ഇക്കുറി കുന്നംകുളത്ത് ഓണത്തല്ലുണ്ട്'; ചേരിതിരിഞ്ഞ അങ്കത്തിന് 'കോവിഡ്' എന്നു മാത്രം
text_fieldsകുന്നംകുളം ഓണത്തല്ല് (ഫയൽചിത്രം)
കുന്നംകുളം: ഓണക്കാലത്ത് കുന്നംകുളത്തുകാർക്ക് 'ഹയ്യ ത്തടാ' എന്ന പോർവിളി ഏറെ ഹരമാണെങ്കിലും ഇക്കുറി ആ ശബ്ദം കോവിഡ് മഹാമാരിക്കു മുന്നിൽ വഴി മാറി നിൽക്കുകയാണ്.
ഇപ്പോൾ ദിനം പ്രതി കാതുകളിൽ കേൾക്കുന്നതും കൺമുന്നിൽ കാണുന്നതും മനുഷ്യനും കോവിഡും തമ്മിലുള്ള ഓണക്കാലത്തെ തല്ലിൻെറ (അങ്കം) കണക്കുകളാണ്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഓണാഘോഷം വീടുകളിൽ മാത്രമാക്കി ഒതുക്കണമെന്ന മാർഗ്ഗ നിർദ്ദേശം ഉള്ളതിനാൽ നേരിട്ട് കളത്തിലിറങ്ങിയുള്ള ചേരിതിരിഞ്ഞ് മല്ലൻമാരുടെ ഓണത്തല്ല് ഇത്തവണയില്ല.
കഴിഞ്ഞ രണ്ട് തവണയും പ്രളയവും ദുരന്തങ്ങളും കുന്നംകുളത്തെ ഓണത്തല്ലിൻെറ നിറം കുറച്ചപ്പോൾ ഇക്കുറി വില്ലനായത് കോവിഡ്.
ഒരു ഭാഗത്ത് ജനസമൂഹവും എതിർ ചേരിയിൽ കോവിഡും തമ്മിൽ അങ്കം കൂടുമ്പോൾ അതിനിടയിൽ നിയന്ത്രണം ഏറ്റെടുത്തവരായ ആരോഗ്യ പ്രവർത്തകരും ഏറെ ശ്രദ്ധേയരാണ്. കുന്നംകുളം ജവഹർ സ്ക്വയറിൽ പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് വർഷങ്ങളായി ഓണത്തല്ലിന് വേദിയൊരുക്കുന്നത്.
ഇക്കുറി ഓണത്തല്ല് ഓർമയാകുമ്പോഴും ഹയ്യത്തടാ മുഴക്കി ഇരു ചേരിക്കാരും പോർവിളി മുഴക്കി നല്ല അടിയുടെ ശബ്ദം കുന്നംകുളത്തുകാരുടെ കാതിൽ ഈ ദിനങ്ങളിൽ മുഴങ്ങും.
വടക്കേ ചേരി ,തെക്കേ ചേരി എന്നിങ്ങനെ ചേരിതിരിഞ്ഞാണ് ഓണതല്ല് അരങ്ങേറിയിരുന്നത്. ചെറുതിരുത്തി, വെട്ടിക്കാട്ടിരിക്കാരാണ് പതിവായി തല്ലിന് വന്നിരുന്നത്. അങ്കത്തിന് കളംതൊട്ട് വന്ദിച്ച് ഒറ്റ കുതിപ്പിൽ രണ്ട് തല്ലു കാര്യം മുഖത്തോടു മുഖം നോക്കി കൈകൾ കോർക്കും അതോടെ പോർവിളിച്ച് തുടയിൽ അടിച്ച് നേരിടുന്നതോടെ അടിപൊടിപൂരമാകും.
കൈ പരത്തി കൊണ്ടേ അടിക്കാവൂ. തല്ല് പകുതി വെച്ച് നിറുത്തി പിൻമാറാനാകില്ല. ഒരു പക്ഷം ജയിക്കണം. തല്ല് മൂത്താൽ അവരെ നിയന്ത്രിക്കാനും പിടിച്ചു മാറ്റാനും 'ചാഴിക്കാരൻ' എന്നയാൾ ഉണ്ടാകും അതാണ് ഇവിടത്തെ റഫറി.
തല്ല് തുടങ്ങിയത് സാമൂതിരിയുടെ കാലത്തായിരുന്നു. ഇടക്കാലം വരെ തല്ല് പരിശീലനത്തിന് കേന്ദ്രങ്ങളുണ്ടായിരുന്നു. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽ പോലും വീഴാതെ 40 വർഷം തല്ലി വിജയിച്ചവരാണ് കാവശേരി ഗോപാലൻ നായർ , കടമ്പൂർ അയ്യു മൂത്താൻ എന്നിവർ. ഇവരായിരുന്നു ഓണത്തല്ലിൻെറ വീരനായകർ.
പിന്നീട് ഓർമ മാത്രമായി മാറിയ ഓണത്തല്ല് 2010ലാണ് വീണ്ടും കുന്നംകുളത്ത് തുടങ്ങിയത്. പഴമക്കാർ പലരും മരിച്ചു പോയതോടെ തല്ലുകാരെ ഏറെ കഷ്ടപ്പെട്ട് തേടി കൊണ്ടു വരികയായിരുന്നു.