ഓണവിപണിയിൽ താരമായി റോബോവാക്
text_fieldsഓണവിപണിയിൽ ഇത്തവണ താരമായത് റോബോട്ടിക് വാക്വം ക്ലീനറുകൾ അഥവ റോബോവാക്കുകൾ. വീട്ടകം തൂത്തുവാരാനും തുടയ്ക്കാനും കഷ്ടപ്പെടുന്ന വീട്ടമ്മമാർക്ക് ആ ജോലിയോട് വിടപറയാൻ തുണയാകുന്നതാണ് റോബോവാക്. ചൂൽ ഉപയോഗിച്ച് തൂക്കുന്നതിനെക്കാൾ വൃത്തി. വൈദ്യുതി ഉപയോഗം മൊബൈൽ ഫോണിന്റേത് മാത്രം. ഇതൊക്കെയാണ് റോബോവാക്കുകളെ താരമാക്കുന്നത്. ഇറങ്ങിയിട്ട് കുറെ കാലമായെങ്കിലും ഉപഭോക്താക്കൾക്കിടയിൽ വ്യാപക പ്രചാരണം സിദ്ധിച്ചത് ഇത്തവണയാണ്. മാനുവൽ മാർഗനിർദേശം കൂടാതെ തറ വൃത്തിയാക്കാൻ സെൻസറുകളും പ്രോഗ്രാം ചെയ്ത ദിനചര്യകളും ഉപയോഗിച്ച് സ്വയം പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. തൂക്കേണ്ട മുറികൾ പ്രോഗ്രാം ചെയ്ത് ഓൺ ചെയ്ത് വിട്ടാൽ റോബോവാക്കുകൾ തനിയെ പൊടിപടലങ്ങളും അഴുക്കും നീക്കം ചെയ്യും. ആരും കൂടെ നിൽക്കേണ്ട. ചാർജ് തീർന്നാൽ തിനിയെ ചാർജിങ് ഡോക്കിലെത്തി ചാർജ് ചെയ്യും.
മിക്ക മോഡലുകളും ഒതുക്കമുള്ളവയാണ്, ഫർണിച്ചറുകൾക്ക് ചുറ്റും നാവിഗേറ്റ് ചെയ്യാനും കിടക്കകൾക്കും സോഫകൾക്കും കീഴിൽ എത്താനും അനുവദിക്കുന്ന ഡിസ്ക് ആകൃതിയിലുള്ള രൂപകൽപനയാണ്. മൊബൈൽ ആപ്പുകൾ വഴിയോ വോയിസ് അസിസ്റ്റന്റിലൂടെയോ ക്ലീനിങ് സമയവും റൂമുകളും ഷെഡ്യൂൾ ചെയ്യാനും സാധിക്കുന്ന സ്മാർട്ട് സാങ്കേതികവിദ്യ ഇവയിൽ ഉൾക്കൊള്ളുന്നു. ബാറ്ററി തീരുന്നതിന് തൊട്ടുമുമ്പ് റോബോട്ട് സ്വയം ചാർജിങ് പോയന്റിലേക്ക് മടങ്ങുകയും വീണ്ടും നിർത്തിയിടത്ത് ചെന്ന് ശുചീകരണം തുടരുകയും ചെയ്യും. വീടുകളിൽ തിരക്കിനിടയിലും പൊടിപടലങ്ങളും വളർത്തുമൃഗങ്ങളുടെ രോമങ്ങളും വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു, അതുവഴി സമയം ലാഭിക്കാം.
ഇവയുടെ ശക്തമായ മോട്ടോര്‍ 3000 Pa സക്ഷനുറപ്പാക്കുന്നു. എക്കോ, സ്റ്റാന്‍ഡേഡ്, സ്ട്രോങ്, സൂപ്പര്‍ സ്ട്രോങ് എന്നിങ്ങനെ നാലുതരത്തിലുള്ള സക്ഷന്‍ മോഡുകളുണ്ട്. ഒരുവര്‍ഷത്തെ നീണ്ട വാറന്റിയില്‍ വ്യത്യസ്ത ക്ലീനിങ് ഓപ്ഷനുകളിവക്ക് സ്വന്തം. കുറഞ്ഞ ശബ്ദത്തിലാണിവ പ്രവര്‍ത്തിക്കുന്നത്. ടൈല്‍, മാര്‍ബിള്‍, കാര്‍പറ്റ്, തടി എന്നീ പ്രതലങ്ങളിൽ അനായാസം പ്രവർത്തിക്കും. 3500 എം.എ.എച്ച് മുതലാണ് ബാറ്ററി കപ്പാസിറ്റി. 13,000 രൂപ മുതൽ മുകളിലേക്കാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

