Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഇത് നടുവനാട് സ്റ്റൈൽ

ഇത് നടുവനാട് സ്റ്റൈൽ

text_fields
bookmark_border
ഇത് നടുവനാട് സ്റ്റൈൽ
cancel

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനും ഇരിട്ടിക്കും ഇടയിലായി 21ാംമൈലിൽനിന്ന് കുറച്ചുമാറി ഹരിതസമൃദ്ധമായ നെൽവയലുകളും തെങ്ങിൻതോപ്പുകളും മാടിവിളിക്കുന്ന ഗ്രാമമുണ്ട്. പേര് നടുവനാട്. ‘നടുവയൽ നാടാണ്’ ലോപിച്ച് നടുവനാടായത്. സമദർശിനി ഗ്രന്ഥാലയവും നടുവനാട് സ്കൂളും നാടിന്റെ സാംസ്കാരിക മുഖങ്ങളായി തലയുയർത്തിനിൽക്കുന്നു. സംഘർഷഭരിതമായ ഒരു ഗതകാലത്തെ, സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും തുഴയെറിഞ്ഞ് തൂത്തെറിഞ്ഞ ഗ്രാമം.

മാറുന്ന നാടും കാലവും

കുറച്ചുകാലം മുമ്പുവരെ നിരന്തരം രാഷ്ട്രീയസംഘർഷങ്ങളായിരുന്നു ഇവിടെ. ഹൃദയത്തിൽ രാഷ്ട്രീയം വേലികെട്ടിത്തിരിച്ച നാളുകൾ. കണ്ണൂരിലെ പൊലീസിന്റെ പ്രശ്നബാധിത പട്ടികയിൽപെട്ട സ്ഥലം. എപ്പോൾ എവിടെ അക്രമം നടന്നാലും പൊലീസ് ക്യാമ്പ് ചെയ്തിരുന്ന ഒരിടം. പക്ഷേ, ഇന്ന് അതല്ല നടുവനാടിന് പറയാനുള്ള കഥ. ഇന്നും നടുവനാട്ടുകാർക്ക് അവരവരുടെ രാഷ്ട്രീയമുണ്ട്. പക്ഷേ, അതിർവരമ്പ് ലംഘിച്ചുള്ള അക്രമരാഷ്​ട്രീയമില്ല. നല്ല നാളേക്കുള്ള തലമുറകളെ സൃഷ്ടിക്കുന്ന നല്ലനാടായി മാറ്റാനുള്ള പ്രയത്നത്തിലാണ് ഇവിടത്തെ ജനങ്ങൾ. അതിന്റെ ഫലമായാണ് ‘നടുവനാട് കൂട്ടായ്മ’ രൂപം​കൊണ്ടത്. എല്ലാ പാർട്ടിക്കാരും കൈചേർത്തുപിടിച്ച് ഒരുമയുടെ രാഷ്ട്രീയം പറയുകയാണ് ഇവിടെ.

കൂട്ടായ്മ പിറക്കുന്നു

ഇനി കൂട്ടായ്മയെക്കുറിച്ച്. നാട്ടിലെ കൊച്ചുവർത്തമാനങ്ങളുടേയും സൊറ പറച്ചിലിന്റേയും കേ​ന്ദ്രമായ രാജേഷേട്ടന്റെ ഹോട്ടൽ. നടുവനാടിന്റെ സായന്തനങ്ങളിൽ ​നാട്ടിലെ ഒരുകൂട്ടം ചെറുപ്പക്കാർ കാരംസ് കളിക്കുന്നയിടം. മുമ്പ് പല രാഷ്ട്രീയ സംഘർഷങ്ങളുംകൊണ്ട് ഇവിടം കലുഷിതമായിരുന്നു. ആ കാലത്തിൽനിന്നുള്ള മോചനമായിരുന്നു, പുരോഗമന-യുവജനപ്രസ്ഥാനങ്ങളുടെ ഭാഗമായി നാടിന്റെ സാംസ്കാരികയിടങ്ങളിൽ നിത്യസാന്നിധ്യമായി മാറിയ ഒരുകൂട്ടം ചെറുപ്പക്കാരുടെ ആവശ്യം. അതിന് നിമിത്തമായത് രാജേഷിന്റെ ഹോട്ടലി​നോടനുബന്ധിച്ചുള്ള കാരംസ് കളിയും. വൈകുന്നേരങ്ങളിലെ ആ കാരംസ് കൂട്ടായ്മയിൽനിന്ന് പലതും ചർച്ചയായി. അങ്ങനെ അയൽദേശങ്ങളിലെ ചികിത്സാസഹായത്തിനായി ബുദ്ധിമുട്ടുന്നവരുടെ പ്രശ്നങ്ങളടക്കം ചർച്ചചെയ്യാൻ തുടങ്ങി. ആ ചെറുപ്പക്കാർ അവരുടെ കൈയിലുള്ള നാണയത്തുട്ടുകൾ ശേഖരിച്ച് മറ്റുള്ളവരുടെ സഹായത്തിനായും കൈനീട്ടി. നടുവനാട്ടിലെ നാട്ടുകാർ അവരുടെ സദുദ്യമത്തിൽ കൈയയച്ച് സഹായിച്ചു. അതവർക്ക് തുടർപ്രയാണത്തിന് ഇന്ധനംനൽകി. ജീവകാരുണ്യപ്രവർത്തനങ്ങളിൽ അവർ കാര്യമായി ഇടപെട്ടു.

അങ്ങനെയാണ് ‘നടുവനാട് കൂട്ടായ്മ’ എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്മ ഉണ്ടാകുന്നത്. പിന്നെ ജനകീയ കമ്മിറ്റിയായി. എല്ലാവരുംകൂടി ഒത്തൊരുമിച്ചുപോകണമെന്ന ആശയമുണ്ടായി. ചെയർമാനായി ബിജൂ വിജയനും കൺവീനറായി ഉസ്മാനും ട്രഷററായി പ്രതീഷും രക്ഷാധികാരിയായി പി.വി. മോഹനനും നേതൃത്വംനൽകി. ഈ കമ്മിറ്റിയാണ് നടുവനാട് കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകിയത്. എന്ത് പരിപാടി നടത്തുമ്പോഴും അതിന് ചുക്കാൻപിടിക്കുന്നത് പല പാർട്ടികളിലേയും പ്രവർത്തകർ കൂടിച്ചേർന്നായിരിക്കും.

സഹായ ഹസ്തവുമായി

റോഡ് ടാറിങ് മുതൽ വോളിബാൾ ടൂർണമെന്റുകൾ വരെ ഈ കുട്ടായ്മ ഏറ്റെടുത്തു. എല്ലാം വൻ വിജയവുമായി. ഇതരദേശങ്ങളിൽനിന്നുപോലും ആളുകൾ കേട്ടറിഞ്ഞുവന്നു. അതിലൂടെ ധനസമാഹരണം നടത്തി; ചികിത്സക്കായി പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് തണലേകാനും അശരണർക്ക് കൈത്താങ്ങേകാനും നടുവനാട് കൂട്ടായ്മ മുന്നിട്ടിറങ്ങി. കോവിഡ്കാലത്ത് ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ടെലിവിഷൻ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് എൽ.ഇ.ഡി ടി.വി നൽകാൻ മുന്നിട്ടിറങ്ങി നാടിന് മുതൽക്കൂട്ടായി. കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗ്രാമോത്സവവും നടത്തി.

ഇരുപതിലധികം കുടുംബങ്ങൾക്ക് ചികിത്സക്കും മറ്റുമായി സാന്ത്വനമേകാനും കൂട്ടായ്മക്ക് കഴിഞ്ഞു. ഓണത്തോടനുബന്ധിച്ച് ഇത്തവണ ഇവർ നടത്തിയ പരിപാടികൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. മുഴുവൻ മത്സരപരിപാടിയും നടന്നത് ചളിവയലിൽ. നാട്ടുകാർക്കത് പുതിയൊരനുഭവംതന്നെയായിരുന്നു. ചളിനിറഞ്ഞ വയലിൽ കമ്പവലിയും കസേരകളിയും ഡാൻസും ഓണത്തല്ലും എന്നുവേണ്ട, പല പരിപാടികളും. ഞാറുനടലായിരുന്നു മറ്റൊരിനം. ഒരു നാടുമുഴുവൻ ആഘോഷത്തിൽ പങ്കാളികളായി. ലഹരിവർജനം മുഖ്യവിഷയമായി എടുത്ത യൗവനമാണ് ഇവിടത്തെ ചെറുപ്പക്കാർ. നടുവനാട് കൂട്ടായ്മ ലഹരിക്കെതിരെ പ്രവർത്തിക്കാൻ ജനങ്ങളെ സജ്ജരാക്കുകയും ചെയ്യുന്നുണ്ട്. സമദർശിനി വായനശാല ​കേന്ദ്രീകരിച്ച് നടത്തുന്ന ‘ലഹരിമുക്തി’ മിഷനിൽ കൂട്ടായ്മയിലെ അംഗങ്ങൾ പ്രവർത്തിക്കുന്നു.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MattannurNaduvanad
News Summary - story of Naduvanad
Next Story