ഇന്ന് വായനാദിനം....... പി.എന്‍. പണിക്കർ ഓർമയായിട്ട് 31 വർഷം
text_fieldsചങ്ങനാശ്ശേരി: ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ പി.എന്‍. പണിക്കർ ഓർമയായിട്ട് വെള്ളിയാഴ്ച 31 വർഷം തികയുന്നു. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് ഒന്നിനാണ് ജനനം. അധ്യാപകനായിരുന്ന ഇദ്ദേഹം 1995 ജൂൺ 19ന് അന്തരിച്ചു. പി.എന്‍. പണിക്കറുടെ ചരമദിനമായ ജൂൺ 19 വായനദിനമായാണ് ആചരിക്കുന്നത്. 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്‍റെ വായനദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായും പ്രഖ്യാപിച്ചു.
1926ൽ പണിക്കർ തന്റെ ജന്മനാട്ടിൽ ‘സനാതനധർമം’ എന്ന വായനശാല സ്ഥാപിച്ചു. സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി സാമൂഹികപ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്‍റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്‍റെ ഫലമായാണ് കേരള ഗ്രന്ഥശാലാസംഘം സ്ഥാപിതമായത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്‍റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു. ഗ്രന്ഥശാല പ്രസ്ഥാന നായകൻ, കാൻഫെഡ് സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിന് നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക് ലൈബ്രറീസ് ആക്ട് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു.
പണിക്കർ പ്രവർത്തനമാരംഭിച്ച കാലഘട്ടത്തിൽ തിരുവിതാംകൂറിലെ ഗ്രന്ഥശാലകൾക്ക് സംഘടിത രൂപമില്ലായിരുന്നു. 1945ൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ വിളിച്ചു ചേർത്ത തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപവത്കരണ യോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ. സി.പി. രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല.
ഈ സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രൂപ പ്രവർത്തന ഗ്രാന്‍റ് ലഭിക്കുകയും ചെയ്തു. 1977ൽ ഗ്രന്ഥശാലാസംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘം ജനറൽ സെക്രട്ടറി പി.എൻ. പണിക്കരായിരുന്നു. അദ്ദേഹത്തിന്റെ വീടും ആറര സെന്‍റ് സ്ഥലവും ബന്ധുക്കള്‍ സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. നീലംപേരൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് പി.എന്‍. പണിക്കരുടെ ജന്മഗൃഹമായ പുതുവായില്‍ വീട്.
വായനദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരും സമീപ ജില്ലകളില്‍ നിന്നടക്കം സ്‌കൂള്‍ വിദ്യാര്‍ഥികളും ഇവിടെ എത്തുക പതിവാണ്. നീലംപേരൂരിൽ പ്രവർത്തിക്കുന്ന പി.എന്‍. പണിക്കര്‍ സനാതന ധര്‍മ ഗ്രന്ഥശാല ആന്‍ഡ് വായനശാല ലൈബ്രേറിയൻ ഇദ്ദേഹത്തിന്റെ ബന്ധു വത്സലകുമാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

