അറബി നാട്ടിലെ ഓണാഘോഷം
text_fieldsമാളവിക മനോജ്
എന്റെ കുട്ടിക്കാലം ജിദ്ദയിലായിരുന്നു. അച്ഛന് അവിടെ ജോലിയായതിനാൽ കുടുംബസമേതം ജിദ്ദയിലായിരുന്നു. ഞാൻ അവിടുത്തെ വിവിധ സ്കൂളുകളിൽ പഠിച്ചിട്ടുണ്ടെങ്കിലും അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുമ്പോഴാണ് ഓണം ആഘോഷിച്ചതായി ഓർമയിലുള്ളത്.
അവിടെ ഇവിടത്തെപ്പോലെ 10 ദിവസമൊന്നും ഓണം സെലിബ്രേറ്റ് ചെയ്യാറില്ലായിരുന്നു. തിരുവോണത്തിന്റെയന്ന് ഒരു ദിവസം ഗെറ്റുഗദർ പോലെ നടത്തും. അന്ന് വലിയ ഓണപ്പൂക്കളമിടും. സദ്യയുണ്ടാകും. അത്രയൊക്കെ തന്നെ. അതിനാൽ നിറമുള്ള ഓണാഘോഷങ്ങളൊന്നും എന്റെ കുട്ടിക്കാലത്തുണ്ടായിട്ടില്ല.
നാട് മലപ്പുറം ജില്ലയിലെ മേലാറ്റൂരിലാണ്. ഇവിടെ ഞങ്ങൾ ഒരു കൂട്ടുകുടുംബമായിരുന്നു. അപ്പോൾ വെക്കേഷനോ മറ്റോ നാട്ടിൽ വരുമ്പോൾ ഓണക്കാലമാണെങ്കിൽ കസിൻസുമൊക്കെയായി ചെറിയ കളികളും സദ്യയുമൊക്കെ ആയി ഓണമാഘോഷിക്കാറുണ്ടായിരുന്നു. പൂക്കളമിടാൻ വല്ലപ്പോഴും ചെറിയ പൂക്കളിറുക്കാൻ പോയിരുന്നു. രണ്ടുമൂന്ന് ദിവസം അങ്ങനെ പൂക്കളമിടും.
എന്നാൽ, നാട്ടിലും പൂവുകളുടെ ലഭ്യതക്കുറവ് കാരണം മൂന്ന് ദിവസശേഷം വാങ്ങുന്ന പൂക്കൾ കൊണ്ടായിരിക്കും പൂക്കളമിടുക. പൂക്കളെ മൊത്തത്തിൽ ഇഷ്ടമാണെങ്കിലും ഓണപ്പൂവുകളോട് ഒരു പ്രത്യേക ഇഷ്ടമൊന്നുമില്ല. ഞങ്ങൾ ബന്ധുക്കൾ കൂട്ടുകുടുംബം പോലെ കോമ്പൗണ്ട് വാൾ പോലും ഇല്ലാത്ത രീതിയിൽ അടുത്തടുത്താണ് താമസം. അതിനാൽ ഓണക്കാലത്ത് ആരും വിരുന്ന് പോവുകയോ വരുകയോ ചെയ്യാറില്ല.
ഇടക്ക് അച്ഛന്റെ നാടായ മഞ്ചേരിയിൽ ഉച്ചക്കുശേഷം പോകും. ഓണക്കോടിയെടുക്കുന്ന പതിവുമില്ല. നാട്ടിൽ വരുമ്പോൾ മുത്തശ്ശി എല്ലാവർക്കും ഉടുപ്പുകൾ വാങ്ങിത്തരും. അത് ഓണക്കോടിയായി കരുതും. പാട്ടുകളെല്ലാം ഇഷ്ടമാണെങ്കിലും ഓണപ്പാട്ടുകളോട് ഒരു ഇഷ്ടം തോന്നിയിട്ടില്ല. പാട്ട് പഠിച്ചിട്ടില്ല. പാടാറുമില്ല.
സിനിമയിൽ അറിയപ്പെടാൻ തുടങ്ങിയിട്ടും ജീവിതത്തിലോ ആഘോഷങ്ങളിലോ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. സോഷ്യൽ മീഡിയകളിൽ ഞാൻ സജീവമല്ല. അതിനാൽ ഓണാഘോഷങ്ങളുടെ ആശംസകളോ പോസ്റ്റുകളോ ഒക്കെ അതിനായി ഉണ്ടാക്കിയിടാറില്ല. ഇനി റിലീസാകാനുള്ള സിനിമ ഒക്ടോബറിൽ ഒരു തമിഴ്പടമാണ്. സിനിമയിലെത്തിയിട്ടും എല്ലാ വർഷവും വീട്ടിൽ തന്നെയാണ് ഓണം. ഇത്തവണയും അച്ഛനും അമ്മയും അനിയത്തി മീനാക്ഷിയും ജ്യേഷ്ഠൻ വിഷ്ണുവുമൊത്ത് വീട്ടിലാണ് ഓണാഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

