Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightപാറമട -കഥ

പാറമട -കഥ

text_fields
bookmark_border
പാറമട -കഥ
cancel

പുകപാറുന്ന വിറകിനെ ചൂട്ടായ് ആകാശത്തിലേക്കുയർത്തി തനിക്കുമാത്രം സാധ്യമാകുന്ന പ്രത്യേക രീതിയിൽ നാക്കിളക്കികൊണ്ട് ബാലൻ ചെണ്ട കൊട്ടിയപ്പോൾ വിറകിന്‍റെ അറ്റത്തു നിന്നും തെറിച്ച തീപ്പൊരികൾ ഉണങ്ങിയ പുല്ലിൽ കിടന്നു പുകഞ്ഞു. ശരീരത്തിൽ നിന്നും ആവിയായി പോകുന്ന ജലകണികകളൊക്കെ വീർത്ത ശക്തിപ്രവാഹമാണെന്നും അതിന് വിയർപ്പിന്‍റെ രൂക്ഷനാറ്റം പോയതായും കണ്ടുനിന്ന രമേഷന് തോന്നി. പാറമടയിൽ തീ പടരുന്ന നേരമാണ്. ടിപ്പറിൽ തുറന്നടാങ്കിൽ കടലുവെള്ളം നിറച്ച് കൊണ്ടുവന്നത് ദാഹമകറ്റുന്നത്തിനു പോലും തികായാതെ വരും. പാറമടയിലേക്ക് ചരിഞ്ഞു കയറുന്ന റോഡിലെ നിറഞ്ഞ പൊടികളാണ് പകുതി വെള്ളവും കുടിച്ച് വറ്റിക്കുന്നത്. വേനലിന്‍റെ കെടുതി മറിയുന്നതിനുമുമ്പ് വെള്ളത്തിന്‍റെ കുത്തൊഴുക്ക് ഭൂമിയുടെ അകകാമ്പിൽ നിന്നും പാറമടയിലൂടെ പുറത്തേക്കൊഴുകും. അതിനുവേണ്ടി കലക്ടറുടെ അനുമതി പറ്റി ജോസഫ്മാത്യൂ ബോർവണ്ടികളുമായി ഇന്ന് പാറമടയിലെ കുന്ന് കയറി വരും.

പട്ളയിലെ കൊറഗന്മാർ കുട്ടമെടയുന്ന വള്ളിയും പുകയുന്ന വിറകും ശേഖരിച്ചിരുന്ന കാടായിരുന്നു പാറമട. പത്തിവിടർത്തിയാടുന്ന മൂർഖനേയും പീലി വിടർത്തിയാടുന്ന മയിലിനേയും നിറഞ്ഞ കണ്ണോടെ കണ്ട കൊറഗരുണ്ട്. വേരുകൾക്കിടയിലെ 'നെര' കുഴിച്ച് ചൂട് വെള്ളത്തിൽ ഉപ്പിട്ട് വേവിച്ച് കൊറഗരുടെ ആമാശയത്തിലെ വിശപ്പിന്‍റെ ആസിഡുകളെ കൊന്നും നാടോടികഥകളിലെ നിഗൂഢതയിൽ പമ്മിയിരുന്നും പന്നികളെ കൂട്ടത്തോടെ വളർത്തിയും, ശലഭവും തേളും പാമ്പും അരണയുമായി പട്ളക്കാർക്കിടയിൽ പാറമട ജീവന്‍റെ തുടിപ്പ് പടർത്തി. അന്നൊക്കെ വാറ്റ് ചാരായം തിളപ്പിക്കുന്ന ഇടവും കൂടിയായിരുന്നു പാറമട.

കുന്നിനെ ചുറ്റിയൊഴുകുന്ന മധുവാഹിനിപ്പുഴയിൽ കാണുന്ന പാറകളുടെ കൂട്ടമാണ് പട്ളയിലെ പാറകൂട്ടങ്ങളിൽ ഏറ്റവും ഭംഗിയേറിയത്. എന്നിട്ടും ഒരു പാറകല്ലുപോലും കാണാത്ത പാറമടയ്ക്ക് ആ പേര് വന്നതെങ്ങനെ എന്നതിന് പലകഥകളും പിറന്നു. വേനലിൽ നിറഞ്ഞൊഴുകാതെ വറ്റിവരളുന്ന മധുവാഹിനിപ്പുഴ പാറമടകുന്നിന്‍റെ സഹോദരിയും കൂടിയാണ്. പട്ളകാർ അവളെ അണകെട്ടി വെള്ളം പിടിച്ചു നിർത്തി വയലിൽ കൃഷിയിറക്കി. പാറമടയിറങ്ങി വരുന്ന കാട്ടുപന്നികൾക്ക് അന്ന് മൂക്ക് ചൊറിയുന്ന ഉത്സവമാണ്. നെൽക്കതിരുകൾക്കു മുകളിൽ അവ ഉരുണ്ടു പരന്നു ഉഴുതു വെയ്ക്കും. വൈദ്യുതികമ്പികളാണ് ഓരോ പന്നിയേയും ഷോക്കടിപ്പിച്ച് ചുട്ട് കൊല്ലാൻ തുടങ്ങിയത്.

അവസാനത്തെ പന്നിയും ചത്തുകിടന്ന അന്ന് പഞ്ചായത്ത് പാലം മുറിച്ചു കയറിയ ജെ.സി.ബിയുടെ ഇരുമ്പ്കൈ പാറമടയെ ഇടിച്ചു പരത്താൻ മണ്ണിൽ തറച്ചു. പട്ളയിലെ പാടത്ത് കൃഷിയിറക്കാൻ സഹായിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റിനോട് പോലും കൃഷിക്കാർ അധികം ഒന്നും മിണ്ടുമായിരുന്നില്ല. എന്നാൽ അതിന്‍റെ പിറ്റേന്ന് കുഞ്ഞിമമ്മദിന്‍റെ പീടികയിൽ മുളകുവാങ്ങാൻ വന്ന കുജുമ്പു വട്ടം കൂടിയിരുന്ന് ചീട്ട് കളിച്ചുകൊണ്ടിരുന്നവരോട് കോപത്തോടെ പറഞ്ഞു.

'കുളിയൻ പാറപൊട്ടിച്ച് ണ്ടായ സ്ഥലാണ് പാറമട, ആടെ ഒന്നും ചെയ്യാൻ കുളിയൻ തമ്മീക്കീല്ല'

ചെവികളിൽ ഇടിച്ചു വന്ന പ്രഖ്യാപനം ചീവീടുകളുടെ കരച്ചിൽ പോലെ അസഹനീയമായി കേട്ട ജോസഫ്മാത്യു കുടിച്ചുകൊണ്ടിരുന്ന സോഡാകുപ്പി വലിചെറിഞ്ഞ് കുജുമ്പുന്‍റെ ചെകിടത്തടിച്ചു. അടികൊണ്ട് കണ്ണുകൾ ചുവന്ന കുജുമ്പു വന്ന ഊക്കിന് ജോസഫിന്‍റെ മുതുകത്ത് ചവിട്ടി. ആത്മാഭിമാനം പോയ ജോസഫും കോപം ബലമായ് മുറുകിയ കുജുമ്പുവും കാട്ടുപന്നികളെ പോലെ മുരണ്ട് പീടികയിലെ പൊടിമണ്ണിൽ ഉരുണ്ടു മറിയുന്നത് പിടിച്ചു മാറ്റാൻ കഴിയാതെ ചീട്ടുകളിക്കാർ കഴുതകളിയിൽ അടികൊണ്ടയാളെ പോലെ നോക്കി നിന്നു.

ജിമ്മിൽ പോയി ഉരുട്ടികൊഴുത്ത ജോസഫിന്‍റെ കൈമസിലുകളിൽ കുജുമ്പു കൂർത്ത നഖം താഴ്ത്തി. കാൽമുട്ട്കൊണ്ട് രണ്ടുകാലിനേയും പിടിച്ചുകെട്ടി. തലകൊണ്ട് നെഞ്ചിൽ ആഞ്ഞുകുത്തി. തഴമ്പുപിടിച്ച കൈവിരലുകളിൽ കഴുത്ത് ഞെരുക്കി അമർത്തി. 'ഒന്ന് വിട് പഹയൻമാരേ'ന്ന് കുഞ്ഞിമമ്മദ് ആഞ്ഞു പറഞ്ഞപ്പോഴാണ് അവർ പിടിവിട്ടത്. പോര് കഴിഞ്ഞ് അരയിൽ മുണ്ടില്ലാതെ പോകുന്ന കുജുമ്പുനെ നോക്കി കിതപ്പടക്കികൊണ്ട് തോൽവിയെ മറികടന്ന് ജോസഫ്മാത്യു പറഞ്ഞു.

'എനിയാമറ്റാ നീ പാറമടയെപ്പറ്റി പറഞ്ഞാ… നിന്‍റെ കാലൊടിച്ച് പാറമടേലെന്നെ കുഴിച്ചു മൂടും കള്ളപ്പന്നീ..'

അങ്ങനെ അന്നത്തെ ആ സംഭവം തൊട്ട് ഒരല്പം വേദനയോടെയെങ്കിലും രണ്ടാഴ്ച കിടപ്പിലായ ജോസഫ്മാത്യുവിന് വിശാലമായ കാട്ടുപ്രദേശത്ത് വാശിയായി. കാട്ടുവളികൾ പടർന്നു മസ്തിഷ്കത്തിൽ ചുരുണ്ട് പൂവിടുമ്പോൾ പട്ളയിലെ ഏറ്റവും ഉയർന്നവീട് അയാൾ സ്വപ്നം കണ്ടുറങ്ങി. ഓരോ ഉറക്കമുണരുമ്പോഴും പാറമടയിൽ ഓരോ പുതിയ മാറ്റങ്ങൾ വന്നുകഴിഞ്ഞിരുന്നു. കോൺക്രീറ്റു ചെയ്യാൻ വരെ വീടിന്‍റെ മതിലുയർന്ന അന്നാണ് ബോർവണ്ടികൾ പാറമടയിലേക്ക് കുതിച്ചു വരുമെന്ന കോൾ വരുന്നത്. പാറമടയിലെ സ്ഥിരം പണിക്കാരായ ബാലനും രമേഷനും വെള്ളം കുടഞ്ഞൊഴുകുന്ന പോലെ സന്തോഷം എവിടെനിന്നോ ഇരമ്പി കയറി. കെട്ടിയകല്ലിനുപോലും ഉറപ്പിന് മതിയാവോളം വെള്ളം ഒഴിക്കാൻ തികയുമായിരുന്നില്ല. എപ്പോഴും ഇടിഞ്ഞു വീണേക്കാവുന്ന മതിലുകളുടെ ദാഹിക്കുന്ന ചിത്രം മേസ്തിരി രാമേന്ദ്രന്‍റെ മനസ്സിൽ പതിഞ്ഞ്, നിലവിളിയോടെ കരഞ്ഞു.

ചെത്തുകല്ലിന്‍റെ പൊടികൾ വിതറിയ വീടിനകത്ത് തേപ്പ് കത്തികൊണ്ട് സിമെന്‍റ് ആഞ്ഞെറിഞ്ഞ് രാമേന്ദ്രൻ മേസ്തിരി നിർത്താതെ മതിലിന് പോയന്‍റിങ് ചെയ്യുമ്പോയാണ് പുറത്തെ ചരിഞ്ഞുവളർന്ന അരയാൽ മരത്തിന്‍റെ ഉണങ്ങിയ നിഴൽപ്പറ്റിയിരുന്ന് ഒരല്പ്പം കിട്ടിയ ആശ്വാസവേളയിലെ ബാലന്‍റെ ഇപ്പോഴത്തെ തെയ്യം കളി.

'സിമെന്‍റ്…' വീടിനകത്തു നിന്നും രാമേന്ദ്രൻ മേസ്തിരിയുടെ താളാത്മകമായ ശബ്ദം. അത് ഇടിച്ചുപൊന്തി ബഹളം പോലെയായപ്പോൾ ഉയർത്തിപ്പിടിച്ച വിറക് തിരിച്ച് അടുപ്പത്ത് വച്ച് ബാലൻ ഊതി. തീ നിറഞ്ഞുകത്തിയതോടൊപ്പം ചോറുവെന്ത് മറിഞ്ഞു. ബാലൻ അരയിൽ നിന്നും നനഞ്ഞ തോർത്ത് അഴിച്ചെടുത്ത് അടുപ്പിൽ നിന്നും ചൂട്കലം പൊക്കിയെടുത്തു. ലോറിക്കാർ തിടുക്കത്തോടെ ഇറക്കി, അടുക്കിവച്ച ചെത്തുകല്ലിനടുത്തു വച്ചു. എന്നിട്ട് ഉണക്കമീൻ കാച്ചാനുള്ള ചട്ടിയെടുത്ത് ചൂടത്ത് വച്ച് എണ്ണ ഒഴിച്ചു കൊടുത്തു. ചട്ടിയിൽ സിമെന്‍റ് നിറച്ചു കഴിഞ്ഞ രമേഷൻ പൊക്കിയെടുത്ത് തോളത്ത് വച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി.

പാറമടയിൽ വീടുകെട്ടാൻ കുറ്റിയ്യടിച്ച അന്നാണ് ബാലൻ ആദ്യമായി രമേഷനെ കാണുന്നത്. വാട്സാപ്പിൽ ഓരോ സെൽഫിയെടുത്ത് കത്രീനയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു അവൻ. അതോടൊപ്പം ആർക്കും അറിയാതെ കൃത്യം ഒന്നരവർഷം മുമ്പ് പാറമടയിൽ കത്രീനയോടൊപ്പം കയറിവന്ന രഹസ്യവും അവൻ കൈമാറുന്നുണ്ടായിരുന്നു.

പഞ്ചായത്ത് പാലം കടന്ന് വന്ന അവർ ചരലുകല്ലുകൾ നിറഞ്ഞ ഊടുവഴികളും കഴിഞ്ഞ് മലമുകളിലെ അരയാൽ മരത്തിന്‍റെ ചുവടെ കിതയ്പ്പോടെ എത്തിയപ്പോൾ കാഞ്ഞിരത്തിന്‍റെ മുള്ള് തറച്ച് കത്രീനയുടെ ഇടത്തെകൈമുട്ട് പൊട്ടിയിരുന്നു. ഒലിക്കുന്ന ചോരയെ രമേഷൻ നാക്കുകൊണ്ട് തലോടി. കൈയിലുണ്ടായിരുന്ന നീലതൂവാല കെട്ടി ശ്വാസമകറ്റിയപ്പോൾ വേദനയ്ക്ക് പകരം നാവുകളിൽ നിന്നും പടർന്ന കാമത്തിന്‍റെ നനവുകളുടെ അനുഭൂതി കത്രീനയ്ക്ക് അനുഭവപ്പെട്ടു. പിൻകഴുത്തിലെ കറുത്ത മറുകിൽ ചുണ്ടുകൾ ചുമപ്പിച്ച് രമേഷ് ചുംബിച്ചു. അരയാലിന്‍റെ വേരുകളെ പോലെ അവളെ പൊതിഞ്ഞു. അരയാലിന്‍റെ ഉണങ്ങിയ ഇലകളിൽ കിടന്നു അവർ ഉരുണ്ടു.

ഇക്കിളിയുടെ വൈകുന്നേരം കഴിഞ്ഞ് കത്രീന കണ്ണുതുറക്കുമ്പോൾ പീലിവിടർത്തിയാടുന്ന മയിൽ കൂട്ടങ്ങൾ കൊക്കുരുമ്മി മദനലാലസരാവാൻ വിതുമ്പി നില്ക്കുന്നതു കണ്ടു. 'എനിക്കു ഒരു പീലി വേണം' കുഞ്ഞിന്‍റെ നിഷ്കളങ്കതയിൽ അവൾ അതിന്‍റെ ഭംഗിയ്ക്കുനേരെ ആഗ്രഹത്തിന്‍റെ വിരൽ ചൂണ്ടി. തളർന്ന ലിംഗവുമായ് ചാടിയെണീറ്റ രമേഷൻ കാട്ടുമനുഷ്യനെ പോലെ പതുങ്ങി നടന്നു. പനയുടെ പൂക്കൾ ചിതറിയ മണ്ണിൽ പറന്നുചാടി മയിലിന്‍റെ പീലിയിൽ അവൻ പിടിത്തമിട്ടു. ചുറ്റുമുള്ള മയിൽ കൂട്ടങ്ങൾ പനയുടെ പൂക്കൾ പറത്തി പലവഴിയോടി. പിടിത്തതിൽ ഞെരുങ്ങിയ മയിൽ പിടഞ്ഞു തിരിഞ്ഞ് കൂർത്ത കൊക്ക്കൊണ്ട് രമേഷനെ ആഞ്ഞുകൊത്തി. കൈഞരമ്പുകളിൽ ഉരസിപോയ വേദനയിൽ വലത്തെ കൈകൊണ്ട് അവൻ മയിലിന്‍റെ കഴുത്തിന് പിടിച്ചു. വലിച്ചിഴച്ച് പൂർണ്ണ നഗ്നനായ് വായുവിൽ വട്ടം കറക്കി. മയിലിന്‍റെ തൂവലുകൾ പറന്നുചിതറി. അവൻ ആഹ്ലാദത്തോടെ കാഞ്ഞിരത്തിന്‍റെ മുൾക്കൂട്ടങ്ങൾക്കു നേരെ അതിനെ വലിച്ചെറിഞ്ഞു.

പാറമടയ്ക്ക് ഒരു നിഗൂഢതയുണ്ട്. എതെങ്കിലും ഒരു ജീവി അപകടം കൊണ്ട് ചത്താൽ അടുത്ത ദിവസത്തേക്ക് അവിടെ ഒരു നാറ്റവും ഉണ്ടാകില്ല. പന്നിയും ഉറുമ്പും ഈച്ചയും ചേർന്ന് ഒറ്റ ദിവസം കൊണ്ട് എല്ലുപോലും ബാക്കിവയ്ക്കില്ല. പട്ളയിലെ അന്തവിശ്വാസികൾ പറയുന്നത് അത് പിശാചിന്‍റെ എടുത്തു മറയൽ എന്നാണ്. പാറമടയിൽ കുളിയൻ പിടിച്ചുകെട്ടിയ പിശാചുണ്ടത്രെ. ആ പിശാചിന് പാറമടവിട്ട് ഒരിക്കലും വെളിയിൽ വരാൻ കഴിയില്ല. ഒരിക്കൽ പാറകൾ നിറഞ്ഞ പാറമടയിൽ ഉഗ്രകാളിയായ പിശാചിനെ തളച്ചിടാൻ പാറകളെറിഞ്ഞു കുളിയൻ മണ്ണിനടിയിലാക്കി. പട്ളയിൽ അഴിഞ്ഞാടി നടന്ന പിശാചിന്‍റെ ആക്രമണം കുറയുന്നതും പാറമടയിൽ പാറകൾ ഇല്ലാതാകുന്നതും അങ്ങനെയാണ്.

പാറമടയിൽ എണ്ണിയാൽ തീരാതത്ര കാട്ടുവളികൾ പടർന്ന മരങ്ങളുണ്ട്. മൂന്ന് കൊല്ലം മുമ്പ് കള്ളവാറ്റുകാരൻ അന്ത്രുവിന്‍റെ മകൻ അരവിന്ദ് കടമ്പ് മരം വീണാണ് ചത്തത്. അന്ന് പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയ സർക്കാർ ആശുപത്രിയിൽ നിന്നാണ് രമേഷൻ കത്രീനയെ കാണുന്നതും. അവൾ ആശുപത്രി കാന്‍റീനിലെ പണിക്കാരിയായിരുന്നു. ബോണ്ടയും കട്ടൻ ചായയും കൊണ്ടുവച്ച അവൾ ഒരൊറ്റ നോട്ടം കൊണ്ട് കൃഷ്ണമണിക്കുള്ളിൽ തളച്ചിട്ട് രമേഷനെ വീഴ്ത്തി. മൂന്നരമാസം മുമ്പ് വീട്ടുകാരെ എതിർത്തു പൊന്നും അന്തസ്സും കുടഞ്ഞെറിഞ്ഞ് രമേഷന്‍റെ കൂടെ ഇറങ്ങിപോന്നു. മൂന്നുനേരം ഫുഡും മാസത്തിൽ പത്തായിരം ശമ്പളവും കിട്ടിയിരുന്ന അവളുടെ ആശുപത്രി കാന്‍റീനിലെ പണി വീട്ടുകാരുടെ നിരന്തരമായ ഇടപെടൽ മൂലമാണ് പോകുന്നത്. അതോടെ രമേഷൻ കഷ്ടത്തിലായി. ഒരു പണിയും ഇല്ലാതെ മുടിയും പൊക്കി കറങ്ങി നടന്ന അവൻ അന്നുതൊട്ട് പാറമടയിലെ വെയിലത്ത് കരിയാൻ തുടങ്ങി.

'ഹൊ എന്തൊരു വെയിലാണ്പ്പാ…' മൂക്കിന്‍റെ തുമ്പത്ത് വെയിലിനെ പുച്ഛിച്ചുകൊണ്ട് രമേഷൻ സിമന്‍റ് ചട്ടിയുമായി മുറികകത്ത് കയറി. തൊണ്ടവറ്റിയ മേസ്തിരി രാമേന്ദ്രൻ അലുമിനിയം പാത്രത്തിൽ നിന്നും വെള്ളം കുടിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് 'പാറമടയില് കുളിയന് ഉണ്ടാവോ' എന്ന വാക്കുതർക്കം നടന്നപ്പോൾ മേസ്തിരി രാമേന്ദ്രൻ 'കുളിയനെപ്പറ്റി യെനി ഇവടെ ഒരക്ഷരം മിണ്ടി പോവര്ത്' എന്ന താക്കീത് നല്കിയിരുന്നു. അതോർത്തുകൊണ്ട് മേസ്തിരിയെ നോക്കി ബാലന്‍റെ തെയ്യക്കഥ കേൾക്കുകയായിരുന്നു എന്ന മട്ടിൽ രമേഷൻ പുഞ്ചിരിച്ചു. അത് മനസ്സിലാക്കിയ മേസ്തിരി രാമേന്ദ്രൻ പകുതി വെള്ളം വായിൽ തന്നെ അവശേഷിപ്പിച്ച് മതിലിലേക്ക് കാക്കിച്ചുതുപ്പി.

പാറമടയിൽ എപ്പോഴും കുളിയനുണ്ട്. ഇരുട്ടു പടരുമ്പോൾ ചൂട്ട് വീശി പോകുന്ന കുളിയൻ പകൽ സമയത്ത് പത്തിവിരിച്ചു നില്ക്കുന്ന നാഗമായാണ് പ്രത്യക്ഷപ്പെടുക. കുളിയന്‍റെ ദൃഷ്ടി പതിയുന്നിടത്ത് മരണമോ തതുല്യമായ ഫലമോ ഉണ്ടാകും. പാറമടയിലെ വടക്ക് ഭാഗത്ത് ശൂലം കുത്തിയ മുഖപാളകെട്ടിയ കുളിയന്‍റെ കല്ലുണ്ട്. അവിടുത്തെ കുളിയനെ പ്രീതിപ്പെടുത്താൻ നൂറും പാലും പൂവൻകോഴിയും നല്കണം. കൊല്ലത്തിലൊരിക്കൽ അരിയും മലരും പൊണ്ടവുമായ് മലകയറിവന്ന് കെട്ടുകാർ പൂവന്‍റെ തലയറുത്ത് ചോര ചീറ്റും. പാലും നൂറും കല്ലുമേലെ കോൽത്തിരിയോടൊപ്പം വയ്ക്കും. പൊത്തിൽ നിന്നും പതിയെ തലപുറത്തേക്കിട്ട് ഇറങ്ങുന്ന നാഗം പത്തിവിടർത്തി ഇഴഞ്ഞു വന്ന് പാല് കുടിക്കും. വാഴ ഇലയിൽ വച്ച നൂറ് ശരീരത്തിന് തേച്ചുകൊണ്ട് കല്ലിനുചുറ്റി ആരാധനയോടെ നില്ക്കും. ആ സമയത്ത് ദർശനം കണ്ടപൂജാരി മണിയാട്ടികൊണ്ട് കാരമുള്ളിനെ മൂന്നുവട്ടം ചുറ്റും. കൂടെയുള്ളവർ ചെണ്ടകൊട്ടി ഒരുപിടി അരിയെറിഞ്ഞ് തുള്ളും. അവിടെ ഇളനീരും തേങ്ങയും നിമിഷനേരം കൊണ്ട് പൊട്ടി ചിതറും. സന്ധ്യയാകുന്ന നേരത്താണ് അധികം ആരും കാണാതെ ഈ കർമ്മം ചെയ്യുന്നത്. നേർച്ചനേർന്നവർ കെട്ടുകാർ മലകയറുമ്പോൾ അവരുടെ പകൽ സാധനങ്ങളോരോന്നും കൈകൂപ്പി കൊടുത്തയയ്ക്കും.

ഒരുദിവസം സാധനങ്ങൾ എല്ലാം വാങ്ങി ഭംഗിയായി കർമ്മം ചെയ്തു മലയിറങ്ങുന്ന കെട്ടുകാരെ തലങ്ങും വിലങ്ങും വലഞ്ഞത് പാറമടയിലെ തേനീച്ച കൂട്ടമായിരുന്നു. കണ്ണിനും കാതിനും നാക്കിനും വരെ കുത്ത്കൊണ്ടു. ഒരാളുടെ വൃഷണസഞ്ചിയിലാണ് കുത്ത്കിട്ടിയത്. പകുതി ജീവനും കൊണ്ടോടിയ അയാൾ കൈയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചു ചാടി. തിടുക്കത്തോടെ മുണ്ട് കുടഞ്ഞ് തേനീച്ചകളെ തച്ചോടിപ്പിക്കാൻ നോക്കി. ഒന്നും ചെയ്യാൻ കഴിയാതെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചവർ കാട്ടുവേരുകൾ തട്ടി ഉരുണ്ടു വീണു. തേനീച്ചകൾ ആക്രമണത്തിന്‍റെ പുതപ്പ് കൊണ്ട് അവരെ മൂടി. ഇരുട്ടിയാൽ കത്തിച്ചു വെളിച്ചമാക്കാം എന്നു കരുതിയ ചൂട്ടെടുത്ത് അവർ കത്തിച്ചു. പിടച്ചിലിനിടയിൽ വീശി വീശി തേനീച്ചകളെ കൊന്നിട്ടു. മലയിറങ്ങിപോയ വഴികളിലൊക്കെ കരിഞ്ഞ തേനീച്ചകൾ നിവർന്നു കിടന്നു.

ഉണക്കമീൻ കാച്ചികഴിഞ്ഞ ബാലൻ ചട്ടിയിൽ സിമന്‍റും നിറച്ച് വീട്ടിനകത്തേക്ക് കൊണ്ടുപോയി. മതിലിന്‍റെ ഓരത്ത്, കയറാൻ പാകിയ കുതിരഫലകത്തിന്‍റെ ചെറിയ നിഴലിൽ കുത്തിയിരുന്ന് മേസ്തിരി രാമേന്ദ്രൻ വെറ്റിലയ്ക്ക് ചുണാമ്പ് തേയ്ക്കുന്നു. പോയിന്‍റിംഗറിയാതെ കഷ്ടപ്പെടുന്ന രമേഷൻ തേപ്പുകത്തിയിൽ സിമെന്‍റെടുത്ത് കല്ലിന്‍റെ നിറയാത്ത ഭാഗത്ത് ആഞ്ഞെറിയുകയാണ്. അപ്പോൾ മതിലിന്‍റെ മുകളിൽ കൂടി ദിശതെറ്റി പറന്നെത്തിയ ഒരു കാട്ടുകോഴി ചുറ്റും ഉണങ്ങിയ മരങ്ങൾ കാണാതെ വെപ്രാളപ്പെട്ട് ചിറകിട്ടടിച്ചു. പറക്കുന്നതിനിടയിൽ പുറത്തേക്കുയരാൻ കഴിയാതെ മുന്നിലെ ഉണങ്ങിയ മതിലിനെ അത് കൊക്ക് കൊണ്ട് പൊളിച്ചു മാറ്റാൻ നോക്കി. ശ്രമങ്ങളൊരോന്നും വിഫലമായി പോകുമ്പോൾ മതിലിന്‍റെ ചൂടുള്ള മാറിൽ കാട്ടുകോഴിയുടെ തല ഛേദിക്കപ്പെട്ട് സിമെന്‍റ് പറ്റിയ തേപ്പുകത്തി ഉഗ്രമായി തറച്ചു. ചുറ്റും ചോര തെറിച്ചു. കാട്ടുകോഴിയുടെ കണ്ണുകൾ തുറന്ന് തെറിക്കപ്പെട്ട തല അടയാതെ വീണ്ടും രമേഷനെ നോക്കി പേടിയോടെ നിന്നു. പൊടിമണ്ണിൽ കോഴിയുടെ ഉടഞ്ഞ ഉടൽ പിടഞ്ഞുരുണ്ട് കഴുത്തിൽ രക്തം കട്ടക്കെട്ടി.

കാട്ടുകോഴിയുടെ പ്രാണശബ്ദം പൂർണമായും നിലച്ചപ്പോൾ വെറ്റില നീര് തുപ്പികൊണ്ട് മേസ്തിരി രമേന്ദ്രൻ പറഞ്ഞു. 'ഭേഷ്… ഉഗ്രനേറ്, ചക്കനുസാറാക്കി'. നെറ്റിയിലെ വിയർപ്പ് തുടച്ച് രമേഷൻ ഒന്നമർന്നുയർന്നു.

'ഉപ്പും മൊളോം തേച്ച് നല്ല ചൂടെണ്ണയിലിട്ടെന്നെ പൊരിച്ചെടുത്തൊ, കുറേ നാളായി ഈനെ ഒന്ന് രുചിച്ചറിയാൻ നോക്ക്ന്ന്'

വെറ്റില മടക്കി വായിലേക്കിടുന്ന ബാലനെ നോക്കി ലോകം കീഴടക്കിയവനെ പോലെ രമേഷൻ പറഞ്ഞു. ബാലൻ കുതിരയെതാങ്ങി എഴുന്നേറ്റ് നിന്നു. അപ്പോൾ കുതിരയുടെ മുകളിൽ കൊണ്ടുവച്ച സിമെന്‍റ് ചട്ടി ആടിയാടി വീണു. 'എന്ത്ന്ന് ബാലാ.. നിക്ക് ശ്രദ്ധിച്ചൂടെ' മേസ്തിരി രാമേന്ദ്രൻ കയർത്തു.

'എവിടെയാന്ന് ശ്രദ്ധിക്കാന്.. മൂപ്പര്ടെ നാവില് മൊത്തം കാട്ട്കോഴീടെ രുചി പടർന്നീറ്റ്ണ്ടാവും' രമേഷൻ പ്രസ്താവിച്ചു.

'പിന്നേയ് കാട്ട് കോഴിക്ക് ഒടുക്കത്തെ രുചിയല്ലെ..' തെറിച്ച സിമെന്‍റുകളിൽ പൊള്ളലോടെ ചവിട്ടികൊണ്ട് ബാലൻ കാട്ടുകോഴിയെ പെറുക്കിയെടുത്തു. ഒരു കൈയിൽ ഉടലും മറുകൈയിൽ തലയുമായി മതിലുകൾക്കിടയിലൂടെ പൊടിമൺപ്പറ്റിയ ചോര ഇറ്റിച്ച് വീടിനുവെളിയിൽ ഇറങ്ങി.

'രമേഷാ.. നിങ്ങള കുളിയന് കാട്ട്കോഴി പിടിക്കോപ്പാ' രാമേന്ദ്രൻ മേസ്തിരി ചിരിച്ചു കൊണ്ട് ചോദിച്ചു.

'എനിക്കറിയാമേല്ല' രമേഷൻ മതിലിൽ ആഞ്ഞുതറച്ച തേപ്പ് കത്തി ഊരിയെടുത്തു.

പാറമടയിലെ വടക്ക് ഭാഗത്തെ കാരമുൾ ചെടിയുടെ സമീപം കുളിയന്‍റെ കല്ല് വെന്തുരുകുകയായിരുന്നു. ചൂട് വായു വീശിയടിച്ചപ്പോൾ വെയിലേറ്റ് അത് പടവാൾ പോലെ തിളങ്ങി. ഉണങ്ങിയ കാരമുൾ ചെടിയുടെ അടിവശത്തെ പൊടിമൺ പൊത്തിൽ നിന്നും നാഗം പതിയെ തല പുറത്തേക്കിട്ട് പാലും നൂറും വയ്ക്കുമ്പോൾ ഇറങ്ങി വരുന്നതുപോലെ ഇഴഞ്ഞ് വന്ന് പത്തിവിടർത്തി. മൂർച്ചയുള്ള പടവാളിന്‍റെ മുതുകത്ത് മുത്തും പോലെ ആഞ്ഞുകൊത്തി. ചൂടുള്ള വിഷം കല്ലിന്‍റെ മാറിൽ ഒട്ടികിടന്നു. നാഗത്തിന്‍റെ വായ്ത്തലം പൊട്ടി ചോര ഒലിച്ചു. തിളങ്ങുന്ന നാഗമാണിക്യയുമായി ചൂടുമണ്ണിൽ ഉരുണ്ട് പിടഞ്ഞ് കല്ലും ചരലും നിറഞ്ഞ നടപാതയിലൂടെ അറുത്തിട്ട കോഴിയുടെ ചോരമണം ലക്ഷ്യമാക്കി പാറമടയിലേക്ക് ഇഴഞ്ഞു നീങ്ങി. തടിച്ചു വീർത്ത കാട്ടുവേരുകളുടെ മുകളിൽ അടിവയറ് ചേർത്തുരച്ച് ഉണങ്ങിയ ഇലകളുടെ ഉടലിൽ കനംചേർത്ത് ഞെരുക്കി ചൂട്ട് വീശിപോകുന്ന കുളിയനു പിന്നാലെ മരണപാച്ചിലെന്നോണം നാഗം ഇഴഞ്ഞു കുതിച്ചു.

കാട്ടുകോഴിയുടെ ഉടലിൽ വിരലുകൾ കൊണ്ടമർത്തി ബാലൻ മഞ്ഞപ്പൊടികൾ തേയ്ക്കുമ്പോൾ മേസ്തിരി രാമേന്ദ്രന്‍റെയും സഹായി രമേഷന്‍റെയും നേരിയ ശബ്ദത്തിലുള്ള സംഭാഷണം പാറമടയിൽ നിറഞ്ഞു. കാട്ടുകോഴിയെ അറുത്തിട്ട ആഹ്ലാദം അപ്പോഴും രമേഷന്‍റെ ശബ്ദത്തിലുണ്ടായിരുന്നു. ബാലൻ ഇതുവരെ കേൾക്കാത്ത ഏതോ ഒരു ഹിന്ദി പാട്ട് അവൻ ഉത്സാഹത്തോടെ പാടുന്നു. സിമെന്‍റ് മതിലിലേക്ക് ആഞ്ഞെറിയുന്നു. തേപ്പുകത്തിയിൽ മതിലിനു മുകളിൽ തന്‍റേതായ കഴിവിൽ പോയിന്‍റിംഗ് കോട്ടകൾ വരച്ചീടുന്നു. ബാലൻ ചട്ടിയെടുത്ത് അടുപ്പത്ത് വച്ചു. വിറകുകൾ കയറ്റിവച്ച് തീ കത്തിച്ചു. ഉച്ഛ്വാസം കനമുള്ളതാകുന്നു. ചൂടുവായുവിനൊപ്പം പുകയും ഉയരുന്നു. വീട്ടിനകത്തു നിന്നും ആർത്തടിഞ്ഞ ശബ്ദം. പാറമട പ്രകമ്പനം കൊണ്ടു. എന്തെന്നറിയാൻ ഞെട്ടലോടെ എഴുന്നേറ്റ് ഓടാൻ ശ്രമിച്ച ബാലൻ അടുക്കിവച്ച ചെത്തുകല്ലിനു മുകളിലെ ചോറ്റു പാത്രം തട്ടി ഉരുണ്ടു വീണു. ചോറും ബാലനും രണ്ടുദിശയിലേക്ക് മറിഞ്ഞു. ശബ്ദം കനത്തുടഞ്ഞു.

ഉടലിൽ പൊള്ളലേറ്റ നാഗം കാഞ്ഞിരത്തിന്‍റെ പൊട്ടിവീണ മുള്ളിലും മുറിച്ചിട്ട മരത്തിന്‍റെ മൂർച്ചയിലും മുറിവേറ്റ് ജീവനും കൊണ്ട് ഇഴഞ്ഞു. നേർത്ത കാറ്റടിച്ചപ്പോൾ മുറിവുകളിൽ ചോര ഒലിക്കുന്നതിന് തണുപ്പ് അനുഭവപ്പെട്ടു. നാവ് പുറത്തിട്ട് ചൂടിനെ അകത്താക്കി ഉണങ്ങിയ കാട്ടുമുളുകൾക്കിടയിൽ കുരുങ്ങി, നേർത്ത വേദനയേറ്റ് വലിച്ചിഴഞ്ഞ് കുളിയന്‍റെ നിഴലിനുപിന്നാലെ വേഗത്തിൽ പോയി. കുളിയൻ ചൂട്ട് വീശി പോകുന്നു. മണിമുഴങ്ങുന്നു. ആർത്തുലച്ച ശബ്ദം ഇരമ്പുന്നു. ചൂട്ടിൽ നിന്നും തെറിച്ച തീപ്പൊരികൾ ചിതറുന്നു.

"സറകുണ്ടപ്പോ… അസിറെണോ…

സറക്കുണ്ടപ്പോ… ദേവറെണോ….

പറജെയ്യീ…ലെക്കോട്ട്… കൂട്യനാ..യെ…''

കുളിയൻ തൊണ്ടപിളർത്തി പെരുവിരൽ ഉയർത്തി തോറ്റത്തിലെ തുടക്കവരികൾ നീട്ടിപാടി. ആയിരം അസുരന്മാരും ആയിരം ദൈവങ്ങളും ചുട്ടുപൊള്ളി മേഘങ്ങൾക്കിടയിൽ വന്നു എത്തിനോക്കി നിന്നു. തലത്തല്ലിവീണ മരത്തിന്‍റെ ഉണങ്ങിയ ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് ഇഴഞ്ഞു നീങ്ങി നാഗം കൂടുതൽ ദൂരങ്ങളെ താണ്ടി. മണ്ണിൽ തച്ചും പൊടിഞ്ഞ മയിൽപീലികളെ ഉടച്ചും അത് പാറമടയിലെ ചെത്തുകല്ലിന്‍റെ പൊട്ടിവീണ ഭാഗം വരെ എത്തി.

കെട്ടിപ്പടുത്ത ചെത്തുകല്ലുകൾ ഇടിഞ്ഞുവീണ് ഇടത്തെ കാല് ഇടയിൽ കുരുങ്ങി രമേഷൻ കണ്ണുപൊട്ടിത്തെറിക്കും പോലെ കരയുകയാണ്. ശബ്ദം മതിലുകളിൽ ഇടിച്ച് കനമുള്ളതായി. 'എന്‍റെ ബാലാ… ആ കല്ലൊക്കെ ഒന്ന് മാറ്റ്' എന്നു വികൃതമായി പറഞ്ഞു ഭ്രാന്തനെ പോലെ സ്വയം, കാലിനുമുകളിലെ കല്ലെടുത്തുമാറ്റി രാമേന്ദ്രൻ മേസ്തിരി കുഞ്ഞിനെ പൊക്കിയെടുക്കും പോലെ രമേഷനെ പൊക്കിയെടുത്തു. ഇരുകൈകൾ കൊണ്ട് പൊതിഞ്ഞ് നെഞ്ചോട് ചേർത്തു പിടിച്ചു. പൊട്ടിയ ചെത്തുകല്ലിന്‍റെ മുകളിൽ പറ്റികിടന്ന് പകുതി ശരീരം നഷ്ടപ്പെട്ട ഒരു പഴുതാര തലകുടഞ്ഞു പിടഞ്ഞു. അറ്റുപോയ അതിന്‍റെ ബാക്കി ശരീരം രമേഷന്‍റെ ചതഞ്ഞ കാലിൽ ചോരയോടൊപ്പം ചുവന്നു.

ചവച്ചു നിർത്തിയ വെറ്റില തുപ്പിയപ്പോൾ രമേഷന്‍റെ കാലിലെ ചോരതുപ്പിയതുപോലത്തെ കടച്ചിൽ ബാലനു അനുഭവപ്പെട്ടു. തണുപ്പും ചൂടും കലർന്ന നെഞ്ചിൽ രമേഷനെ അമർത്തി പിടിച്ച് ധൃതിയോടെ പോകുന്ന രാമേന്ദ്രനു പിന്നാലെ ബാലനും പോയി. അവർ ചുട്ടുപഴുത്ത വീട്ടിനുവെളിയിൽ എത്തിയതും ദാഹിക്കുന്ന മതിലുകൾ ഒന്നിച്ച് ഒരൊറ്റനിമിഷം കൊണ്ട് ഇടിഞ്ഞുവീണു. ഉടഞ്ഞ കണ്ണുകളിൽ ഇരുട്ട് വ്യാപകമായി. വേദന കുമിഞ്ഞുകൂടി. രമേഷന്‍റെ നിലവിളി പാറമടയെ പിടിച്ചു കുലുക്കി. വേദനസഹിക്കാൻ കഴിയാതെ രമേഷൻ മേസ്തിരിയുടെ ഇടനെഞ്ചിൽ കടിച്ചു. മേസ്തിരി അറിയാതെ മുട്ടുകുത്തി മണ്ണിൽ ഇരുന്നു. ചതഞ്ഞരഞ്ഞ് ആടിയ രമേഷന്‍റെ കാല് ചോര ഇറ്റിച്ച് മണ്ണിൽ തട്ടി തളർന്നു കിടന്നു.

കൂട് നഷ്ടപ്പെട്ട പക്ഷികൾ ചുവന്നചോര കുടിക്കാൻ ചിറകുവിരിച്ച് പറന്നെത്തിയപ്പോഴാണ് പാറമടകയറി ഇരമ്പിയെത്തിയ ബോർവണ്ടി മഞ്ഞയിൽ മുങ്ങിയ കാട്ടുകോഴിയെ ചക്രത്തിൽ കുരുക്കി ചതച്ചരച്ചത്. ബോധം അറ്റുപോയി തളർന്നു കിടക്കുന്ന രമേഷനെ പാറമടയിൽ നിന്നും ഹോസ്പിറ്റലിലേക്ക് എത്തിച്ചത് പിറകെ ബൈക്കോടിച്ചെത്തിയ ജോസഫ്മാത്യു ആയിരുന്നു. എല്ലു പൊട്ടിയ രമേഷന്‍റെ കാല് മാസങ്ങളോളം സ്റ്റിച്ചിട്ടു കിടന്നു വലിയാൻ വിധിക്കപ്പെട്ടു. അന്നുരാത്രി തന്നെ പാറമടയിൽ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. പാറമടയിലെ അകക്കാമ്പിൽ നിന്നും വെള്ളം കുതിച്ചുച്ചാടി പുറത്തേക്കൊഴുകി.

പിറ്റേന്ന് കുഞ്ഞിമമ്മദിന്‍റെ പീടികയിൽ ഇരുന്ന്, ഓപ്പണറിൽ തള്ളവിരലമർത്തി സോഡാക്കുപ്പി പൊട്ടിച്ച ജോസഫ്മാത്യു പറഞ്ഞു. 'പാറമട ഇപ്പോളാന്ന് ശരിക്കുമങ്ങനെ വെട്ടിത്തിളങ്ങിവന്നത്, അയിന്‍റെ ഭംഗി ഒന്ന് വേറെത്തന്നെയാന്ന്'

ദീർഘമില്ലാത്ത രണ്ടാഴ്ച കഴിഞ്ഞ് വെട്ടിത്തിളങ്ങിയ പാറമടയിൽ തനിക്കുമാത്രം സാധ്യമാകുന്ന പ്രത്യേക രീതിയിൽ നാക്കിളക്കികൊണ്ട് ബാലൻ ചെണ്ടകൊട്ടി, ഇടിഞ്ഞു വീണ ചെത്തുകല്ലിനെ ബദ്ധപ്പെട്ട് എടുത്ത് മാറ്റുമ്പോളാണ് തലചതഞ്ഞു ചത്ത പാമ്പിനെ കാണുന്നത്. ഉറുമ്പുകൾ പൊതിഞ്ഞ് നാഗമാണെന്നറിയാതെ മൂക്കിലേക്ക് കുമിഞ്ഞു കൂടുന്ന നാറ്റവും സഹിച്ച് അയാൾ അതിനെ കുഴിച്ചുമൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paramadaajith patla
News Summary - story paramada by ajith patla
Next Story