Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightകുഴി

കുഴി

text_fields
bookmark_border
കുഴി
cancel

കല്യാണം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞതിനു ശേഷം കുഞ്ഞിപ്പെണ്ണ് ഗർഭിണിയായി. അന്നാട്ടിൽ ഇത്രയും വൈകി ഗർഭമുണ്ടാകുന്നതും കുഞ്ഞിപ്പെണ്ണിന് തന്നെ. കല്യാണം കഴിഞ്ഞാലുടനെ കുട്ടികൾ ആവണം എന്ന പതിവിന് വിപരീത ദിശയിൽ കുഞ്ഞിപ്പെണ്ണും കെട്ട്യോനും സഞ്ചരിച്ചു. കുടുംബക്കാർ " നിങ്ങക്ക് പൂതി ഇല്ലേലും ഒരു കുഞ്ഞികാല് കാണാൻ ഞങ്ങൾക്ക് പൂതി ഇണ്ട് " എന്നു പറയുമ്പോൾ അവൾ മാക്സി കാലു കാണുന്ന വിധത്തിൽ പൊക്കി തന്റെ കാലു കാണിച്ചു കൊടുത്ത് പറയും " നോക്യേ.. എന്റെ കാൽ.. ഇതും കുഞ്ഞിക്കാലല്ലേ..?" എന്ന്. ഇങ്ങനെ ഓരോ ചോദ്യങ്ങൾക്കും അവൾ നല്ല മറുപടി കൊടുക്കും. ഒരിക്കൽ ചോദിച്ചവർ അവളോട് ചോദ്യം ആവർത്തിക്കുകയുമില്ല.

അങ്ങനെ നാലു വർഷം കഴിഞ്ഞ് കുഞ്ഞിപ്പെണ്ണിന് ഗർഭമായി, പ്രസവ വേദനയും തുടങ്ങി. വീട്ടിലാണേൽ ആരുമില്ല. കെട്ട്യോനെ വിളിച്ചപ്പോൾ തന്‍റെ ഓട്ടോറിക്ഷയിൽ അയാൾ കുന്നു കയറി പാഞ്ഞു വന്നു. വേദന കൊണ്ട് കരയുന്ന കുഞ്ഞിപ്പെണ്ണിനെ മെല്ലെ ഓട്ടോയിൽ കയറ്റി അയാൾ വീണ്ടും പായൽ തുടർന്നു . അധിക ദൂരം ആയില്ല. അപ്പോയെക്കും പഡോനും പറഞ്ഞു വണ്ടി ഒരു കുഴിയിൽ വീണു. പിന്നീടങ്ങോട്ട് വീഴ്ചകൾ തന്നെയായിരുന്നു. റോഡിലൂടെ തന്നെയാണോ ഇതിയാൻ തന്നെ കൊണ്ടുപോവുന്നത് എന്നവൾ ചിന്തിക്കുക കൂടെ ചെയ്തു. ഓരോ കുഴിയിൽ വീഴുമ്പോഴും അവൾ യഥാക്രമം " അയ്യോ.., അമ്മേ.., അച്ചാ.. " എന്നിങ്ങനെ നിലവിളിച്ചു കൊണ്ടേയിരുന്നു. ഇതൊക്കെ കേട്ട് പേടിച്ചു കെട്ട്യോൻ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിയാ മതി എന്ന ചിന്തയിൽ കുഴികളോരൊന്നും ചാടിക്കൊണ്ടേയിരുന്നു. റോഡിലെ കുഴിയിൽ ചാടാതെ പോവാൻ വേണ്ടി നോക്കിയപ്പോൾ സർവം കുഴിമയം മാത്രം. അവസാനം ഗതി കെട്ട് " ഇനീം കുയീ ചാടിയാ ഞാനിപ്പം പെറുവേ.. " എന്ന് കുഞ്ഞിപ്പെണ്ണ് കരഞ്ഞു കൊണ്ട് പ്രസ്താവിച്ചു. എങ്ങനെയോ ഒരു വിധം മലയിറങ്ങി അവർ ആശുപത്രിയിൽ എത്തി. അൽപ നേരം കഴിഞ്ഞപ്പോൾ തന്നെ പ്രസവവും നടന്നു.. ആൺകുട്ടി..

മൂന്നു ദിവസം കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോവാനായി കെട്ട്യോൻ ഓട്ടോറിക്ഷയുമായി വന്നു. ഇപ്രാവശ്യം കെട്ട്യോന്‍റെ അമ്മയുമുണ്ട് കൂടെ. ഓട്ടോറിക്ഷ കണ്ടപ്പോൾ തന്നെ തന്റെ മുന്നിൽ നീണ്ടു നിവർന്നു കിടന്നുന്ന കുഴികളെ അവൾക്ക് ഓർമ വന്നു, തന്റെ നാട്ടിലെ നട്ടെല്ല് വളഞ്ഞു പോയ, സൈക്കിൾ ഓടിക്കുമ്പോൾ നട്ടെല്ലിന്റെ ഓരോ മുഴയും ദൃശ്യമാവുന്ന വയസൻ മമ്മദ് കുഴീല് വീണ് കിടപ്പിലായതും, കിടന്ന് കിടന്ന് വളഞ്ഞു പോയ അയാളുടെ പുറം നേരെ ആയതുമായ കാര്യം അമ്മ പറഞ്ഞ് തന്നതും ഓർമ വന്നു. ഓട്ടോയിൽ അവളാണ് ആദ്യം കേറിയത്. കുഞ്ഞിനെ എടുത്തു കൊണ്ട് അമ്മയും. കുഴിൽ വീഴുന്നതിന്‍റെ ആക്കം കുറക്കാനായി കെട്ടിയോൻ മെല്ലെയാണ് വണ്ടി വിടുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയിൽ നിന്നും അവൾ കുഞ്ഞിനെ വാങ്ങി മടിയിൽ വെച്ചു. ഓരോ കുലുക്കവും കുഞ്ഞിനെ കരയിപ്പിക്കുന്നുണ്ട്.. അവൾ അതിന്റെ മാറോട് ചേർത്തുപിടിച്ചു. എതിരെ ഇരുചക്ര വാഹനത്തിൽ വന്നൊരു പയ്യൻ കുഴിയിൽ വീഴുകയും പരിക്കൊന്നും പറ്റാത്തത് കൊണ്ടും വേറെ ആരും സഹായത്തിനു വരാത്തത് കൊണ്ടും വണ്ടി സ്വയം പൊക്കി മൂട്ടിലെ മണ്ണ് തട്ടികളഞ്ഞ് വണ്ടി എടുത്തു പോയി.

വീട്ടിലേക്കിനിയും കുറെ ദൂരമുണ്ട്. ഒരു രസത്തിന് റോഡിലെ കുഴി എണ്ണാമെന്നവൾ തീരുമാനിച്ചു. എണ്ണുന്നതിനനുസരിച്ച് കുഴികൾ വീണ്ടും വീണ്ടും ഉണ്ടായി വരുന്നതായി അവൾക്കു തോന്നി. " ദൈവമേ.. ഈ കുയീന് ഒരു അവസാനമില്ലേ " എന്നവൾ പറയുകയും ചെയ്തു. " എന്തോന്നാ നമ്മടെ റോഡോക്കെ ഇങ്ങനെ " എന്ന കുഞ്ഞി പെണ്ണിന്‍റെ ചോദ്യത്തിന് " ഭരണം മാറട്ടെ, അപ്പൊ കാണാം " എന്നു പറയാനാഞ്ഞെങ്കിലും കെട്ട്യോൻ ആ ഉത്തരം അതുപോലെ വിഴുങ്ങി മൗനം അവലംബിച്ചു. എല്ലാ വർഷവും റോഡ് പണി നടന്നിട്ടും റോഡെന്താ ഇങ്ങനെ? വല്ലോരും ഈ കുയീൽ വീണു മരിച്ചാലോ.. അങ്ങനെ പല പല ചിന്തകൾ കുഞ്ഞി പെണ്ണിന്‍റെ തലക്കകത്തൂടെ പാഞ്ഞു പോവാൻ തുടങ്ങി.

ചിന്തക്ക് ഭംഗം ഏല്പിച്ചു ഓട്ടോറിക്ഷ ഓരോ കുഴിയിൽ ചാടിയും കേറിയുമിരുന്നു. റോഡിൽ നിരന്നു കിടക്കുന്ന കുഴികളിലേക്കവൾ സൂക്ഷിച്ചു നോക്കി. വാഴക്കന്ന് നടാൻ മാത്രം ആഴം എല്ലാത്തിനുമുണ്ട്. വീണ്ടും നോക്കുമ്പോൾ കുഴികളിൽ നിന്നും രണ്ട് കൈകൾ ഉയർന്നു വരുന്നു.. "ഏയ്.. എനിക്ക് തോന്നിയതാവാം ". കുഞ്ഞിപ്പെണ്ണ് അതത്ര കാര്യമായി എടുത്തില്ല. പക്ഷെ പിന്നീട് കണ്ട എല്ലാ കുഴികളിൽ നിന്നും കൈകൾ ഉയർന്നു വരുന്നു. ചില കൈകളിൽ നിന്നും ചോര ചാലിട്ടൊഴുകുന്നു. വീടെത്താൻ ഇനിയും ദൂരമുണ്ട്. അത്രതന്നെ കുഴികളും. അതിൽ ഓരോ കൈകളും. എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിനെ ഒന്നുകൂടെ കെട്ടിപിടിച്ച് കുഞ്ഞിപ്പെണ്ണ് കണ്ണടച്ചിരുന്നു...

Show Full Article
TAGS:literature-story 
Next Story