
അടച്ചോണം...
text_fieldsതൃശൂർ വിയ്യൂർ ദീപ തിയറ്ററിെൻറ മുറ്റത്ത് ബെഞ്ചിട്ട് അയ്യപ്പനും കോശിയും ഈ ഇരിപ്പ് തുടങ്ങിയിട്ട് അഞ്ചു മാസം കഴിയുന്നു. കോവിഡിൽ ഇരുന്നുപോയ സിനിമ വ്യവസായത്തിെൻറ ഇപ്പോഴത്തെ അവസ്ഥ ഈ മുഷിഞ്ഞുകുത്തിയ ഇരിപ്പിലുണ്ട്... ലോക സിനിമാ ചരിത്രത്തിലെവിടെയും ഇങ്ങനെ തിയറ്ററുകൾ അടഞ്ഞുകിടന്നൊരു കാലമില്ല.
ഇലയിട്ടുവിളമ്പിയ സദ്യക്കൊപ്പം ഒരു സിനിമപോലുമില്ലാതെ വേണം ഇക്കുറി നമ്മൾ ഓണം കഴിച്ചുവിടാൻ. എത്രയോ കാലമായി മലയാളിയുടെ ഓണശീലത്തിലുള്ള സിനിമ ഇക്കുറിയില്ല...
1986ൽ സ്കൂൾകുട്ടികളായിരുന്ന കാലത്തൊരു ഓണം ഓർമയിലുണ്ട്... മമ്മൂട്ടി താരമായി കത്തിനിൽക്കുന്ന കാലം. സൂപ്പർതാരപദവിയിലേക്ക് മോഹൻലാൽ കയറിവരുന്ന കാലം. ആ ഓണത്തിന് റിലീസ് ചെയ്ത എല്ലാ സിനിമകളും പ്രദർശിപ്പിക്കാൻ ആലപ്പുഴ എന്ന ഞങ്ങളുടെ ചെറു നഗരത്തിൽ തിയറ്ററുകൾ പോരായിരുന്നു.
മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളായിരുന്നു ആ ഒാണക്കാലത്ത് റിലീസ് ചെയ്തത്. മോഹൻലാലിെൻറ രണ്ടു ചിത്രങ്ങൾ. ബാലചന്ദ്രമേനോെൻറ ഒരു സിനിമ. ഏഴു റിലീസിങ് തിയറ്ററുകൾ മാത്രമുള്ള നഗരം ബാലചന്ദ്രമേനോനെ മാറ്റിെവച്ച്, മറ്റ് ഏഴു ചിത്രങ്ങളും ഏറ്റെടുത്തു.
വീരയ്യ തിയറ്ററിൽ ആവനാഴി, ശീമാട്ടിയിൽ സായംസന്ധ്യ, പങ്കജിൽ നന്ദി വീണ്ടും വരിക, ശാന്തിയിൽ ന്യായവിധി, സുബ്ബമ്മയിൽ പൂവിനു പുതിയ പൂന്തെന്നൽ, സീതാസിൽ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, സൂര്യയിൽ സുഖമോ ദേവി.
ബാലചന്ദ്ര മേനോെൻറ 'വിവാഹിതരേ ഇതിലേ ഇതിലേ' പിന്നീടാണ് വന്നത്. അഞ്ചു മമ്മൂട്ടി ചിത്രങ്ങളിൽ 'ആവനാഴി' സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. പൂവിനു പുതിയ പൂന്തെന്നലും സായംസന്ധ്യയും ഹിറ്റുകളായി. മോഹൻലാലിെൻറ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും' ശങ്കറുമൊത്തഭിനയിച്ച 'സുഖമോ ദേവി'യും ഹിറ്റുകളായി.
ഒരോണക്കാലത്ത് അഞ്ചു സിനിമകളിൽ ഒരു നടൻ നായകനാവുന്നത് അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ഏഴു ചിത്രങ്ങളിൽ അഞ്ചും ഹിറ്റാവുന്നതും പിന്നീടാവർത്തിച്ചില്ല. പിൽക്കാലത്ത് സിനിമാവ്യവസായം പ്രതിസന്ധിയിലാവുകയും തിയറ്ററുകൾ അടയുകയും ചെയ്തപ്പോൾ ഓണച്ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു.
കേരളത്തിലെ എണ്ണംപറഞ്ഞ 70 എം.എം സിക്സ് ട്രാക് സ്റ്റീരിയോഫോണിക് സൗണ്ട് സിസ്റ്റമുണ്ടായിരുന്ന അതിഗംഭീര തിയറ്ററായിരുന്ന സൂര്യ 'ന്യൂഡൽഹി' എന്ന ചിത്രത്തിനുശേഷം പൂട്ടിപ്പോയി. കേരളത്തിലെ ആദ്യകാല തിയറ്ററുകളിൽ ഒന്നായിരുന്ന ശീമാട്ടി ഇപ്പോൾ വെറുമൊരു മൈതാനമാണ്. ഏറ്റവും മികച്ച തിയറ്ററായിരുന്ന വീരയ്യ അടച്ചുപൂട്ടി. സുബ്ബമ്മ തിയറ്റർ ടൗൺഹാളായി.
2003ലെ ഓണത്തിന് മോഹൻലാലിെൻറ 'രാവണപ്രഭു' ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ 'രാക്ഷസരാജാവ്' കൗണ്ടറടിച്ചു. അങ്ങനെ ഓരോ ഓണക്കാലവും ഈ രണ്ടു നായകർക്കൊപ്പം വലംവെച്ചുകൊണ്ടിരുന്നു. 2018ലെ പ്രളയകാലത്ത് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ടിവന്നെങ്കിലും വൈകി റിലീസായപ്പോഴും ഓണച്ചിത്രങ്ങൾ എന്നുതന്നെ അറിയപ്പെട്ടു. 2019ലെ ഓണത്തിന് ഒരു സവിശേഷതയുണ്ട്. ആ ഓണത്തിനിറങ്ങിയ ഒറ്റ ചിത്രവും വിജയിച്ചില്ല.
2020ൽ സ്ഥിതി വഷളാക്കിയത് കോവിഡ് തന്നെ.. ഒരൊറ്റ ചിത്രവുമില്ലാതെ മറാലകെട്ടിയ തിയറ്ററുകൾക്കു മുന്നിലൂടെ ആഘോഷങ്ങളില്ലാതെ ഒരോണം കടന്നു പോകുന്നു.
പാട്ടുകളുമില്ല
ഇക്കുറി ആഘോഷത്തിനവസരമില്ലാത്ത ഓണം വരുമ്പോഴും വിളംബരമായി പലയിടത്തുനിന്നും പതിവുപോലെ ഓണപ്പാട്ടുകളുണ്ട്. പക്ഷേ, എല്ലാം പഴയതുതന്നെ. എൺപതുകളിൽ ഓണമെന്നാൽ 'തരംഗിണി' എന്നുകൂടി പര്യായമുണ്ടായിരുന്നു. യേശുദാസും ജയചന്ദ്രനും ചിത്രയുമെല്ലാം മത്സരിച്ച് ഓണപ്പാട്ടുകൾ ഇറക്കിയിരുന്ന കാലമായിരുന്നു അത്.
പ്രത്യേകിച്ച് യേശുദാസിെൻറ സ്വന്തം കമ്പനിയായ തരംഗിണി ഇറക്കുന്ന ഓണപ്പാട്ടുകളുടെ കാസറ്റിനായി മ്യൂസിക് ഷോപ്പുകളിൽ വരിനിന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. തരംഗിണിയുടെ ഒരു കാസറ്റ്. നാനയുടെ ഒരു സിനിമാപതിപ്പ്. ഒരു സിനിമ. കുശാൽ... ഇതൊക്കെയായിരുന്നുവല്ലോ അന്നത്തെ ഓണസദ്യ...
വർഷങ്ങളായി തരംഗിണിയും കാസറ്റും സിനിമാപതിപ്പുകളുമില്ല. ഇക്കുറി സിനിമയുമില്ല. എന്തൊേരാണമാണിത് എന്ന് ദീർഘനിശ്വാസം മാത്രം...