ഇന്ന് വായനദിനം; നാടിൻ വെളിച്ചമായി വിത്തനശേരി വായനശാല
text_fieldsവിത്തനശേരിയിലെ എൻ.എം.എം.വൈ.എം.സി വായനശാല
നെന്മാറ: മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതക്കരികിൽ വിത്തനശേരിയിൽ തലയുയർത്തി നിൽക്കുന്ന എൻ.എം.എം.വൈ.എം.സി വായനശാല ഒരു ഗ്രസ്ഥശാല മാത്രമല്ല, ഗ്രാമീണ നൻമയുടെയും സംസ്കാരത്തിന്റെയും പ്രതീകം കൂടിയാണ്. പതിനേഴായിരത്തിലധികം പുസ്തകങ്ങളും രണ്ട് ഡസനോളം പത്ര-മാസികകളും ഇവിടെയുണ്ട്. ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വായനശാലയിൽ 1083 അംഗങ്ങളാണുള്ളത്. 1955 ൽ വിത്തനശേരിയിലെ ആദ്യ സ്കൂളിന്റെ സ്ഥാപകനും വിത്തനശേരി സഹകരണ ബാങ്കിന്റെ ആദ്യ പ്രസിഡൻറുമായ പൂക്കോട് നാരായണ മന്ദാടിയാരുടെ സ്‌മരണാർഥമാണ് ഗ്രന്ഥശാല രൂപം കൊണ്ടത്.
നാരായണ മന്ദാടിയാർ തുടക്കമിട്ട യുവാക്കളുടെ കൂട്ടായ്മയാണ് പിൽക്കാലത്ത് വായനശാലയായി തീർന്നത്. 1958 ൽ ലൈബ്രറി കൗൺസിൽ അംഗീകാരം ലഭിച്ചു. പുസ്തകം ശേഖരിക്കാൻ സംസ്കൃതപണ്ഡിതനും ഉപജില്ല വിദ്യാഭ്യാസ ഓഫിസറുമായിരുന്ന പി.എ. പശുപതിനാഥൻ ഉൾപ്പെടെയുള്ള പ്രമുഖർ മുന്നിട്ടിറങ്ങിയിരുന്നു. മൃദംഗവിദ്വാനും അധ്യാപകനുമായ വിത്തനശേരി മധുസൂദനനെപ്പോലുള്ളവർ വായനശാലയുമായി ചേർന്ന് പ്രവർത്തിച്ചു.
ക്യാമ്പുകളും ക്ലാസുകളും ശാസ്ത്രസെമിനാറുകൾ, ക്വിസ് മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കാറുണ്ട്. റെഡ് റിബ്ബൺ ക്ലബ്, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവയുടെ സംഘാടനത്തിലും മുന്നിലാണ്. കർഷക കോർണർ കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും നൂതന കൃഷിരീതികളുടെ പരിചയപ്പെടുത്തലും നടത്തുന്നു. തൊഴിൽ പരിശീലനവും, മത്സരപരീക്ഷ പരിശീലനവും വായനശാലയുടെ നേതൃത്വത്തിൽ നടത്തുന്നു. മുൻ നെന്മാറ എം.എൽ.എ കെ. ബാബുവിന്റെ ഫണ്ടിൽ നിന്ന് ഇരുപത്തിരണ്ടായിരം രൂപയുടെ പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് കഴിഞ്ഞ വർഷം ലഭിച്ചു. 2005 ൽ സുവർണ ജൂബിലി ഭാഗമായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമായി. 2026 ഒക്ടോബർ 26 ന് വായനശാല സപ്തതി ആഘോഷിക്കാൻ തയാറെടുക്കുകയാണ് ഭരണസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

