പൊന്നോണക്കാലം
text_fieldsതൊടുപുഴ ന്യൂമാൻ കോളജ് വിദ്യാർഥികളുടെ അത്തപ്പൂക്കളം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണനാളിലാണ് മലയാളി. ഓണക്കോടിയും പൂക്കളവും സദ്യവട്ടവുമായി മാവേലിത്തമ്പുരാനെ വരവേൽക്കുകയാണ് നാടെങ്ങും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി, ജാതി-മത ഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
അത്തംമുതല്‍ പത്തുനാള്‍ മുറ്റത്തൊരുക്കുന്ന പൂക്കളമാണ് ഓണത്തിന്റെ മുഖമുദ്ര. പാടത്തും പറമ്പിലുമെല്ലാം ഓടിനടന്ന് പൂക്കള്‍ ശേഖരിച്ച് പൂക്കളം ഒരുക്കിയ ബാല്യകാലം മലയാളിമനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന സുന്ദരമായ ഓര്‍മയാണ്. ഓണത്തെ വരവേൽക്കാൻ എല്ലാ ഭാവങ്ങളും എടുത്തണിയുന്ന പ്രകൃതിക്കൊപ്പം മലയോര ജനതയും ആഘോഷത്തിലാണ്. ചെറുടൗണുകളിലും ഗ്രാമങ്ങളിലുമെല്ലാം ഉത്സവപ്രതീതിയാണ്.
എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയിൽ കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയാറെടുപ്പ് പൂർത്തിയാകില്ല. വിട്ടുപോയ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടംകൂടിയാണ് ഉത്രാടദിനം. തിരക്ക് ഉച്ചസ്ഥായിയിലെത്തുന്ന ഉത്രാടപ്പാച്ചിൽ!. സദ്യവട്ടത്തിന് എല്ലാ തയാറെടുപ്പും നടത്തി മലയാളക്കര ഉറങ്ങിയുണരുമ്പോൾ തിരുവോണപ്പുലരിയായി.
എങ്ങും പൂവിളി
മലയാളികളുടെ പുഷ്പോത്സവ വേള കൂടിയാണ് ഓണം. ഓണം ലക്ഷ്യമിട്ട് ദിവസവും ഇതരസംസ്ഥാനങ്ങളിൽനിന്ന് ലോഡ് കണക്കിന് പൂക്കളാണ് ജില്ലയിൽ എത്തുന്നത്. നഗരത്തിലെ പ്രധാന പാതകളിലെല്ലാംതന്നെ പൂക്കച്ചവടക്കാർ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. മുമ്പ് നാടൻപൂക്കളായിരുന്നു പൂക്കളം നിറച്ചിരുന്നത്. തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവും ചെത്തിയും ശംഖുപുഷ്പവും നന്ത്യാർവട്ടവുമൊക്കെയായിരുന്നു അന്ന് പൂക്കളങ്ങളെ വർണാഭമാക്കിയത്. കാലം മാറിയതനുസരിച്ച് നാടൻപൂക്കൾ പൂക്കളങ്ങളിൽ ഉപയോഗിക്കുന്നത് കുറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ബന്ദി, ജമന്തി, വാടാമല്ലിപൂക്കൾ പൂക്കളങ്ങളെ കൂടുതൽ കളറാക്കി. ഇപ്പോൾ കുടുംബശ്രീയും സ്വാശ്രയ സംഘങ്ങളും വ്യക്തികളുമൊക്കെ നാട്ടിൽതന്നെ ഈ പൂക്കൾ കൃഷിചെയ്യുന്നുണ്ട്. അതിനാൽ മറ്റു സംസ്ഥാനങ്ങളെ പൂർണമായും ആശ്രയിക്കേണ്ടിവരുന്നില്ല. കൂടാതെ നാടൻപൂക്കൾ കൂടുതലായി ഉപയോഗിക്കാൻ ഇപ്പോൾ പലരും ശ്രമിക്കുന്നുമുണ്ട്.
കോളജുകളിലെ പൂക്കളമത്സരങ്ങളിൽ തുമ്പപ്പൂവും ചെത്തിപ്പൂവും ഉപയോഗിച്ചാൽ പ്രത്യേക പോയന്റും നൽകാറുണ്ട്. ജമന്തിയും ബന്ദിയും വാടാമല്ലിയും കൂടാതെ ഡാലിയ, ചെണ്ടുമല്ലി, അരളി പലതരം റോസാപ്പൂ എന്നിവയും വിപണിയിൽ എത്താറുണ്ട്. തമിഴ്നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, കമ്പം, തേനി, കർണാടകയിലെ ഗുണ്ടൽപേട്ട് എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വിപണിയിലേക്ക് പൂവെത്തുന്നത്.
വിപണി ഉണർന്നു, ഓഫറുകളുടെ ബഹളം
മലയാളി എന്തും വാങ്ങുന്ന കാലംകൂടിയാണ് ഓണം. തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദഗതിയിലായിരുന്ന വിപണിക്ക് ഓണം ഉണർവേകിയിട്ടുണ്ട്. വസ്ത്രവ്യാപാരശാലകളിലാണ് തിരക്ക് കൂടുതൽ. പ്രമുഖ കടകളെല്ലാം വമ്പിച്ച ഓഫറുകൾ നൽകിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പുതിയ ഫാഷനിലുള്ള തുണിത്തരങ്ങളെല്ലാം കടകളിൽ നിറഞ്ഞുകഴിഞ്ഞു. തുണിക്കടകൾ കഴിഞ്ഞാൽ മൊബൈൽ, ഗൃഹോപകരണ സ്ഥാപനങ്ങളിലാണ് ഏറ്റവുമധികം തിരക്ക്.
ഡിസ്കൗണ്ട്, എക്സ്ചേഞ്ച് മേളകളുടെയും സമ്മാന കൂപ്പണുകളുടെയും കാലംകൂടിയാണിത്. മൊബൈൽ ഫോൺ, ലാപ്ടോപ് വിപണിയും സജീവമാണ്. ഓഫറുകൾ ഉള്ളതിനാൽ ഗൃഹോപകരണ വിപണിയും ഉഷാർ. ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീൻ എന്നിവക്കാണ് ഡിമാൻഡ് കൂടുതൽ. ഉപഭോക്താക്കളെ ആകർഷിക്കുന്ന ഓഫറുകൾ ഉള്ളതിനാൽ വിപണി സജീവമായിത്തന്നെ നിൽക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

