കൂടുമാറ്റം
text_fieldsകൂടുവിട്ടു കൂടുമാറും വിദ്യയിൽ
പ്രഗത്ഭനായൊരാൾ
എന്റെ നാട്ടിലുണ്ടായിരുന്നു.
എല്ലാവർക്കും
അയാളെ പേടിയായിരുന്നു.
ഏതു വസ്‌തുവിലും
അയാൾ കൂടുമാറുമായിരുന്നുവത്രെ.
ചത്തുകിടക്കുന്ന കോഴിയിൽ
കൂടുമാറിയെത്തി അയാൾ
പുനർജന്മം നൽകുമായിരുന്നുവത്രെ.
ഇന്നലെ പെറ്റൊരു കുഞ്ഞിലും
അയാൾ കൂടുമാറിയെത്തും.
കല്യാണ വീട്ടിൽ
പുതുപ്പയ്യന്റെ മേലിലും
അയാൾ കൂടുമാറിയെത്തിയത്രെ.
എന്തിനേറെപ്പറയുന്നു
അയാൾ കൂടുമാറാത്ത
ഒന്നും
ഞങ്ങളുടെ നാട്ടിൽ ഇല്ലാതായി.
ഒടുവിൽ,
അയാളുടെ കള്ളത്തരങ്ങൾ
പൊളിക്കുവാൻ
ഞങ്ങൾ ഒരുകൂട്ടം ആളുകൾ തയാറെടുത്തു.
പുരോഗമനവാദികൾ
എന്നു ഞങ്ങൾക്ക് നാട്ടിൽ
ഒരു വിളിപ്പേരുമുണ്ടായിരുന്നു.
നാളേറെക്കഴിഞ്ഞു.
കൂടുമാറ്റമൊക്കെ
എല്ലാവരും മറന്നു.
ഞങ്ങളുടെ കൂട്ടത്തിൽ
ഉണ്ടായിരുന്നവരും.
ഞാനും അതു മറന്നു.
മറന്നപോലെ അഭിനയിച്ചു.
കാരണം,
ഇപ്പോൾ അയാൾ
എന്റെ ദേഹത്താണല്ലോ
കൂടുമാറിയെത്തിയിരിക്കുന്നത്...
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

