Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightമാവോറി ഭാഷയിൽ...

മാവോറി ഭാഷയിൽ നെയ്തെടുത്ത പെൺപ്രവാസം

text_fields
bookmark_border
മാവോറി ഭാഷയിൽ നെയ്തെടുത്ത പെൺപ്രവാസം
cancel

മലയാള നോവൽ സാഹിത്യത്തിൽ പെൺപ്രവാസം പറഞ്ഞ് നാഴികക്കല്ലായി മാറുന്ന രചനയാണ് അപർണ കുറുപ്പിന്റെ ‘കൊ അഹാവു തെ വായി’. പ്രവാസം സമ്മാനിച്ച അനുഭവങ്ങൾ പ്രമേയമാക്കി അപരിചിത ഭൂമികയിലേക്കുള്ള ഒരു ക്ഷണമാണ് അപർണ കുറുപ്പിന്റെ നോവൽ. കുടിയേറ്റവും പ്രണയവും വംശീയ വിവേചനവും സ്ത്രീപുരുഷബന്ധത്തിന്റെ സങ്കീർണതകളും തിരസ്കാരവും അതിജീവനവുമെല്ലാം നമുക്ക് പരിചിതമല്ലാത്ത ഒരു ദേശത്തിന്റെയും വംശത്തിന്റെയും പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു.

‘കൊ അഹാവൂ തെ വായി’ (ഞാൻ ഒഴുകുന്ന ജലമാകുന്നു) നോവലിന്റെ പേരിൽതന്നെ പുതുമ. പ്രമേയത്തിലും അവതരണത്തിലും വ്യതിരിക്തത പുലർത്തുന്നു. ന്യൂസിലൻഡ് ആണ് നോവലിന്റെ പശ്ചാത്തലം. അപർണയുടെ പ്രവാസ ജീവിതത്തിന്റെ നേർകാഴ്ചകൾ ഒരു പൊൻനൂലിൽ കോർത്തിണക്കി ഓരോ അധ്യായത്തിലും ചടുല മുഹൂർത്തങ്ങളും നാടകീയതയും നിറച്ചിരിക്കുന്നു. ഓരോ നാടിനും പറയാൻ ഒരു പാട് കഥകളുണ്ട്. ആ കഥകൾ മനോഹര ഭാഷയിലും ആഖ്യാന ശൈലിയിലും അവതരിപ്പിച്ചിരിക്കുന്നു.

കാവെരെ (നെല്ലിക്കാ മധുരങ്ങൾ) എന്ന് പേരിട്ടിരിക്കുന്ന നോവലിന്റെ ആദ്യ അധ്യായത്തിൽ ‘മുറ്റത്തെ ഫിജോവയിലെ കായ പഴുത്തുവീണിരിക്കുന്നു. ഇക്കൊല്ലത്തെ ആദ്യത്തെ പഴമാണ്. ഒരു ഋതുവിൽനിന്ന് മറ്റൊന്നിലേക്കുള്ള യാത്രാദൂരമെത്രയായിരിക്കണം. ഋതുക്കളുടെ കലണ്ടർ കണക്ക് കൂട്ടിവെക്കുന്നത് ഇന്നീ അളവുകോലിൽ മാത്രമാകുന്നു’ എന്ന് പറഞ്ഞാണ് നോവൽ തുടങ്ങുന്നത്.

പ്രവാസത്തിന്റെ ഓരോ തലത്തേയും ആവിഷ്‍കരിക്കാനും വിശകലനം ചെയ്യാനും ഈ നോവലിന് കഴിയുന്നുണ്ട്. സാധാരണ മലയാളിക്ക് പരിചിതമല്ലാത്ത കുറേയേറെ ജീവിതതലങ്ങളുള്ള ന്യൂസിലൻഡിൽ വിദ്യാർഥിനിയായി എത്തുന്ന രുഗ്മയുടെ ആത്മാന്വേഷണവും വൈകാരിക പ്രതിസന്ധികളും നിറഞ്ഞ യാത്രകളാണ് നോവലിന്റെ സഞ്ചാരപാതകൾ.

പ്രവാസം മണക്കുന്ന നോവൽ വ്യത്യസ്തമാക്കുന്നത് ഓരോ അധ്യായങ്ങളുടെയും ടൈറ്റിൽ മാവോറികളുടെ ഭാഷയിലും മലയാളത്തിലും എഴുതി വാങ്മയ ചിത്രങ്ങൾ വരഞ്ഞിടുന്നു എന്നതാണ്. പ്രവാസം മലയാള സാഹിത്യത്തിലേക്ക് അപൂർവമായ പ്രമേയങ്ങളും ദേശങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ നോവൽ ശ്രദ്ധേയമാവുന്നത് പെൺപ്രവാസത്തിലൂടെയാണ്. പ്രവാസത്തെ ഒന്നൂടെ തിരിഞ്ഞ് നോക്കാൻ പ്രേരിപ്പിക്കുന്ന നോവലിലൂടെ നാം ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു നാടിന്റെ സത്യസന്ധതയും ദൃശ്യാവിഷ്‍കാര വൈഭവവുമാണ് നിറഞ്ഞുനിൽക്കുന്നത്. അനേകം പെൺ പ്രവാസിയുടെ പ്രതിനിധിയാണ് രുഗ്മ. രുഗ്മയുടെ മുമ്പോട്ടുള്ള ജീവിത കഥ വായിക്കുന്തോറും ജിജ്ഞാസ വർധിക്കും. രുഗ്മയുടെ ജീവിതം വായനക്കാരെ പൊള്ളിക്കും.

അന്യദേശത്തിന്റെ തലയെടുപ്പിനേയും, ഹൃദയമിടിപ്പിനേയും തന്റേതുകൂടിയാണെന്ന് അവകാശപ്പെടാൻ ശീലിച്ചു​െവക്കുന്ന ശരാശരി പ്രവാസി സ്ത്രീകളിലൊരുവളാണ് ജിനി. സംഘർഷഭരിതമായ പ്രവാസത്തിലും ജീവിതത്തെ ചേർത്തുപിടിക്കാൻ പാലായിൽനിന്ന് ന്യൂസിലൻഡിലേക്ക് കുടിയേറി പാർക്കാനെത്തുന്ന ശരാശരി മലയാളി നഴ്സിന്റെ ചിത്രങ്ങളിലൊന്ന് ജിനിയിലൂടെ വായനക്കാരുടെ മുന്നിൽ വരച്ചിടുന്നു.

‘കവിതകളിലൊക്കെ എല്ലാ പൂക്കളും പെണ്ണുങ്ങളാണ്. പുരുഷന് പുഷ്പമാകാൻ കഴിയില്ലേ? പുരുഷന് സ്വന്തം വാല് വിഴുങ്ങിയ സർപ്പമാകാൻ കഴിയുമോ?’ ഓരോ വരികളിലും ലളിതമായ ആഖ്യാനശൈലിയിൽ ഒരുക്കിയ ആത്മനൊമ്പരത്തിന്റെ കഥ മിഴിവോടെ വരച്ചുകാട്ടുന്ന നോവൽ വായനയുടെ പുതിയ ലോകം സൃഷ്ടിക്കുകയാണ്.

ന്യൂസിലൻഡിന്റെ ഭാഷയും സംസ്കാരവും, ജീവിതവും തെളിമയോടെ അവതരിപ്പിച്ച് പ്രമേയസ്വീകരണത്തിലും ശിൽപഘടനയിലും വ്യത്യസ്തത പുലർത്തുന്ന നോവൽ ലളിതമായി വായിച്ചുപോകാവുന്നതാണ്. മാവോറികളുടെ ജീവിതത്തിന്റെ ഒരുപാട് മനോഹരമായ അടരുകൾ ഈ പുസ്തകത്തിലുണ്ട്. ന്യൂസിലൻഡിലെ പ്രകൃതിഭംഗി മനോഹരമായാണ് അപർണ നോവലിലൂടെ പകർത്തുന്നത്.

ന്യൂസിലൻഡിലെ ആളുകൾ ശാന്തരാണ്. ബ്രിട്ടീഷ് രക്തത്തിന്റെ താവഴികൾ അഭിമാനപൂർവം കൊണ്ടുനടക്കുന്നവർ. ഇനി വംശീയവാദമുണ്ടെങ്കിൽപ്പോലും അത് പ്രകടമായി പറയുന്നതിൽ അഭിമാനക്ഷതം തോന്നുന്നവർ. മാവോറി മിത്തുകളും ചരിത്രവും, കാഴ്ചകളും അനുഭവങ്ങളും ചേർത്ത് ആഴവും വൈദഗ്ധ്യവും കൊണ്ട് പ്രേമവും, തിരസ്കാരവും, വഞ്ചനയും പെൺജീവിതങ്ങളിലൂടെ നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. മണ്ണിന്റെ ഉടമസ്ഥതകളാണ് മാവോറി സ്ത്രീകൾ. ഇപ്പോഴും കടന്നുപോകുന്നത് പന്തിഭേദത്തിന്റെ കറുത്ത നിറങ്ങളിലൂടെയാണ്. കുടിയേറിപ്പാർത്ത ഏഷ്യക്കാർക്ക് പിന്നെയും ആശ്വസിക്കാൻ വകയുണ്ട്. മാവോറികൾ എന്ന ആദിമ ജനത അനുഭവിക്കുന്ന ജീവിതം കടും ചായത്തിൽ വരച്ചിടുന്നു.

അസാധാരണമായ പ്രണയബന്ധങ്ങളിലൂടെയുള്ള രുഗ്മയുടെ ജീവിതവും പ്രണയവും സങ്കീർണവും അനിശ്ചിതത്വങ്ങളിലും തട്ടിയും തടഞ്ഞുമൊഴുകുന്ന ഒരു നദിപോലെ. നിഗൂഢമായ പ്രകൃതിയുടെയും മനുഷ്യന്റെയും അവസ്ഥ കൃത്യമായി അടയാളപ്പെടുത്തുന്നു. പ്രവാസികളുടെ കഠിനമായ ജീവിതവഴികൾ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഇതിലെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും.

നോവൽ ജനുസ്സിന്റെ അതിർത്തിരേഖകൾ മായ്ച്ചുകളയുക മാത്രമല്ല അതിർത്തികൾക്കപ്പുറമുള്ള ലോകങ്ങളിലേക്കും വേരുകളെപ്പറ്റി ഗൃഹാതുരത്വമൊന്നുമില്ലാത്ത ഒഴുകുന്ന മനുഷ്യരുടെ ജീവിതങ്ങളിലേക്കും സഞ്ചരിച്ച് സ്വയം രൂപം മാറിയും നവീകരിച്ചും മുന്നോട്ടു പോവുകയാണെന്നും ‘കൊ അഹാവു തെ വായി’ ബോധ്യപ്പെടുത്തുന്നു എന്ന്

അവതാരികയിൽ പ്രശസ്ത എഴുത്തുകാരൻ പി.കെ. രാജശേഖരൻ പറയുന്നു. പ്രവാസ ജീവിതത്തിലേക്കും പ്രവാസി ലോകത്തേക്കും കൂട്ടിക്കൊണ്ടുപോയി പെൺജീവിതങ്ങളുടെ അതിജീവനത്തിന്റെ കഥയാണിത്. കഥാബിന്ദുവും ആഖ്യാനരീതിയും വ്യത്യസ്തത പുലർത്തുന്ന നോവൽ അപരിചിതവുമായ അനുഭവ മേഖലകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

മാവോറി മിത്തുകളുടെയും യാത്രാവിവരണത്തിന്റെയും ഓർമക്കുറിപ്പിന്റെയും വ്യത്യസ്തമായ ആഖ്യാനരീതികൾ കൂട്ടിക്കലർത്തി, ന്യൂസിലൻഡിന്റെ കാഴ്ചയിലൂടെ ഉദ്വേഗപൂർവമായ ഒരു ചലച്ചിത്രത്തിന്റെ ദൃശ്യാനുഭവം പകരുന്നു. ഈ പുസ്തകത്തിന്റെ ഓരോ അധ്യായവും മലയാള നോവൽ സാഹിത്യത്തിന് മുതൽക്കൂട്ടാണ്.

ഇതുവരെ ആരും പറയാത്ത രീതിയിൽ പെൺ പ്രവാസം നോവലിൽകൂടി അവതരിപ്പിച്ച് രചനാതന്ത്രങ്ങളിൽ വിജയിച്ചിരിക്കുന്നു.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book reviewKo Ahau Te VaiAparnaKurup
News Summary - Ko Ahau Te Vai By AparnaKurup Book review
Next Story