കോവിഡ്-19: നഷ്ടപ്പെട്ട ഓണം തിരിച്ചുപിടിച്ച് നാട്ടുപൂക്കൾ
text_fieldsപയ്യന്നൂർ: മറുനാടൻ പൂക്കളുടെ അധിനിവേശത്തിനിടയിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിച്ച് നാട്ടുപൂക്കൾ. ഉത്രാടമായ ഞായറാഴ്ച മുതൽ മിക്ക വീടുകളിലും നാടൻപൂക്കൾകൊണ്ടാണ് പൂക്കളം വിടർന്നത്. അതുകൊണ്ടുതന്നെ കോവിഡ് ദുരന്തത്തിനിടയിൽ ഈ വർഷം വീണ്ടുമൊരോണം ആഘോഷിക്കുകയാണ് നാട്ടുപൂക്കൾ.
പഴയ കാലത്ത് പൂക്കളങ്ങളിൽ പകരം വെക്കാനില്ലാതെ വിരാജിച്ച ചെമ്പരത്തിയും ചെത്തിയും കോളാമ്പിയുമെല്ലാം തിരിച്ചെത്തി. ചെത്തി, ചെമ്പരത്തി, രാജമല്ലി, നന്ത്യാർവട്ടം, നരിക്കരിമ്പ്, കോളാമ്പി, തുമ്പ, മുക്കുറ്റി, കാക്കപ്പൂ, കൃഷ്ണകിരീടം തുടങ്ങി നിരവധി നാട്ടുപൂക്കളാണ് വർഷങ്ങളായി അവഗണനയുടെ ഓണമാഘോഷിച്ചത്. ഇവയെല്ലാം ഇക്കുറി തിരിച്ചെത്തിയതോടെ ഓണപ്പൂക്കളം പഴയ പരിസ്ഥിതി സൗഹൃദ സൗന്ദര്യമായി മാറി.
കഴിഞ്ഞവർഷം വരെ ചെണ്ടുമല്ലി, വാടാർമല്ലി, പിച്ചകം, അരളി, റോസ് തുടങ്ങിയ മറുനാടൻ പൂക്കളാണ് കളം നിറഞ്ഞ് വർണം തീർത്തത്. കോവിഡ് വ്യാപകമായതോടെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് പൂക്കൾ എത്തിയില്ല. അപൂർവമായി മാത്രം ചില നഗരങ്ങളിലെത്തിയെങ്കിലും ആവശ്യക്കാർ കുറവായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷം ഓണത്തലേന്ന് കിലോക്ക് 300 രൂപ വരെ ഈടാക്കിയിരുന്നു. ഇക്കുറി 100 രൂപക്കുപോലും വാങ്ങാൻ ആളില്ലെന്ന് പറയുന്നു. കൊട്ടയുമായി കാടുകയറുന്ന, മാസ്ക് ധരിച്ച കുട്ടികളുടെ കാഴ്ചകൂടിയാണ് മിക്ക ഗ്രാമങ്ങളിലും ഇക്കുറി. ഇതും ഇല്ലാതായിട്ട് വർഷങ്ങളായി. എന്നാൽ, പല ഗ്രാമങ്ങളിലും നാട്ടുപൂക്കൾ പഴയതുപോലെ ഇപ്പോൾ ഇല്ല. അതുകൊണ്ട് ഈ കോവിഡുകാലത്ത് ഉള്ളതുകൊണ്ട് ഓണമാക്കുകയാണ് നാട്.