Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഇന്ന് വായന ദിനം; നാല്...

ഇന്ന് വായന ദിനം; നാല് പതിറ്റാണ്ട് പിന്നിട്ട് അബ്ദുൽ കാദറിന്റെ പത്രവാർത്ത സമാഹരണ യജ്ഞം

text_fields
bookmark_border
ഇന്ന് വായന ദിനം; നാല് പതിറ്റാണ്ട് പിന്നിട്ട് അബ്ദുൽ കാദറിന്റെ പത്രവാർത്ത സമാഹരണ യജ്ഞം
cancel

കൊടുങ്ങല്ലൂർ (തൃശൂർ): വായന മാത്രമല്ല വായിച്ചവയിലേറെയും കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അറിവിന്റെ കരുതലും മഹാശേഖരവുമാക്കി ജീവിതം അടയാളപ്പെടുത്തുകയാണ് മുൻ പ്രവാസിയായ ഏറാട്ടുപറമ്പിൽ അബ്ദുൽകാദർ. 73ാം വയസ്സിലും വാർത്താശേഖരണം ജീവിതചര്യയുടെ ഭാഗമാക്കിയ അബ്ദുൽ കാദറിന്റെ കൊടുങ്ങല്ലൂർ പുല്ലൂറ്റ് മഞ്ഞന ദേശത്തെ വീടിന്റെ പൂമുഖം അതിന്റെ ആകർഷക സാക്ഷ്യമാണ്. ഷെൽഫിന്റെ അലങ്കാരം ഭംഗിയായി സൂക്ഷിച്ച 50,000ത്തോളം വാർത്തകൾ ഉൾക്കൊള്ളുന്ന 50നടുത്തുള്ള ആൽബങ്ങളാണ്. ഇതിൽ നാൽപതിനായിരത്തോളം ‘മാധ്യമം’ വാർത്തകളാണെന്ന പ്രത്യേകതയുമുണ്ട്. തീയതി കുറിച്ച് ഓരോ വാർത്തകളും ആൽബത്തിൽ ഒട്ടിച്ചിരിക്കുന്നു.

നല്ലൊരു ഭാഗം ആൽബങ്ങളും വിഷയാധിഷ്ഠിതമാണ്. അത്യാവശ്യം റഫറൻസിനും ഉപകരിക്കും. കെ.കെ.ടി.എം ഗവ. കോളജ്, പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, കൊടുങ്ങല്ലൂർ പി.ബി.എം.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നടത്തിയ വാർത്താപ്രദർശനത്തിന് ലഭിച്ച പ്രശംസ ദൗത്യത്തിന് ലഭിച്ച വലിയ അംഗീകാരമായി അബ്ദുൽ കാദർ കാണുന്നു. വാർത്തകൾ തേടി വരുന്നവരും കുറവല്ല.

ഒരു ആൽബം ഗസ്സയുടെ നെഞ്ച് പിളർക്കുന്ന കാഴ്ചകളും വിവരങ്ങളുമാണെങ്കിൽ മറ്റൊന്നിൽ കോവിഡിന്റെ അസ്വസ്ഥജനകമായ ബഹുതല വാർത്തകളാണ്. പൗരത്വ നിയമത്തിന്റെ വിഹ്വലതകളും പ്രക്ഷോഭ പോരാട്ടങ്ങളാണ് മറ്റൊന്നിൽ നിറയുന്നത്. 2018ലെ പ്രളയത്തിന്റെ സചിത്ര വാർത്തകൾ ആധിയോടെയും വയനാട് ദുരന്തം കണ്ണീരോടെയും വായിച്ചെടുക്കാം.

ഡൽഹിയിലെ കർഷകസമരവും കായികരംഗവും ആൽബങ്ങളിലുണ്ട്. ഇന്ത്യയുടെയും കേരളത്തിന്റെയും രാഷ്ട്രീയഭരണ ഗതിവിഗതികളും സംഭവ വികാസങ്ങളും വായിച്ചെടുക്കാം. ധാരാളം കൗതുക-അപൂർവ വാർത്തകളുമുണ്ട്.

ഇപ്പോഴും ദിവസം അഞ്ച് പത്രം വായിക്കുന്ന ഇദ്ദേഹം ഒരു മണിക്കൂർ പ്രധാന വാർത്തകളുടെ സമാഹരണത്തിനും ആൽബമാക്കുന്നതിനും മാറ്റിവെക്കുന്നു. പാഴ് കടലാസുകളിലും വാർത്തകൾ തിരയാറുണ്ട്. 1976ൽ മുംബൈയിൽനിന്ന് കപ്പലിൽ ഖത്തറിലെത്തിയ അബ്ദുൽ കാദറിന്റെ ഗൗരവതരമായ വാർത്താകമ്പത്തിന് പിന്നിൽ ഒരു തർക്കത്തിന്റെ കഥയുണ്ട്. ഖത്തറിലെത്തി മൂന്നാം ദിവസം മുതൽ അവിടെ കിട്ടുന്ന മലയാള പത്രങ്ങൾ മൂന്നര കിലോമീറ്റർ നടന്നുപോയാണ് വാങ്ങിയിരുന്നത്. ഒരിക്കൽ താൻ വായിച്ച ഒരു വാർത്ത മറ്റുള്ളവർ പത്രത്തിൽ ഉണ്ടായില്ലെന്ന് പറഞ്ഞ് തർക്കിച്ചു. പത്രം സൂക്ഷിക്കാതിരുന്നതിനാൽ തന്റെ വാദം തെളിയിക്കാനുമായില്ല. അന്നുമുതലാണ് വാർത്ത വെട്ടി സൂക്ഷിക്കാൻ തുടങ്ങിയത്.

വാർത്താകമ്പം വഴി ദുരനുഭവവും ഉണ്ടായി. ഖത്തറിൽനിന്ന് നാട്ടിലേക്ക് പോരുന്നതിനിടെ എയർപോർട്ടിൽ വെച്ച് പെട്ടി പിടികൂടി. പെട്ടി തുറന്നപ്പോൾ നിറയെ ഇംഗ്ലീഷ്, അറബ്, മലയാളം ഉൾപ്പെടെ വാർത്താശേഖരം. ഇതോടെ അബ്ദുൽ കാദറിനെ ചാരനെന്ന് സംശയിച്ച ഉദ്യോഗസ്ഥർ താൽക്കാലിക ജയിലിലേക്ക് മാറ്റിയെങ്കിലും നിരപരാധിത്വം ബോധ്യമായതോടെ വിട്ടയച്ചു. വീടിന് മുകളിൽ സൂക്ഷിച്ച ആദ്യകാലത്തെ വലിയൊരു വാർത്താശേഖരം നശിച്ചതായും അബ്ദുൽ കാദർ പറഞ്ഞു. ഭാര്യ സുഹറയും മക്കളായ റയ്ഹാനത്തും റഹ്മത്തും മരുമക്കളായ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ അബ്ദുൽ ജബ്ബാറും (എറിയാട്) ഷാബിലും (കുവൈത്ത്) അബ്ദുൽ കാദറിന് പ്രചോദനമായുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading dayThrissur News
News Summary - reading day
Next Story