നാടൊഴുകിയെത്തി; പന്തല്ലൂരിന്‍റെ കലാമാമാങ്കമായി ഗ്രാമരാവ്
text_fieldsസഫ്ദർ ഹശ്മി കൾച്ചറൽ സെന്‍റർ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് പന്തല്ലൂരിൽ സംഘടിപ്പിച്ച ഗ്രാമരാവ് 2025 കലാസാഹിത്യ സംഗമം ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്യുന്നു
മഞ്ചേരി: പ്രായഭേദമന്യെ ഗ്രാമം മുഴുവൻ ഒഴുകിയെത്തി; പന്തലൂരിന്‍റെ കലാമാമാങ്കം ഗ്രാമരാവ് 2025 നാടിന്‍റെ ഉത്സവമായി. വർണക്കൂട്ട് ചിത്രരചനാ ക്യാമ്പ്, ചൊല്ലും പറച്ചിലും-സാഹിത്യ ശിൽപ്പശാല, സൊറക്കൂട്ടം 70@70, കുട്ടിക്കൂട്ടം, ചിത്രപ്രദർശനം തുടങ്ങി രണ്ടു ദിവസങ്ങളിലായി നടന്ന വൈവിധ്യമാർന്ന പരിപാടികൾക്കു ശേഷമാണ് കലാസംഗമത്തോടെ ഗ്രാമരാവിന് സമാപനമായത്. കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ നാടൻ കലാരൂപങ്ങളോടെയാണ് കലാപരിപാടികൾ തുടങ്ങിയത്. സഫ്ദർ ഹശ്മി കൾച്ചറൽ സെന്‍റർ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റാണ് പന്തല്ലൂരിൽ കലാസാഹിത്യ സംഗമം ഒരുക്കിയത്.
പ്രശസ്ത ഗായകൻ ഫിറോസ് ബാബു സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളെ ജാഗ്രതയോടെ ചേർത്തു നിർത്തേണ്ട കാലമാണിതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യഥാർഥ മൂല്യങ്ങൾ ചോർന്നുപോകാത്ത വിധം കുട്ടികളെ കലകൾ പരിചയപ്പെടുത്തണം. ജാതി മതങ്ങൾക്കതീതമായ സാഹോദര്യം സമൂഹത്തിൽ സൃഷ്ടിക്കാൻ കലകൾക്കു സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത സിനിമ-സീരിയൽ താരം ഗായത്രി വർഷ മുഖ്യാതിഥിയായി. കേരളം കൈവരിച്ച നേട്ടങ്ങളെയും പുരോഗതിയെയും ഐക്യത്തെയും തകർക്കാനുള്ള ഗൂഢാലോചനയാണ് സംസ്ഥാനത്തെ മയക്കുമരുന്നു വ്യാപനത്തിന്‍റെയും വാർത്തകളുടെയും പിന്നിലെന്നത് തിരിച്ചറിയണമെന്ന് അവർ ഓർമിപ്പിച്ചു.
പ്രതിരോധം തീർക്കേണ്ടത് നമ്മളാണ്. നാടിന്‍റെ സംരക്ഷണത്തിന് ജനങ്ങൾ ജാകരൂകരാകണം- ഗായത്രി വർഷ ഓർമിപ്പിച്ചു. സംഗീത സംവിധായകൻ സാദിഖ് പന്തലൂർ അതിഥിയായി. ആനക്കയം പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ, പി.ടി. മണികണ്ഠൻ, എം. രജീഷ് എന്നിവർ സംസാരിച്ചു. സഫ്ദർ ഹശ്മി കൾച്ചറൽ സെന്‍റർ പ്രസിഡണ്ട് എം. അബൂബക്കർ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ എം. കുഞ്ഞാപ്പ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് പി. നാരായണൻ, പന്തലൂർ റൂറൽ ഹൗസിങ് സഹകരണ സംഘം പ്രസിഡന്‍റ് പുഴക്കൽ ഷരീഫ്, സംഘാടക സമിതി കൺവീനർ എം. പ്രശാന്ത്, കെ. ശ്രീധരൻ, മേജി പ്രകാശ്, എൻ.കെ. കാർത്തിക, എ.ടി. പ്രകാശൻ, ഇ.എ. മജീദ്, ഐ. ശ്രീധരൻ, പി.ടി. വിനോയ് തുടങ്ങിയവർ സാന്നിധ്യമായി. ഫിറോസ് ബാബു, സാദിഖ് പന്തലൂർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
അങ്കണവാടി വിദ്യാർഥികൾ ഉൾപ്പെടെ പന്തലൂരിലെ കലാപ്രതിഭകൾ പ്രായംമറന്നു ചുവടുവച്ച കലാപ്രകടനങ്ങൾ ഏറെ ആകർഷകമായി. തച്ചിങ്ങനാടം നവചേതന നാട്ടറിവ് സംഘം പി.ടി. ബാബുവിന്‍റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു.
രാവിലെ നടന്ന ‘കുട്ടിക്കൂട്ടം’ കുട്ടികളുടെ സംഗമം എഴുത്തുകാരൻ എം. കുഞ്ഞാപ്പ നയിച്ചു. ഐ.പി. ബാബു, നിജിൽ ജനാർദ്ദനൻ എന്നിവർ പരിശീലനം നൽകി. ചിത്രപ്രദർശനം ഗ്രാമപഞ്ചായത്തംഗം ഒ.ടി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ചിത്ര പ്രദർശനം തുടരുന്നു. ഷബീബ മലപ്പുറം, മുഖ്താർ ഉദരംപൊയിൽ, മുരളി പന്തലൂർ, സുരാജ്, സാരംഗ്, റിജേഷ് പന്തലൂർ തുടങ്ങിയവരുടെ ചിത്രങ്ങളും വർണക്കൂട്ട് ക്യാമ്പിൽ വരച്ചവയുമടക്കം ഇരുന്നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ടി.പി. രഘുനാഥ്, പി.വി. അജയസിംഹൻ, വി.പി. ജയപ്രകാശ്, വി.പി. ബാലസുബ്രഹ്മണ്യൻ, എ. സരോജിനി, പി. രമേശൻ, എം.എം. ഫിറോസ്, സി. രാജീവ്, പി. ജിഷ്ണു, വിമൽ, റിജേഷ്, പി. സുധീഷ് തുടങ്ങിയവർ ഗ്രാമരാവിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.