ചിതയിലെ നിലവിളി
text_fieldsകമ്പനിയുടെ രണ്ടാമത്തെ മീറ്റിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമയം ഏകദേശം ഉച്ചയായിരുന്നു. കോഫി ഷോപ്പിലിരുന്ന് കോഫിക്ക് ഓർഡർ ചെയ്തതിനുശേഷം മടുപ്പുമാറ്റാൻ വേണ്ടി വാട്സ്ആപ് തുറന്നപ്പോഴായിരുന്നു പത്താം ക്ലാസ് ബാച്ചിലെ ഗ്രൂപ്പിൽ തുടർച്ചയായി ആദരാഞ്ജലി സ്റ്റിക്കറുകൾ വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടെ പഠിച്ച രാഘവൻ മരണപ്പെട്ടിരിക്കുന്നു. അവന് എന്താണ് സംഭവിച്ചതെന്നോ എങ്ങനെയാണ് മരിച്ചതെന്നോ ആരും ചോദിക്കുന്നത് കണ്ടില്ല. ആദരാഞ്ജലിയുടെ ഒരു സ്റ്റിക്കർ ഗ്രൂപ്പിൽ അയച്ച് എന്തോ വലിയ ഉത്തരവാദിത്തം നിർവഹിച്ച സംതൃപ്തിയോടെ ഞാനും മാറിനിന്നു.
ശരിക്കും പറഞ്ഞാൽ അവന്റെ വീട് എന്റെ വീട്ടിൽ നിന്ന് മൂന്നുനാല് വീടുകൾക്കപ്പുറമാണ്. എന്നിട്ടും രാവിലെ സംഭവിച്ച അവന്റെ മരണം അറിയാൻ വൈകുന്നേരമായതിൽ എനിക്ക് വിചിത്രമായ കുറ്റബോധം തോന്നി. രാഘവൻ എനിക്ക് വെറും ഒരു സുഹൃത്ത് മാത്രമായിരുന്നില്ലല്ലോ. ഒരു കാലത്ത് ഞാൻ മനസ്സ് തുറന്ന് സംസാരിച്ചിരുന്ന ഒരു ആത്മസുഹൃത്തായിരുന്നു. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. സ്കൂളിൽ ഉച്ചഭക്ഷണം ഞങ്ങൾ പങ്കുവെച്ചായിരുന്നില്ലേ കഴിക്കാറ്? പിന്നെ എപ്പോഴായിരുന്നുവോ ഞങ്ങൾ അകന്നത്?
എത്ര കാലമായി ഞങ്ങൾ ഒന്ന് നേരിട്ട് സംസാരിച്ചിട്ട്. കൃത്യമായി പറഞ്ഞാൽ നാലുവർഷം മുമ്പ് കോവിഡ് കാലത്തായിരുന്നു. ബിസിനസെല്ലാം തകർന്ന് ഒരു തിരക്കുമില്ലാതെ തറവാട് വീട്ടിന്റെ വരാന്തയിലെ ചാരുകസേരയിൽ എന്തൊക്കെയോ ചിന്തകളുമായി ഇരിക്കുമ്പോഴായിരുന്നു അവൻ വന്നത്. കുറേ സമയം കൂടെ ഇരുന്നു. ഒരുപാട് സമാധാനിപ്പിച്ചു. പിന്നീട് തിരക്കുകൾക്കിടയിൽ ഞാൻ അവനെ മറന്നു.
കോഫി ഷോപ്പിൽ നിന്നും ഇറങ്ങി കാറിൽ ഞാൻ രാഘവന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവന്റെ വീടിന്റെ മുന്നിലെ റോഡിൽ എത്തിയപ്പോൾ ‘നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷത്തോടെ അവസാന യാത്രയാക്കാൻ വിളിക്കൂ. ട്രൂത്ത് ശവസംസ്കാര ഗ്രൂപ്പ്’ എന്ന് പരസ്യം എഴുതിയ വാഹനം പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.
മുറ്റത്തെ ആളുകൾ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നതുകണ്ടു. കുറച്ച് ചെറുപ്പക്കാർ കസേരയിൽ ഇരിപ്പുണ്ട്. ലോകത്ത് ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അവർ ഫോണിൽ നോക്കിയിരിക്കുകയാണ്. വീടിന്റെ അകത്തേക്ക് കടന്നപ്പോൾ ഹാളിലെ നിലത്ത് രാഘവൻ ശാന്തനായി കിടക്കുന്നു. മുറിയിൽ മരണത്തിന്റെ ഗന്ധം. വേർപാടിന്റെ പേടിപ്പെടുത്തുന്ന നിശ്ശബ്ദത തളംകെട്ടിനിൽക്കുന്നു. കുറച്ച് അപ്പുറത്ത് അവന്റെ അമ്മയും സഹോദരിമാരും മുഖം ചുമരിലേക്ക് തിരിച്ച് തളർന്നുകിടക്കുന്നുണ്ട്.
‘എന്താണ് സംഭവിച്ചത്?’
വരാന്തയിലെ കസേരയിൽ ഇരുന്ന ബന്ധുവെന്ന് തോന്നിക്കുന്ന ഒരാളോട് ഞാൻ ചോദിച്ചു.
‘ആത്മഹത്യ.’
അയാൾ ഒരു വാക്കിൽ എല്ലാം ഒതുക്കി.
മുറ്റത്തിന്റെ ഒരു വശത്തായി യൂണിഫോം ധരിച്ച മൂന്നുനാല് ചെറുപ്പക്കാർ ചിതയൊരുക്കുന്നത് കണ്ടു. അവരുടെ ടീഷർട്ടിൽ അവരുടെ ഗ്രൂപ്പിന്റെ പേര് എഴുതിയിട്ടുണ്ട്. മുഖത്ത് ദുഃഖത്തിന്റെ യാതൊരു വികാരവും അവരിൽ കാണപ്പെട്ടില്ല. പതിവ് ജോലി ചെയ്യുന്ന ഒരു ശാന്തത മാത്രം. ഞാൻ മുറ്റത്തേക്കിറങ്ങി ഒഴിഞ്ഞ വശത്തേക്ക് മാറിനിന്ന് വാട്സ്ആപ്പിൽ അവൻ അവസാനമായി ഗ്രൂപ്പിൽ അയച്ച മെസേജ് വായിച്ചുനോക്കി.
‘പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോൾ ജീവിതം പേടിപ്പെടുത്തുന്ന ശൂന്യതയാണ്.’
ആരൊക്കെയോ അതിന് ലൈക്ക് അടിച്ചിട്ടുണ്ട്. അവന്റെ സ്റ്റാറ്റസ് ഇപ്പോഴും അവിടെ കിടക്കുന്നത് കണ്ടു.
‘മരണം ഭയാനകമാണ്. ചില സമയങ്ങളിൽ ജീവിതം അതിലും ഭയാനകമായി അനുഭവപ്പെടും. അപ്പോൾ മരണമാണ് സുഖം എന്ന് തോന്നും. ഞാൻ പോകുകയാണ്.’
ആ വരികൾ കണ്ടപ്പോൾ എന്റെ കൈകൾ വിറച്ചു. സ്റ്റാറ്റസ് കണ്ട ഉടനെ അവനെ ഒന്ന് വിളിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ‘എന്താ പ്രശ്നം?’ എന്നെങ്കിലും ചോദിച്ചിരുന്നെങ്കിൽ അവൻ ഇന്ന് ഇങ്ങനെ കിടക്കില്ലായിരുന്നു എന്ന ചിന്ത എന്നെ വല്ലാതെ വേട്ടയാടി.അപ്പോഴായിരുന്നു അവൻ എനിക്കയച്ച മെസേജ് ഞാൻ ശ്രദ്ധിച്ചത്.
‘എടാ, നീ എപ്പോഴാണ് ഫ്രീ ആവുക? ഒന്ന് സംസാരിക്കാനാണ്.’
ആ മെസേജ് ഇപ്പോഴാണ് ഞാൻ കാണുന്നത്.
വീടിന്റെ അകത്തളത്തിൽനിന്നും രോദനങ്ങൾ മുഴങ്ങിക്കേട്ടു. പതുക്കെ ചിതയിൽ തീ പടർന്നു. ജ്വാലകൾ മുകളിലേക്ക് ഉയരുമ്പോൾ ജീവിക്കാനുള്ള അവന്റെ നിശ്ശബ്ദമായ നിലവിളി എന്റെ കാതിൽ തുളച്ചുകയറി. അതിൽനിന്ന് ഉയർന്ന പുകയും ചൂടും മുഖത്ത് തട്ടിയപ്പോൾ അവന് അനുഭവപ്പെട്ട ശൂന്യതയുടെ ആഴങ്ങൾ എനിക്ക് മനസ്സിലായി.
എന്തോ വല്ലാത്തൊരു കുറ്റബോധത്തോടെ തീ പൂർണമായും കത്തിത്തീരുന്നതുവരെ ഞാൻ അവിടെ തന്നെ നിന്നു. അപ്പോഴേക്കും ഏകദേശം എല്ലാവരും പോയിക്കഴിഞ്ഞിരുന്നു.
അവസാനം ജോലികൾ പൂർത്തിയാക്കി ശവസംസ്കാര ഗ്രൂപ്പിലെ ആളുകൾ ബിൽ കൊണ്ടുവന്ന് ആർക്ക് കൊടുക്കണമെന്ന ആശയക്കുഴപ്പത്തിൽ മുറ്റത്ത് നിന്നു. അത് കൈപ്പറ്റാൻ യോഗ്യൻ ഞാനാണെന്ന് എനിക്ക് തോന്നി.
സുഹൃത്തിനോടൊപ്പം അവസാനമായെങ്കിലും കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞ ആശ്വാസത്തിൽ, കത്തിത്തീരാത്ത കുറേ ഓർമകളുടെ ചൂടുമായി തിരികെ വീട്ടിലേക്ക് നടന്നു. അപ്പോഴും ആദരാഞ്ജലിയുടെ സ്റ്റിക്കറുകൾ അയച്ച് ഓരോരുത്തരും അവരുടെ കർത്തവ്യങ്ങൾ നിർവഹിച്ചുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

