അതിരുകൾ വരയ്ക്കപ്പെട്ടിട്ടുള്ളത്
text_fieldsഅഭ്യുദയകാംക്ഷികളാണു ചുറ്റിലും.
വഴിനടക്കലിനിടെ മുടന്ത് ബാധിച്ചയാളിന്റെ
മസ്തിഷ്കത്തിലേയ്ക്ക്
വന്യമൃഗങ്ങളുടെ ആവേഗത്തെ പ്രകീർത്തിച്ച്
ഉദാഹരണങ്ങൾ കുത്തിവയ്ക്കുന്നു.
അയാൾ മെനയുന്ന
സങ്കൽപങ്ങൾ അവർക്ക് തമാശ;
സൗഹൃദങ്ങളെപ്രതി ആശങ്ക;
പ്രണയത്തെ ഭയം.
അൽപമിടം ബാക്കിയുള്ളൊരു
കുടയ്ക്കുള്ളിലേയ്ക്ക്
ക്ഷണിയ്ക്കപ്പെട്ടെങ്കിലെന്ന്
ആഗ്രഹിക്കുന്ന മഴകളിലും
ഏതെങ്കിലുമൊരു
കീറത്തകരപ്പാളിയ്ക്കു കീഴേയ്ക്ക്
പരിഭവമില്ലാതെ ഒതുങ്ങിനിൽക്കലാണ്
അയാൾക്കു ശീലം.
കാലിലിട്ട ആരുടേതെന്നറിയാത്ത
ഒരു തേഞ്ഞ ഹവായ്ച്ചെരുപ്പിനാൽ
ജീവിതത്തെപ്രതിയുണ്ടായ വെറുപ്പ്,
ഒളിച്ചുകളികളിൽ മറഞ്ഞിരുന്നയിടത്ത്
ആരാലും കണ്ടുപിടിയ്ക്കപ്പെടാതെ
മറന്നുകളയപ്പെട്ടേയ്ക്കുമോ എന്ന ഭയം,
അസാധുവെന്ന് എഴുതിത്തള്ളപ്പെട്ട
ഏകാന്തതകളിലെ ആളിക്കത്തലുകൾ
ഇവ പിന്തിരിഞ്ഞുനോട്ടങ്ങളിൽ
അയാൾക്ക് മുഖമുദ്ര.
ആഘോഷങ്ങളിലേയ്ക്ക് നിർബന്ധിതമായ്
തള്ളിയിടപ്പെടുമ്പോഴൊക്കെ
കാര്യകാരണങ്ങളെ അയാൾ സംശയിക്കുന്നു.
വാക്കുകളും തട്ടിപ്പറിയ്ക്കപ്പെട്ട്
ഉള്ള് കീറിയവന്
എന്താണു പങ്കുകൊള്ളൽ!
എള്ളോളവും ആഗ്രഹിക്കരുതെന്ന
പറയപ്പെടാത്ത പാഠം ഹൃദിസ്‌ഥമായതാണ്.
സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന
ആവർത്തിച്ചുരുവിടൽ
ഇനിയെങ്കിലും..!