ഓർമകളുടെ പുനർവായനക്കായി അപൂർവ പത്രശേഖരവുമായി ഷാബൂസ്
text_fieldsഷാബൂസിന്റെ ശേഖരത്തിലുള്ള പഴയകാല പത്രങ്ങൾ
ചെറുവാടി: ഇന്ത്യ സ്വതന്ത്രമായ ചരിത്ര മുഹൂർത്തം, മഹാത്മാ ഗാന്ധിയുടെ വിയോഗം, ബാഫഖി തങ്ങളുടെ മക്കയിലെ അന്ത്യയാത്ര, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വേർപാടുകൾ, ബാബരി മസ്ജിദ് തകർച്ച, നെൽസൺ മണ്ടേലയുടെ മോചനം... അങ്ങനെ ലോകത്തെയും രാജ്യത്തെയും മാറ്റിമറിച്ച ചരിത്ര മുഹൂർത്തങ്ങൾ. ലാത്തൂർ ഭൂകമ്പം, അമേരിക്കയിലെ ഭീകരാക്രമണം, ഗദ്ദാഫിയുടെയും സദ്ദാമിന്റെയും പതനം മുതൽ കെ. കരുണാകരൻ, ഇ.കെ. നായനാർ, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ വിയോഗവാർത്തകളും ഒടുവിൽ ചൂരൽമലയിലെ കണ്ണീരിൽ കുതിർന്ന ദുരന്തവാർത്തയും വരെ അച്ചടിച്ചുവന്ന ദിനപത്രങ്ങളുടെ അപൂർവ ശേഖരമുണ്ട് ചെറുവാടിയിലെ ‘മരുപ്പച്ച’ വീട്ടിൽ.
ചരിത്രകാരനും അധ്യാപകനുമായിരുന്ന പരേതനായ അബ്ദു ചെറുവാടി തുടക്കമിട്ട പത്രശേഖരണം, പുതിയ കാലത്തെ വാർത്താദിനങ്ങൾ കൂട്ടിച്ചേർത്ത് ഇന്നും അതിജാഗ്രതയോടെ കാത്തുസൂക്ഷിക്കുകയാണ് മകൻ ഷാബൂസ് അഹമ്മദ്. ആകാശവാണിയിലെ വാർത്തകൾ കഴിഞ്ഞാൽ, ലോകവിശേഷങ്ങൾ കൂടുതൽ അറിയാനുള്ള ത്വരയിൽ പുലർച്ച ദിനപത്രങ്ങളുടെ വരവും കാത്തിരുന്ന ഒരു തലമുറയുണ്ടായിരുന്നു. അവരെ ആവേശം കൊള്ളിച്ച അനേകം വാർത്തകൾ, യുദ്ധങ്ങളും അധികാര കൈമാറ്റങ്ങളും, എ.കെ. ആന്റണിയുടെ വിവാഹവും ഡയാന രാജകുമാരിയുടെ വേർപിരിയലും അടക്കം ഈ ശേഖരത്തിലുണ്ട്.
ഗൃഹാതുരത്വം ഉണർത്തുന്ന നൂറോളം പത്രങ്ങൾ. മലയാളത്തിൽ നിലവിലുള്ളതും ശൈശവഘട്ടത്തിലും അകാലത്തിലുമായി പൊലിഞ്ഞുപോയതുമായ നൂറോളം ദിനപത്രങ്ങളുടെയും സായാഹ്ന പത്രങ്ങളുടെയും അപൂർവ കോപ്പികളാണ് ഈ ശേഖരത്തിലെ ഏറ്റവും നല്ല കാഴ്ച. ‘ഉത്തരദേശം’ സായാഹ്ന പത്രം മുതൽ ഗോസിപ്പ് വാർത്തകൾ നിറഞ്ഞ ‘തനിനിറം’, കോഴിക്കോടിന്റെ സായാഹ്ന കൗതുകമായിരുന്ന ‘പ്രദീപം’, ‘തെക്കൻ കാറ്റ്’ വരെയുള്ള അച്ചുനിരത്തൽ കാലത്തെ പത്രങ്ങളുടെ ഘടനയും ഇന്ന് മാധ്യമരംഗത്തുണ്ടായ മാറ്റവും പുതിയ തലമുറക്ക് പഠിക്കാൻ ഈ അമൂല്യ ശേഖരം സഹായിക്കും.
മൊബൈൽ അടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സമയം ചെലവഴിക്കുന്ന പുതുതലമുറക്ക് കേരളത്തിൽ ഇത്രയധികം ദിനപത്രങ്ങൾ ഇറങ്ങിയിരുന്നുവെന്ന ചരിത്രം പുതിയ അറിവായിരിക്കും. മലയാള ഭാഷയിലെ ഉച്ചാരണ രീതിയിലുണ്ടായ മാറ്റങ്ങളും വാക്കുകൾ എഴുതുന്നതിലെ പരിഷ്കാരങ്ങളും മനസ്സിലാക്കാൻ ഈ പത്രശേഖരം വരുംതലമുറക്ക് വലിയ പാഠപുസ്തകമാണ്.
2019ലെ പ്രളയത്തിൽ ചെറുവാടി മില്ലത്ത് മഹലിനോട് ചേർന്ന് അബ്ദു ചെറുവാടിയുടെ ഓർമക്കായി സ്ഥാപിച്ച ഹെറിറ്റേജ് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന ശേഖരത്തിലെ ചില അമൂല്യ കോപ്പികൾ നശിച്ചുപോയിരുന്നു. ബാക്കി ചരിത്രരേഖകളെ ഷാബൂസ് നെഞ്ചോട് ചേർത്തു സൂക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

