെടുപ്പിൽ ലിബറൽ പാർടിക്കുവേണ്ടിയാണ് പാബ്ളോ എസ്കോബാർ മത്സരിച്ചു ജയിക്കുന്നത്. നീചമായ കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധനായ ഒരു കുറ്റവാളി തൻ്റെ കുറ്റ കൃത്യങ്ങളിലൂടെ തന്നെ ജനനായകനാകുന്നതാണ് പിന്നീട് ലോകം കണ്ടത് . പാബ്ലോ എസ്കോബാറിൻ്റെ യഥാർത്ഥ ജീവിതമാണ് Narcos എന്ന പേരിൽ വൈറൽ വെബ് സീരിസ് ആയി മാറുന്നത്. പിന്നീട് പരമ്പര Narcos: Mexico ആയി മാറുന്നുവെങ്കിലും ഒരർത്ഥത്തിൽ ആദ്യ പരമ്പരയുടെ തുടർച്ച തന്നെ! പൊതുവെ ഡ്രഗ് കാർടെൽസ് എന്ന വിഭാഗത്തിൽപ്പെടുന്ന എത്ര സീരീസുകളാണ് നമ്മെ ഞെട്ടിച്ചു കൊണ്ട് ലോകം കീഴടക്കുന്നത്!

El_ Chapo പ്രശസ്തമാകുന്നതും 'മരുന്ന്' പ്രഭുവിൻ്റെ കഥ പറയുന്ന സീരിസ് എന്ന നിലയിലാണ്. ഇങ്ങനെ എത്രയെത്ര ക്രൈം ത്രില്ലറുകളാണ് നമ്മുടെ കുടുബ മുറികൾക്കുള്ളിൽ കൗമാരത്തിൻ്റെ ജീവകോശങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നത്. Net flix നമ്മുടെ കുട്ടികൾക്ക്ക്ക് ഒരു തവണ ചാർജ് ചെയ്യാൻ കേവലം 199 രൂപ മാത്രം മതി എന്ന യാഥാർത്ഥ്യം പോലും പല രക്ഷിതാക്കൾക്കും അറിയില്ല തന്നെ! രക്ഷിതാവിൻ്റെ പ്രവാസ നിഴലിൽ വളരുന്ന കുട്ടിയെക്കുറിച്ചാവുമ്പോൾ വിശേഷിച്ചും. നമ്മളാരും Net flix നെ കുറ്റപ്പെടുത്തുമെന്ന് തോന്നുന്നില്ല! കാലത്തിൻ്റെ അനിവാര്യതകളിൽ ചിലതാണ് പുതിയ online platform കൾ! മാത്രവുമല്ല, സ്കാൻഡിനേവിയയിൽ നിന്ന് ലണ്ടനിലേക്ക് യോദ്ധാക്കളായി വന്ന് ലണ്ടനിൽ അധിനിവേശം സ്ഥാപിക്കുന്ന മനുഷ്യരുടെ സാഹസികമായ കഥ പറയുന്ന രണ്ട് vikings സീരീസുകൾ ( തികച്ചും ചരിത്രപരം) Netflix പ്രൊഡക്ഷൻ സീരീസ് കളാണ്. ദൃശ്യഭംഗി പോലെ സൂക്ഷമതയും പൂർണ്ണതയും കൊണ്ട് മനോഹരമാണ്, vykings, vikings valhalla! എന്ന വെബ് സീരിസുകൾ; one hundred years of Solitude, Lady chatterly's lover, Annee with E എന്നിവ എടുത്തു പറയേണ്ട Net flix ലോകവുമാണ്.

ആനി എന്ന കുട്ടി സംസാരിക്കുന്നത് ശ്രദ്ധിക്കുന്ന പ്രേക്ഷകർക്കറിയാം, ആനിയിൽ കളിയാടുന്ന വാചകങ്ങളെല്ലാം കവിതകൾ മാത്രമാണെന്ന്! വേലികളിൽ കാട്ടുപനീർപ്പൂക്കൾ വിടർന്നു നില്ക്കുകയാണ്, ആനിയുടെ വഴികളിലാകെ ! സ്നേഹവും കവിതയും കൊണ്ട് പ്രേക്ഷകനെപ്പൊതിയുന്ന സീരീസുകളല്ല, നമ്മുടെ കൗമാരക്കാർക്കും യുവാക്കൾക്കും ആവശ്യം; സിരകളിൽ ചോരയോട്ടം നിലച്ചുപോകുന്ന ആലീസ് ഇൻ ബോർഡർലാൻ്റാണ്. ഒപ്പം മരണപ്പന്തയങ്ങളിലെ ചോരച്ചൂ താട്ടങ്ങളാണ്. തങ്ങൾ toilet ൽ പോയി തിരിച്ചു വരുന്നതിനിടയിലെ നിമിഷങ്ങൾക്കുള്ളിൽ നിശൂന്യമാകുന്ന ടോക്യോ നഗരത്തിൽ അനാഥരായിത്തീരുന്ന യുവാക്കൾ തിരിച്ചറിയുന്നത് ഒരു അപകടകരമായ ചൂതാട്ടത്തിലൂടെ (game) മാത്രമെ ഇനി പുറം ലോകത്തേക്ക് തിരിച്ചെത്താൻ കഴിയുള്ളൂ എന്നാണ്!'മരണക്കളി' എന്ന ബുദ്ധിയുടെയും ഭാഗ്യപരീക്ഷണങ്ങളുടെ (കഥാപാത്രം തന്നെ വിശേഷിപ്പിക്കുന്നതു പോലെ ) യും game ൽ പെട്ടു പോകുന്ന കുട്ടികളിലൊരാളകട്ടെ വീട്ടിൽ നിന്ന് കലഹിച്ചു പുറത്തു വന്നതാണ്, മറ്റൊരാൾ അതെ സാഹചര്യത്തിൽ തൻ്റെ ഓഫീസിൽ നിന്നും . 1997ൽ വെറും DVD e.commerce rental Service ൽ തുടങ്ങി നൂറ്റിത്തൊണൂറ് രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന എൻ്റർടെയിൻമെൻ്റ്മാസ് മീഡിയയാണ് ഇന്ന് Net flix. ഇന്ത്യയിലാകട്ടെ, Net flix India തുടക്കം കുറിക്കുന്നത് 2006ലും!

പതിനെട്ട് വർഷം പിന്നിടുമ്പോൾ ലോകത്താകമാനം മുന്നൂറ്റിരണ്ട് ദശലക്ഷം ഉപഭോക്താക്കളിലൂടെയാണ് രാഷ്ട്രാന്തര ആഘോഷക്കാഴ്ചകൾ വളർന്നു പെരുകുന്നത്. ഇതിനെയൊന്നും തെറ്റായിക്കാണുന്ന ഒരു ലോകത്തിലല്ല നമ്മളാരും ജീവിക്കുന്നത്.

എങ്കിലും ശ്വാസഗതിയുടെ താളം നിലക്കുന്നതായി നമുക്ക് അനുഭവപ്പെട്ടത്, ഒരു പത്താം ക്ലാസ് കാരൻ 'നഞ്ചക്കി''നാൽ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ അക്രമികളായ കുട്ടികളുടെ ചാറ്റ് ഗ്രൂപ്പിൻ്റെ വാൾപേപ്പർ ആയിക്കണ്ടത് Net flix Squid game ലെ 'യോങ്ഹി ' എന്ന പാവക്കുട്ടിയുടെ ചിത്രമാണ്. ഇത് ഒരു ദക്ഷിണ കൊറിയൻ game സീരീസാണ്. നാലു സീസണുകളിൽ നമുക്കീ വെബ് സീരീസ് കാണാം! തണൽ രഹിതമായ ചില്ല മരച്ചുവട്ടിലെ കുട്ടിയുടെ ഭാവം, നിസ്സഹായത ,സ്നേഹ ദാരിദ്ര്യം, (ക്രൗര്യം?) മുന്നിൽക്കാണുന്ന കൊലക്കളിയിലെ പതിയിരിക്കുന്ന അപകടങ്ങൾ .... പിന്നെ 'പാവ മുഖത്തിൽ ' (dollish face) നിന്നും നമുക്ക് നിഗൂഢമായ മറ്റെന്തോ കൂടി വായിച്ചെടുക്കാം! ആ പാവക്കുട്ടി തന്നെയാകുന്നു ഒരു വേള ഈ കളിയുടെ നിയന്താവും! ഇത് നമ്മെ ഇരുത്തിച്ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ടുന്ന ഒരു വസ്തുതയാണ്. നാർക്കോട്ടിക്സിലും ക്രൗര്യങ്ങളിലും ആദ്യം തന്നെ പെട്ടു പോകുന്നതും സത്യത്തിൽ ഇത്തരം പാവമുഖങ്ങളുള്ള നിഷ്കളങ്കർ തന്നെയാണ്. ഇരകൾ മാത്രം അകമേ കരഞ്ഞു കലങ്ങുന്ന ലോകമേ നിൻ്റെ ഗദ്ഗദങ്ങൾ മാത്രമാണ് അവരോടുള്ള കരുണ!


ദക്ഷിണ കൊറിയ മുൻപ്, ബൗദ്ധസന്യാസികളുടെ ഇടങ്ങളിലൊന്നാണ്. അവരുടെ കലകളിലും സാഹിത്യത്തിലും ബുദ്ധിസത്തിൻ്റെയും കൺഫ്യൂഷനിസത്തിൻ്റെയും സ്വാധീനം ഏറെ പ്രകടമായിരുന്നു. അത്തരത്തിൽപ്പെട്ട സിനിമകളിലൊന്നാണ് ' why has Bodhidharma Left for East ''. Bae yon kyun നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് 1989 ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിൽ ധ്യാനാത്മകമായ, നന്മ നിറഞ്ഞു കവിയുന്ന നിരവധി മുഹൂർത്തങ്ങളുണ്ട്.

ഓർമ്മ വരുന്ന ഒരു രംഗം ബുദ്ധമഠത്തിലെന്ന പോലെ വളരുന്ന ഒരു അനാഥ കുട്ടി ഒരു നാൾ അന്തേവാസിയായ ഹെയ്‌ജിൻ എന്ന കഥാപാത്രത്തിൽ നിന്നും മുറിവേറ്റ ഒരു കുഞ്ഞു കുരുവിയെ കണ്ടെടുക്കുന്നു. കുരുവിക്കുഞ്ഞിനെ കൈവിട്ടു പോകാതിരിക്കാനുള്ള കരുതൽ കൊണ്ടു മാത്രം ദൂരെ തൊടിയിൽ ഒരു ചെറുമൺപാത്രം കൊണ്ട് മൂടി വെക്കുകയാണ്.

മഠത്തിലെ ചില സാഹചര്യങ്ങളാൽ പിറ്റേന്ന് കുരുവിയെ തുറന്നു നോക്കാൻ കഴിയാതെ പോയ കുട്ടി, വിങ്ങുന്ന മനസ്സുമായി മoത്തിൽ ഉൽക്കണ്ഠയോടെ കഴിയുകയാണ്. രണ്ടു നാൾ കഴിഞ്ഞ് മൺപാത്രം തുറന്നു നോക്കവെ ജീർണ്ണിച്ചു പോയ കുരുവിയെക്കണ്ട് തളർന്നു പോകുന്ന കുട്ടിയെ അമ്മക്കുരുവികൾ കരഞ്ഞു കരഞ്ഞു പിൻതുടർന്ന് മoത്തിലെത്തിക്കുന്ന ദീർഘമായ ഒരു ഷോട്ട് ഉണ്ട് ഈ ചലച്ചിത്രത്തിൽ. പ്രപഞ്ചത്തിൻ്റെ നന്മകണ്ട് ഏത് പ്രേക്ഷകനും ഉള്ളിടറി കരഞ്ഞുപോകുന്ന ഒരു രംഗമാണത്! 1991ലെ മദിരാശി ഫെസ്റ്റിവലിലെ ദക്ഷിണ കൊറിയൻ retrospective ൽ ആണ് ഈ ചലച്ചിത്രത്തെ ലേഖകൻ ആദ്യമായി അറിയാനിടയാകുന്നത്.

ഇരുപതാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ് ദക്ഷിണ കൊറിയയും മഹത്തായ ചില സിനിമകളുമായി ചലച്ചിത്ര മേഖലയിൽ ചുവടുറപ്പിക്കുന്നത്, ദക്ഷിണ കൊറിയയുടെ യുദ്ധാനന്തര കാലഘട്ടത്തിൽ. കലയുടെ സാന്ത്വന ഭൂമിക എന്നു വിളിക്കാവുന്ന ഒരിടത്തു നിന്നു തന്നെയാണ്, സ്ക്വിഡ് ഗേയിം എന്ന മരണച്ചൂതാട്ടവും സ്ക്രീനിലെത്തുന്നത് ! കലയെ സംബന്ധിക്കുന്ന എന്തൊരു വൈപരീത്യമാണിത്!

നാർക്കോസിലെ നായകൻ പാബ്ലോ എസ്കോബാറിൻ്റെ കുട്ടിക്കാലം ഒറ്റപ്പെട്ടതും അമ്മയെ ഏറെ ആശ്രയിക്കുന്നതുമായിരുന്നു. ഒരു നാൾ അമ്മ എസ്കോബാറിനോട് പറയുന്നുണ്ട്, ജീവിതത്തിൽ തെറ്റായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ, അവ പോലും ഏറ്റവും നന്നായി ചെയ്യാൻ പഠിക്കണമെന്ന്; പരമ്പരയുടെ ആദ്യ എപ്പിസോഡിൽ തന്നെ അമ്മയുടെ ഈ നിഷ്കർഷ പ്രേക്ഷകന് കാണാം! ഇതാണ് പിന്നീട് പാബ്ലോ എസ്കോബാറിൻ്റെ ജീവിതത്തിൽ ആപ്തവാക്യമായി മാറുന്നത്. അറിഞ്ഞോ അറിയാതെയോ പറഞ്ഞു പോകുന്ന ഒരു വാചകം കൗമാര മനസ്സിൽ അടിവരയിട്ട് കിടക്കുകയാണ്.

അതിൻമേൽ അടയിരുന്നു അപകടകരമായ ഭാവി വിരി യിച്ചെടുക്കുകയാണ് കുട്ടികൾ. ഇവിടെ തീർച്ചയായും ഒരു ചോദ്യമുയർന്നേക്കാം; പാബ്ളോ എസ്കോബാറോ നാർക്കോസ് വെബ് സീരീസോ ഏതാണ് ആദ്യം ഉണ്ടാകുന്നത്? കല ലോകത്തിൻ്റെ പ്രതിഫലനമാണ് എന്ന് ഒരു പരിധി വരെ സമ്മതിക്കുമ്പോഴും കലയിലെ പ്രതിനായകത്വത്തിന് നായക പരിവേഷം നല്കുന്ന treatment ഒഴിവാക്കാൻ കഴിഞ്ഞെങ്കിൽ എത്ര നന്നായേനേ എന്ന് നാം ആഗ്രഹിച്ചു പോകുന്നു. ഇത്തരം വെബ് സീരീസുകളോട് മത്സരിക്കാനെന്നോണം മലയാളവും ശ്രമിച്ചു തുടങ്ങിയതായി സമീപകാലത്തെ ചില സിനിമകൾ കണ്ടാൽ നമുക്ക് മനസിലാകും.

സിനിമകളും വെബ് സീരീസുകളും കൊറിയൻ മ്യൂസിക്കുകളും ചോരയുടെ സ്തുതിഗീതങ്ങളും ഒന്നുമല്ല യഥാർത്ഥ പ്രശ്നം, മറിച്ച് ഇവയെല്ലാം നമ്മുടെ കുട്ടികളുമായി വീടുകളിൽത്തന്നെ ചർച്ച ചെയ്യാൻ കഴിയുന്നുവോ എന്നതാണ് ! അറിയാനും തള്ളിക്കളയാനും അവർ പ്രാപ്തരാകുന്നുണ്ടോ എന്നതാണ് യഥാർത്ഥ പ്രശ്നം!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:web seriesadolescence
News Summary - Will foreign web series steal our adolescence?
Next Story