Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരും ശ്രദ്ധിക്കപ്പെടാതെപോയ തെലങ്കാനയിലെ 'ഗൊള്ളല ഗുഡി' ക്ഷേത്രത്തിന് ദേശീയ സ്മാരക പദവി; കണ്ടെത്തിയത് 12-ാം നൂറ്റാണ്ടിന്‍റെ അടയാളം

text_fields
bookmark_border
ആരും ശ്രദ്ധിക്കപ്പെടാതെപോയ തെലങ്കാനയിലെ ഗൊള്ളല ഗുഡി ക്ഷേത്രത്തിന് ദേശീയ സ്മാരക പദവി; കണ്ടെത്തിയത് 12-ാം നൂറ്റാണ്ടിന്‍റെ അടയാളം
cancel

ഹൈദരാബാദ്: പതിറ്റാണ്ടുകളായി വേണ്ടത്ര ശ്രദ്ധയോ സംരക്ഷണോ ലഭിക്കാതെ ജീർണ്ണാവസ്ഥയിലായിരുന്ന തെലങ്കാനയിലെ ചരിത്രപ്രസിദ്ധമായ 'ഗൊള്ളല ഗുഡി' ക്ഷേത്രത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാലംപേട്ട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും ഈ തീരുമാനം പുതിയ വഴിതുറന്നിരിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രത്തിന് തെക്കുപടിഞ്ഞാറായിട്ടാണ് ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.

ചരിത്രപരമായ പൈതൃക നിയമങ്ങളുടെ പരിധിയിൽ വരുന്നതോടെ ഇതുവരെ ആളൊഴിഞ്ഞുകിടന്ന ഈ ക്ഷേത്രത്തിന്റെ പൂർണ്ണ സംരക്ഷണ ചുമതല ഇനി എഎസ്‌ഐ ഏറ്റെടുക്കും. സന്ദർശകർക്കായി വൈദ്യുതീകരണം, പ്രദേശം വൃത്തിയാക്കൽ, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഒരുക്കുന്നത് ഉൾപ്പെടെയുള്ള വിപുലമായ നടപടികളാണ് ഇനി മുതൽ ഇവിടെ നടപ്പിലാക്കുക. പന്ത്രണ്ടും പതിമൂന്നാമതും നൂറ്റാണ്ടുകളിലെ കാകതീയ ഭരണകാലത്തെ സവിശേഷമായ ശില്പകലാരീതികളുടെയും നിർമാണ വൈദഗ്ധ്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ പുരാതന ആരാധനാലയം.

ഒരു 'ത്രികൂടാലയ'ത്തിന്റെ മാതൃകയിലാണ് ഗൊള്ളല ഗുഡി നിർമിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനമുള്ള ഒരു മുഖമണ്ഡപവും അതിനുചുറ്റുമായി മൂന്ന് ഗർഭഗൃഹങ്ങളും ഒരു കേന്ദ്ര സ്തംഭ മണ്ഡപവും ചേർന്നതാണ് ഇതിന്റെ ഘടന. ചുവരുകളിലെ സൂക്ഷ്മമായ കൊത്തുപണികളും സങ്കീർണ്ണമായ ശില്പവേലകളും അന്നത്തെ കാലത്തെ ശില്പികളുടെ അതുല്യമായ കഴിവ് വിളിച്ചോതുന്നു. മേൽക്കൂരയുടെ അരികുകളിലെ അലങ്കാരപ്പണികളും, പ്രവേശന കവാടങ്ങളിലെ ഹംസങ്ങളുടെ കൊത്തുപണികളും, കല്ലിൽ തീർത്ത അതിമനോഹരമായ ജാളി പണികളും ഈ ക്ഷേത്രത്തെ മറ്റ് ചരിത്ര സ്മാരകങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

മതിൽക്കെട്ടുകളിലെ ചെറിയ മാടങ്ങളിൽ ഹൈന്ദവ ദൈവങ്ങളായ വിഷ്ണു, ലക്ഷ്മി, ഗണേശൻ, മഹിഷാസുരമർദ്ദിനി എന്നിവയുടെ മനോഹരമായ ശില്പങ്ങളും കാണാൻ സാധിക്കും. മൃഗങ്ങളുടെ രൂപങ്ങളും പൂക്കളുടെ ഡിസൈനുകളും കൊത്തിവെച്ച പീഠത്തിന്മേലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഭാവിയിൽ തെലങ്കാനയുടെ ടൂറിസം ഭൂപടത്തിൽ ഈ ക്ഷേത്രം ഒട്ടനവധി ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Telangana's Gollala Gudi temple gets national monument status
Next Story