വീഡിയോ ഗെയിമിലും സിനിമയിലും മാത്രം കണ്ട തോക്കുകൾ കാണാൻ അവസരമൊരുക്കി പൊലീസ്
text_fieldsകൊച്ചി: പബ്ജി, കോൾ ഓഫ് ഡ്യൂട്ടി, മിനി മിലിട്ടിയ തുടങ്ങി യുവാക്കളുടെ ഹരമായ വീഡിയോ ഗെയിമുകളിൽ കണ്ട ഒരു കൂട്ടം ആയുധങ്ങൾ ഒരുമിച്ച് കാണാൻ ഒരവസരം. ഭാഗ്യമുണ്ടെങ്കിൽ ഒന്ന് കയ്യിലെടുക്കാനും കഴിയും. വെടി പൊട്ടിക്കാനാകില്ലെന്ന് മാത്രം. കൊച്ചി മറൈൻഡ്രൈവിലെ എന്റെ കേരളം മെഗാ എക്സിബിഷനിൽ കേരള പൊലീസിന്റെ പവിലിയനിലാണ് റിവോൾവറും പിസ്റ്റലും മുതൽ മെഷീൻ ഗണും സ്നൈപ്പറും വരെയുള്ള വിവിധയിനം തോക്കുകൾ അണി നിരത്തിയിട്ടുള്ളത്.
എക്സിബിഷൻ കേന്ദ്രത്തിൽ നിന്ന് മീറ്ററുകൾ മാത്രം അകലെ കൊച്ചി സിറ്റി പൊലീസ് ക്യാമ്പിൽ നിന്നും തൃശൂരിലെ ക്യാമ്പിൽ നിന്നുമാണ് ആയുധങ്ങൾ എത്തിച്ചത്. വീഡിയോ ഗെയിമുകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള വിവിധ തോക്കുകൾ നേരിട്ട് കാണാൻ കഴിയുന്നതിനാൽ യുവാക്കളുടെയും കുട്ടികളുടെയും വലിയ തിരക്കാണ് പൊലീസ് പവിലിയനിൽ.
കൗതുകവും സംശയവും ഇടകലർന്നുള്ള ഓരോ ചോദ്യങ്ങൾക്കും യാതൊരു മുഷിപ്പുമില്ലാതെ കൃത്യമായ മറുപടി കൊടുക്കാനും പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. കൈക്കൂലിക്കാരെ അഴിയിലാക്കാൻ സഹായിക്കുന്ന ഫിനോഫ്തലിൻ പൗഡർ ടെസ്റ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ പ്രദർശിപ്പിച്ച് ഫോറൻസിക് വിഭാഗവും, മോഴ്സ് കീ മുതൽ വയർലെസ് സെറ്റ് വരെ വിവിധ തരം വിനിമയ മാർഗങ്ങളുമായി ടെലി കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡിജിറ്റൽ പൊലീസിങ്ങിനായി തയ്യാറാക്കിയിട്ടുള്ള പോൽ ആപ്പ്, ലഹരി മരുന്നുകളുടെ ഉപയോഗവും വില്പനയും തടയുന്നതിനായി തയ്യാറാക്കിയിട്ടുള്ള യോദ്ധാവ് ആപ്പ് ഉൾപ്പടെയുള്ള വിവിധ സംവിധാനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇലന്തൂർ നരബലി കേസ്, മനോരമ വധക്കേസ്, ഉത്ര വധക്കേസ്, കൂടത്തായി കേസ്, പനമരം ഇരട്ടക്കൊലപാതകം, ചേർത്തല വധക്കേസ്, വിഴിഞ്ഞം വധക്കേസ്, വിസ്മയ കേസ് തുടങ്ങി കേരള പൊലീസിന് പൊൻതൂവലായി മാറിയ ഒരുപിടി കുറ്റാന്വേഷണങ്ങളുടെ വിവരങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

