Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightദിവ്യാനുരാഗം

ദിവ്യാനുരാഗം

text_fields
bookmark_border
ദിവ്യാനുരാഗം
cancel

തറവാട്ടിൽ ആകെ ബഹളമാണ്. ഗേറ്റ് കടന്നപ്പോഴേ കാണാമായിരുന്നു കുഞ്ചയമു പെട്രോൾ മാക്സ് പിടിച്ച് നാലു വഴിക്കും ഓടുന്നത്. അമ്മായിമാരൊക്കെ എത്തിയിരിക്കുന്നു. മുറ്റം മുഴുവൻ അവർ വന്ന കാറുകളാണ്. ചില കാറുകളിൽ അവയുടെ ഡ്രൈവർമാർ ചാരി നിന്ന് ബീഡി വലിക്കുന്നുണ്ട്. മൂത്താപ്പ പതിവ് പോലെ ഏതോ ഒരു ജോലിക്കാരനോട് ഉറക്കെ സംസാരിക്കുന്നു. നല്ല നിലാവുള്ള രാത്രി. മാനം നിറയെ നക്ഷത്രങ്ങൾ. ഉമ്മറപ്പടിയിൽ ഊദ് കത്തിച്ചു വെച്ചതിൻ്റെ സുഗന്ധം ചുറ്റിലും പരന്നിരിക്കുന്നു. ഞാൻ വീടിൻ്റെ വലതു വശം ചാരിയുള്ള സൽക്കാര മുറിയിൽ നേരെ ചെന്ന് കയറി. ഈ മുറിക്കു അന്നത്തെ പേര് കോമ്പര. എങ്ങിനെ ആ പേര് വന്നു എന്നുള്ളത് ഇപ്പോഴും സംശയം ബാക്കിയാണ്. ശുഭ്ര വസ്ത്രധാരികളായ ഉസ്താദും കുട്ടികളും ചുറ്റിലും ഇരിക്കുന്നു. മനം മയക്കുന്ന അത്തറിന്റെ സുഗന്ധം കോമ്പര നിറഞ്ഞിരിക്കുന്നു. നീളൻ ജുബ്ബയും വടിവൊത്ത ഉടുമുണ്ടും ഉടുത്ത വെല്ലിപ്പ കണ്ണാടിയിൽ നോക്കി തൻ്റെ വട്ടത്തൊപ്പിയുടെ സ്ഥാനം ശരിയാക്കുന്നു. വീടിന്റെ ഉള്ളിൽ ഇടനാഴികകളിലായി പത്തു പതിനേഴ് പേർ എന്തോക്കെയോ സൊറ പറയുകയാണ്.

ഉമ്മ പതിവ് പോലെ നേരെ ചെന്ന് കയറിയത് അടുക്കള ഡ്യൂട്ടിയിലേക്കാണ്. പോത്തിറച്ചിയും നെയ്ച്ചോറും അടുപ്പിൽ വെന്ത് വരുന്നേയുള്ളൂ. ഞാൻ ആകെ പമ്മിപ്പമ്മി നടക്കുകയാണ്. മനസ്സിൽ ആകെ ഉള്ളത് കുറെ സംശയങ്ങൾ മാത്രം. ഇതിലൊന്നും ഒരു കാര്യവും ഇല്ല്യ. വെല്ലിപ്പ വെറുതെ പ്രതാപം കാണിക്കാൻ വേണ്ടി പൈസ വെറുതെ കളയാണ്. വിരുന്നു സൽക്കാരം, വന്ന ഉസ്താദിനും കുട്ടികൾക്കും പൈപൈസ കൊടുക്കൽ. വല്ലാത്ത ഓരോ അനാചാരങ്ങൾ. കൊല്ലം തോറും ഉള്ള ഹജ്ജ്, ഉംറ, അജ്മീർ യാത്രകൾക്ക് പുറമേ കുറെ അതിഥി സൽക്കാരങ്ങളും, അതും ഇൽമിന്‍റെ പേരിൽ. ഞാൻ മെല്ലെ രണ്ടാം നിലയിലേക്ക് നടന്നു കയറി. ഒന്ന് ഉറങ്ങാം, എണീക്കുമ്പോഴേക്കും നെയ്‌ച്ചോർ റെഡി ആവുമല്ലോ. ഭംഗിയിൽ വിരിച്ചിട്ട പേർഷ്യൻ മെത്തയിൽ മെല്ലെ കേറി കിടന്നു. താഴെ നിന്ന് ഒരു നേർത്ത ശബ്ദം കേൾക്കാം. "ഇന്ന ബൈതൻ അൻത സാക്കിനുഹു..." നല്ല ഈണത്തിൽ ഉസ്താദും കുട്ടികളും ചൊല്ലാൻ തുടങ്ങി. കേൾക്കാൻ വല്ലാത്തൊരു സുഖം തന്നെ. മെല്ലെ മെല്ലെ ഞാൻ പോലുമറിയാതെ ഒരു മയക്കം വരുന്ന പോലെ.

അപ്പോഴതാ മാളികപ്പുറത്ത് , എന്റെ മുറിയിൽ അപ്പൂപ്പൻ താടി വെച്ച് സുന്ദരനായ മറ്റൊരു മൊല്ലാക്ക. നല്ല സിൽക്കിന്റെ പച്ച തൊപ്പി , തിളങ്ങുന്ന വെളുത്ത ജുബ്ബ , കയ്യിൽ തസ്ബി മാല. അതെ, മറ്റൊരു ഉസ്താദ് വന്നേക്കാണ് വെല്ലിപ്പാന്റെ പൈസ പറ്റിക്കാൻ!!! ഞാൻ അത് അലോചിച്ചപ്പോഴേക്കും ആപ്പാപ്പാ എന്നെ നോക്കി മുത്ത് പോലുള്ള പല്ലു കാട്ടി ചിരിച്ചു. ''എന്താ അനക്ക് അങ്ങിനെ തോന്നാൻ.. എനിക്ക് അന്റെ വല്ലിപ്പാന്റെ പൈസ ഒന്നും വേണ്ട.. എനിയ്ക്കു എന്ത് വേണേലും ചോയിച്ചാൽ എന്റെ പടച്ചോൻ തരും.

എന്നെ പറ്റിക്കാൻ നോക്കണ്ട." ഞാനും വിട്ടു കൊടുത്തില്ല.

''അങ്ങിനെ എല്ലാം പടച്ചോൻ തരും എന്നുണ്ടെകിൽ എന്തിനാ നിങ്ങൾ ഇവിടെ വന്നത്'' ഉസ്താദ് പറഞ്ഞു ''പടച്ചോൻ പടപ്പുകൾ വഴി ആണ് നല്ലതും ചീത്തയും ഒക്ക ഇറക്ക ..എപ്പോൾ തന്നെ നോക്കെ-അന്റെ ഉപ്പ എത്ര ആൾക്കാരെ സഹായിക്കാൻ വേണ്ടി ഓടി നടക്കുന്നു. കാരണം പടച്ചോൻ അവൻ വഴി ആണ് അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കുന്നത്'' ഞാൻ നിനക്ക് ഒരു സമ്മാനം തരാൻ വേണ്ടി വന്നതാണ്. പരമ രഹസ്യങ്ങൾ ആയ മൂന്ന് മുത്തുകൾ !

നിന്റെ ഹൃദയത്തിൽ ഒരു മെഴുകുതിരി ഉണ്ട്, കത്തിക്കാൻ തയ്യാറാവുക. നിന്റെ ആത്മാവിൽ ഒരു ശൂന്യതയുണ്ട്, അത് നന്മകൾ കൊണ്ട് നിറക്കാൻ തയ്യാറാവുക, നിനക്കതിനു കഴിയും. പക്ഷെ പരിശ്രമിക്കണം. മനോഹരമായ ഒരു രഹസ്യ ആകാശമുണ്ട്. അങ്ങോട്ട് പറക്കാൻ, ഓരോ നിമിഷവും നൂറ് മൂടുപടങ്ങൾ വീഴാൻ നീ ആദ്യം ജീവിതം ഉപേക്ഷിക്കുക. അവസാനമായി, കാലില്ലാതെ ഒരു ചുവടുവെക്കാൻ. നീ എവിടെയായിരുന്നാലും നി ചെയ്യുന്നതെന്തു തന്നെ ആയാലും എപ്പോഴും പ്രണയത്തിലായിരിക്കുക. പ്രണയം മാത്രം ആണ് സത്യം."

ഒരെത്തും പിടിയും കിട്ടാതെ ഞാൻ ആ ഉസ്താദിന്റെ കണ്ണിലേക്കു നോക്കി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ആ തസ്ബി മാല ഒറ്റയ്ക്ക് ഹസ്ബീ റബ്ബീ ജല്ലല്ലാഹ്. എന്ന് ചൊല്ലി സ്വയം തിരിയുന്നു. ഞാൻ അറിയാതെ ചോദിച്ചു പോയി.''നിങ്ങൾ ജിന്ന് ആണോ''? അദ്ദേഹം അതാ വീണ്ടും ചിരിക്കുന്നു.

''ഒരു ദിവസം നീ അറിയും. ത്വരീഖത്തിന്റെ വഴിയേ നീയും വരും. സജ്ജനങ്ങളിൽ ഉൾപ്പെടാൻ വഴി തേടുക. എപ്പൊഴും ഒരു യാത്ര പുറപ്പെടാൻ കരുതി ഇരിക്കുക. '' എന്നിട്ട് വായുവിലേക്ക് തൻ്റെ കൈകൾ ഉയർത്തി ഉറക്കെ പറഞ്ഞു.''യാ അല്ലാഹ്''പെട്ടെന്ന് മുറി വലിയ വെളുത്ത വെളിച്ചത്തോടെ പ്രകാശിച്ചു. മാനത്തെ മിന്നിമിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ എനിക്ക് ചുറ്റും വലയം വെക്കാൻ തുടങ്ങി. വിവരിക്കാൻ വാക്കുകളില്ലാത്ത ഒരു ഗൂഢ ദിവ്യാനന്ദത്തിലേക്ക് ഞാനെത്തി. ഞാൻ‌ ഒരു പർ‌വ്വതത്തിലാണെന്നും, വായുവല്ല, ആത്മാവിന്റെ കാറ്റാണ് വീശുന്നുതെന്നും എനിക്ക് തോന്നി. പതുക്കെ ആ പരമാനന്ദബോധം ശമിച്ചു. ഞാൻ കട്ടിലിൽ കിടന്നു, പക്ഷേ ഞാൻ മറ്റൊരു ലോകത്തായിരുന്നു, ബോധത്തിന്റെ ഒരു പുതിയ ലോകം. ഒരു കൂട്ടം വെള്ളരിപ്രാവുകൾ ഒന്നിച്ചു മച്ചിൽ നിന്നും നിലാവു നിറഞ്ഞ ആകാശത്തേക്ക് പറന്നകന്നു.

ഉമ്മാ എന്ന് ഉറക്കെ വിളിച്ചു. കണ്ണ് തുറന്നപ്പോൾ. ഉമ്മ കോണി പടികൾ ചവിട്ടി ഓടി വരുന്ന ശബ്ദം കേൾക്കാം.

ചുറ്റും നോക്കിയപ്പോൾ മുറിയിൽ ആരും ഇല്ല. ഉമ്മ ''വല്ല സ്വപ്‌നവും കണ്ടു പേടിച്ചതാവും, ഇങ്ങിനെ ഒരു പേടിത്തൊണ്ടൻ'' എന്ന് പറഞ്ഞു. അമ്പരപ്പ് മാറാതെ ഞാൻ ഉമ്മാന്റെ സാരി തുമ്പു പിടിച്ച് കോണിപ്പടിയിറങ്ങി. എന്റെ മനസ്സിൽ അപ്പോഴും. അത് ജിന്ന് ആണോ? ജിന്നുകൾ ആൾക്കാരെ പേടിപ്പിക്കൂല്ലേ? ഇനി ഞാൻ കുട്ടി ആയതു കൊണ്ടും ഉപ്പ ഒരു പാട് ആൾക്കാരെ സഹായിക്കുന്നത് കൊണ്ടും ആണാവോ എന്നെ ഉപദ്രവിക്കാതിരുന്നത്? തുടങ്ങിയ ചോദ്യങ്ങളായിരുന്നു. മൗലൂദിന്‍റെ അടുത്ത വരി, "ലൈസ മുഹ്താജൻ ഇലസ്സുറുജി.." ഉയർന്നു കേൾക്കാം. ബൈത്ത് കഴിയാനായിരിക്കുന്നു. അടുക്കളയിൽ നിന്ന് കുഞ്ഞയമ്മുവും ഹംസയും കൂടി ചേമ്പ് പിടിച്ചു കൊമ്പരയിൽ കൊണ്ട് വന്നു. കാര്യസ്ഥൻ നായർ കൊത്തു പണികൾ ഉള്ള പിഞ്ഞാണങ്ങളിൽ നെയ്ച്ചോറും കറികളും വിളമ്പാൻ തുടങ്ങി. എല്ലാവരും വളരേ സന്തോഷത്തോടെ ഒരുമിച്ചിരുന്നു ബിസ്മി ചൊല്ലി ഭക്ഷണം കഴിച്ചു. പിന്നെ പല വട്ടം കണ്ടു, ജിന്നുകളെ പോലുള്ള മനുഷ്യന്മാരെ, പല കോലങ്ങളിൽ പല വേഷത്തിൽ. മൊറോകോയിലെ ഒരു പഴയ മസ്ജിദിലെ മുക്രിയുടെ രൂപത്തിൽ, അനുഗ്രഹിച്ച എത്രയോ മഹാന്മാരായ പണ്ഡിതൻമാരുടെ രൂപത്തിൽ, ജീവനു തുല്യം സ്നേഹിക്കുന്ന കൂട്ടുകാരുടെ രൂപത്തിൽ, മനം മറന്നു പാടുന്ന പാട്ടുകാരുടെ രൂപത്തിൽ. അങ്ങിനെ ഞാൻ അറിയുന്നു. ഞാൻ എന്തിൽ നിന്നൊക്കെ ഓടി ഒളിച്ചോ. അത് മാത്രം എനിക്ക് ഇപ്പോൾ സ്വസ്ഥ്യം തരുന്നു. ഇന്ന് ഇവിടെ

ലണ്ടനിൽ , ഈ കൊറോണ കാലത്ത് ഒറ്റക്കിരിക്കുമ്പോൾ. അന്ന് തിരസ്ക്കരിച്ച പലതിനോടും എന്തോ ഒരുമോഹം പോലെ. മാറാക്കരയിൽ നിന്നും തറവാട്ടിൽ നിന്നും ആയിരക്കണങ്കിൽന് മൈലുകൾക്കിപ്പുറത്ത് ഒറ്റക്കിരിക്കുന്ന രാത്രികളുടെ നിശബ്ദതയിൽ ഞാൻ വ്യക്തമായി കേൾക്കുന്നു. അന്ന് കേട്ട വരികളുടെ സാരം, സ്നേഹത്തിന്റെ പ്രവാചക മധുരം മനസ്സിൽ ഒരു മുന്തിരി വള്ളി പോലെ പടർന്നു കിടക്കുന്നു. "ഇന്ന ബൈതൻ അൻത സാക്കിനുഹു, ലൈസ മുഹ്താജൻ ഇലസ്സുറുജി. തീർച്ചയായും അങ്ങ് താമസിക്കുന്ന ഒരു വീട്ടിൽ മറ്റൊരു വിളക്കിന്‍റെ ആവശ്യം ഇല്ല !

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divyanuragam
Next Story