Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightVishuchevron_rightവയറു നിറയെ ഉണ്ട കാലം

വയറു നിറയെ ഉണ്ട കാലം

text_fields
bookmark_border
വയറു നിറയെ ഉണ്ട കാലം
cancel

''പരാധീനതകളുടെ പടുകുഴിയിലാണ്​​ ബാല്യവും കൗമാരവും. മൂന്നുമക്കളിൽ രണ്ടാമൻ. വീട്ടിലെ ഏക ആൺതരി. അച്​ഛനും അമ്മയും കൂലിപ്പണിക്ക്​ പോയി കിട്ടുന്ന തുച്​ഛമായ വരുമാനമാണ്​ ആകെയുള്ളത്​. അങ്ങനെ പതിനാറാം വയസ്സിൽതന്നെ കൂലിപ്പണിക്കിറങ്ങി. മൂന്നുനേരം വെച്ചുവിളമ്പാൻ അതൊന്നും മതിയാകില്ല. നേരാംവണ്ണം ഭക്ഷണം പോലും കിട്ടാത്ത നാളിൽ അടച്ചുറപ്പുള്ള നല്ലൊരു വീടുപോലും സ്വപ്​നം മാത്രമായിരുന്നു. അങ്ങനെയിരിക്കുമ്പോ എത്തിപ്പെടുന്ന ഓണവും വിഷുവുമൊക്കെ ഒരിക്കലും മറക്കില്ല. മറ്റൊന്നും കൊണ്ടല്ല, വിഭവ സമൃദ്ധമായ ഭക്ഷണം വയറുനിറച്ചു കഴിച്ച ദിവസങ്ങളാണത്​'' മലയാളിക്കിഷ്ടപ്പെട്ട യുവ നടൻ ഉണ്ണിരാജ്​ ചെറുവത്തൂരിന്‍റേതാണ്​ ഈ വാക്കുകൾ.

പലർക്കുമെന്നപോലെ ദാരിദ്ര്യം കൊടികുത്തിവാണ കാലമായിരുന്നു ഉണ്ണിയുടേതും. നായർ കുടുംബാംഗമായി ജനിച്ചതിനാൽ ജാതി ശ്രേണിയിൽ മുന്നിലാണ്​. നാലുചുമരുകൾക്കുള്ളിൽ ഇല്ലായ്മകൾ ആരെയുമറിയിക്കാതെ കാലം കഴിച്ചുകൂട്ടി. എന്നെങ്കിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു. കാലങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ തരക്കേടില്ലാത്ത വീടും ചുറ്റുപാടുമൊക്കെയായി. എങ്കിലും പോയ കാലങ്ങൾ ഓർത്തേ പറ്റൂ. പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രേരണയെങ്കിലും അതുവഴി കിട്ടുമെന്നാണ്​ ഉണ്ണിയുടെ വലിയ മനസ്സ്​ മന്ത്രിക്കുന്നത്​.

കാസർകോട്​ ജില്ലയിലെ ചെറുവത്തൂരിലാണ്​ സ്വദേശം. നിർമാണ തൊഴിലാളിയായിരുന്ന ചൂ​രിക്കാടൻ കണ്ണൻ നായരാണ്​ അച്​ഛൻ. മൂന്നുകൊല്ലം മുമ്പ്​ മരിച്ചു. അമ്മ പയ്യം വീട്ടിൽ ഓമന. കൃഷിപ്പണിയാണ്​. ഉഷ ചേച്ചി. രജനി അനിയത്തിയും. മൂന്നംഗ കുടുംബത്തിൽ ഏക ആൺകുട്ടിയാണെന്നും വേഗം ജോലി ​കണ്ടെത്തണമെന്നുമൊക്കെയാണ്​ അന്നത്തെ നാട്ടുനടപ്പ്​. ചെറിയൊരു വീട്ടിൽ വലിയൊരു ദാരിദ്ര്യമാണ്​ കൂട്ട്​. ചെറിയ കൂലിയാണ്​ അച്​ഛന്​ കിട്ടുക. അമ്മക്ക്​ കൂലിയേ കിട്ടില്ല. പകരം നെല്ലാണ്​ അന്ന്​ കിട്ടുക. അത്​ ഉരലിൽ കുത്തിയെടുത്ത്​ കഞ്ഞിയുണ്ടാക്കിയ ഒരുകാലം. കമ്യൂണിസ്റ്റ്​ ​കുടുംബമാണ്​. കലയോട്​ വലിയ അഭിനിവേശം അച്ഛനുമുണ്ടായിരുന്നു. കലാകാരനായി കഴിഞ്ഞാൽ വയറ്റുപിഴപ്പ്​ മാറില്ലെന്ന ബോധ്യം നാട്ടിൽ എല്ലാവർക്കുമുണ്ടായിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലം ശരിക്കും നഷ്ടബാല്യം തന്നെയായിരുന്നു ഉണ്ണിക്ക്​. വലിയ കലാമോഹം ഉള്ളിലൊതുക്കി കഴിഞ്ഞെങ്കിലും തിരിച്ചറിയാനോ പ്രോത്സാഹിപ്പിക്കാനോ ആരുമില്ലാത്ത വല്ലാത്തൊരു കാലമായിരുന്നത്​. കഷ്ടിച്ച്​ പത്താം ക്ലാസ്​ കഴിഞ്ഞു. പിന്നെ നീലേശ്വരത്തെ സ്വകാര്യ കോളജിൽ പ്രീഡിഗ്രിക്ക്​ ചേർന്നുവെങ്കിലും 'ഇംഗ്ലീഷ്​ പോയ'തിനാൽ പിന്നെ ആ വഴിക്കൊന്നും ചിന്തിച്ചില്ല.



കശുവണ്ടി പെറുക്കി പടക്കകാശ്​

വിഷുത്തലേന്ന്​ പടക്കം പൊട്ടിക്കണം. ആരു തരും പടക്കം വാങ്ങാൻ കാശ്​. വല്ലാതെയങ്ങ്​ ചിന്തിക്കാനൊന്നും പോയില്ല. നമ്മളെല്ലാവരും സഹോദരി സഹോദരന്മാരായതിനാൽ പോകുന്ന വഴിയിൽ​ വീണുകിടക്കുന്ന കശുവണ്ടി പെറുക്കും. ഉടമസ്ഥ​ർ പെറുക്കാൻ വൈകുമ്പോ ഒരുപകാരവുമെല്ലേയെന്ന്​ കരുതി എല്ലാമെടുത്ത്​ തൊട്ടടുത്തെ കടയിൽ കൊണ്ടു കൊടുക്കും. ഞങ്ങൾ കുറച്ചുപേർ വരുമ്പോ തന്നെ കടക്കാരന്​ കാര്യം തിരിയും. കാശ്​ കിട്ടിയാൽ ​ഒറ്റ ഓട്ടം. പടക്കം വാങ്ങാൻ. ഓലപ്പടക്കം പൊട്ടിച്ച്​ കഴിഞ്ഞുവന്നാൽ അടുത്ത പരിപാടി ഉണ്ണിയപ്പം തീറ്റയാണ്​. വിഷുത്തലേന്ന്​ ആണ്​ അമ്മ കുറേ ഉണ്ണിയപ്പം ചുട്ടുവെക്കുന്നത്​. തലേന്ന്​ തുടങ്ങും ശരിക്കും ആഘോഷം.




കുത്തരിച്ചോറും സാമ്പാറും പായസവും

വീണ്ടും പറയട്ടെ. ഇത്തരമൊരു ആഘോഷം കൊണ്ട്​ ആകെയുള്ള നേട്ടം നല്ലൊരു ഭക്ഷണം തന്നെയാണ്​. അതും മതിയാവോളം. അമ്മക്ക്​ കൂലിയായി കിട്ടിയ നെല്ല്​ കുത്തിയുണ്ടാക്കുന്ന ചോറ്, സാമ്പാർ​, പായസം തുടങ്ങി എല്ലാ വിഭവങ്ങളും ഒരുക്കും. അതിനായി നേരത്തേ പൈസ കരുതിവെക്കും. അതിനാൽ തന്നെ വിഷുവും ഓണവുമൊക്കെ തീരുന്നത്​ സങ്കടമായിരുന്നു. കൈനീട്ടമായി അച്​ഛനും അമ്മയും പൈസ തരും. അതൊക്കെയായാണ്​ പിറ്റേന്ന്​ രാജാവിനെപോലേ കഴിഞ്ഞത്​. വർഷങ്ങൾക്കിപ്പുറം ഇന്നും ഇതോർക്കുമ്പോൾ സന്തോഷമാണ്​. ഭക്ഷണ കാര്യത്തിൽ ഇന്ന്​ എല്ലാദിവസവും വിഷുവും ഓണവുമൊക്കെയായതിനാൽ അന്നത്തെ ആ രസം കിട്ടില്ല. കഴിഞ്ഞില്ല, സദ്യ കഴിഞ്ഞാൽ നേരെ ചെറുവത്തൂരിലെ ടാക്കീസിലേക്ക്​. സിനിമയും കണ്ടിട്ട്​ വൈകീട്ടാണ്​ മടക്കം. പിറ്റേന്ന്​ പൊട്ടാത്ത പടക്കം ബാക്കിയുണ്ടോ എന്ന തിരച്ചിലാണ്​ ഏറെ രസം.

കലയുടെ വഴികൾ

സ്കൂളിൽ പഠിക്കുമ്പോ ഒരു മത്സരത്തിനും പ​ങ്കെടുത്തില്ല. അതൊന്നും ഇനി പറയാതിരിക്കുകയാണ്​ നല്ലത്​. പെയി​ൻറിങ്​ പണിക്ക്​ പോവാൻ തുടങ്ങി.

പക്ഷേ, ഉള്ളിലെ കലയെ വിടാൻ ഉണ്ണി തയാറായില്ല. കലോത്സവത്തിൽ പ​ങ്കെടുക്കുന്ന കുട്ടികളെ സജ്ജരാക്കുന്ന ജോലിയിലേർപ്പെട്ടു. മലബാറിലെ എല്ലാ ജില്ലകളിൽനിന്നുള്ള കുട്ടികൾക്ക്​ ഒന്നാംസ്ഥാനം നേടിക്കൊടുത്തു. മൈമിങ്​, സ്കിറ്റ്​ തുടങ്ങിയവയിലാണ്​ പരി​ശീലനം നൽകിയത്​. നാടകാഭിനയവും സംവിധാനവുമൊക്കെയായി അരങ്ങ്​ തകർക്കാൻ തുടങ്ങി.

രഞ്ജിത്ത്​ സംവിധാനം ചെയ്ത 'ഞാൻ' സിനിമയിൽ ആദ്യം വേഷമിട്ടു. പിന്നീട്​ പല സിനിമകളിലും അവസരം ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും, അരവിന്ദന്‍റെ അതിഥികൾ, ആൻഡ്രോയിഡ്​ കുഞ്ഞപ്പൻ 35 സിനിമകളിൽ അഭിനയിച്ചു. ജനപ്രിയ പരിപാടിയായ 'മറിമായ'ത്തിലൂടെ വലിയ സ്വീകാര്യതയാണ്​ ലഭിച്ചത്​.

അമ്മക്ക്​ നൽകിയ കൈനീട്ടം

ഞങ്ങൾ മൂന്നുമക്കളെ ഏറെ പ്രയാസപ്പെട്ടാണ്​ അമ്മ വളർത്തിയത്. അതിന് എന്ത്​ നൽകിയാലും മതിയാവില്ലെന്നുറപ്പുണ്ട്​. അമ്മ കൃഷിപ്പണിക്ക്​ പോയ ആ കണ്ടം ഞാൻ വിലയ്ക്കു വാങ്ങി. ഇനി എന്‍റെ അമ്മ സ്വന്തം ഉടമസ്ഥതയിലുള്ള കൃഷിയിടം നോക്കി നടക്കട്ടെ. അമ്പതുവർഷം അമ്മ പണിയെടുത്ത ആ 30 സെന്‍റ്​ ഒരു ​കൈനീട്ടമായി മൂന്നുവർഷം മുമ്പ്​ വാങ്ങിക്കൊടുത്തു. അന്ന്​ അമ്മയുടെ മുഖത്ത്​ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്​. അമ്മ സ്വപ്നത്തിൽപോലും ചിന്തിക്കാത്ത കാര്യമാണത്​. ഇന്ന്​ വലിയ സ്വപ്നങ്ങളൊന്നുമില്ലെങ്കിലും ഭാര്യ സിന്ധുവിനും ​മക്കളായ ആദിത്​ രാജിനും ധൻവിൻ രാജിനുമൊപ്പം സന്തോഷങ്ങൾ പങ്കിട്ട്​ കഴിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishuUnniraj cheruvathoor
News Summary - Unniraj cheruvathoor vishu memories
Next Story