അയ്യന്തോളിന്റെ പുലിപ്പെരുമ; പത്താം വാർഷികത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു
text_fieldsതൃശൂർ അയ്യന്തോൾ ദേശത്തിനുവേണ്ടി പുലിക്കളി മുഖംമൂടികൾ തയാറാക്കുന്ന സ്റ്റീഫൻ ചിറയത്ത്
ടി.എച്ച്. ജദീർ
തൃശൂർ: തൃശൂരിന്റെ ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് പൂരനഗരിയെ പുലിക്കടലാക്കാൻ ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബർ എട്ടിന് നടക്കുന്ന പുലിക്കളിക്കായി നാടും നഗരവും ഒരുങ്ങുമ്പോൾ, അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഒരുക്കങ്ങൾ അതിന്റെ അവസാനഘട്ടത്തിലാണ്. പത്താം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, ചരിത്രത്തിൽ ഇടംപിടിക്കുന്ന പ്രകടനത്തിനുള്ള തയാറെടുപ്പിലാണ് തങ്ങളെന്ന് സമിതിയുടെ ചീഫ് കോഓഡിനേറ്റർ വി.ആർ. ശ്രീകൃഷ്ണൻ പറയുന്നു.
മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ, പത്താം വാർഷികത്തിന്റെ പ്രൗഢി
ഏകദേശം മൂന്നും നാലും മാസങ്ങൾക്ക് മുമ്പ് തന്നെ ഞങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു ശ്രീകൃഷ്ണൻ പറയുന്നു. 2016ൽ രൂപവത്കൃതമായ അയ്യന്തോൾ ദേശം സമിതിക്ക് ഇത് പത്താം വാർഷികമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ പുലിക്കളിക്ക് മാറ്റ് കൂടുതലാണ്.
പുലിക്കളിയിൽ മാത്രം ഒതുങ്ങാതെ, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളിലും സമിതി സജീവമാണ്. ഈ വർഷം ഒരുപാട് വ്യത്യസ്തമായ ആശയങ്ങളോടെയാണ് ഞങ്ങൾ വരുന്നത്. ഇക്കൊല്ലത്തെ പുലിക്കളി ചരിത്രപരമായി മാറും, അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മത്സരം, വെല്ലുവിളികളെ നേരിടാൻ സജ്ജം
പഴയകാലത്ത് പുലിക്കളിയിൽ സജീവമായിരുന്ന പല പ്രമുഖ ടീമുകളും ഇത്തവണ മത്സരരംഗത്തുണ്ട്. ഇത് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് സമിതി വിലയിരുത്തുന്നു. ഒരു ടീമിനെയും ഞങ്ങൾ നിസ്സാരമായി കാണുന്നില്ല. കടുത്ത മത്സരമുണ്ടാകുമെന്ന് ഉറപ്പാണ്. ഒട്ടും പിന്നോട്ട് പോകാതെ, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ തന്നെയാണ് ഞങ്ങളുടെ ശ്രമം.
രഹസ്യം നിറച്ച് അയ്യന്തോളിന്റെ സർപ്രൈസ്
എല്ലാ വർഷവും കാണികളെ അമ്പരപ്പിക്കുന്ന ഒരു പുതുമ അയ്യന്തോൾ ദേശം കരുതിവെക്കാറുണ്ട്. ആ പതിവ് ഇത്തവണയും തെറ്റില്ല. ഞങ്ങളുടെ പുതുമ വളരെ രഹസ്യ സ്വഭാവത്തോടെയാണ് ഒരുക്കുന്നത്. ഈ ആധുനിക സാങ്കേതികവിദ്യയുടെ കാലഘട്ടത്തിൽ ഒതുങ്ങിനിന്നുകൊണ്ടുള്ള ഒരു പുതിയ ആശയമായിരിക്കും അത്. അതിന്റെ പൂർണരൂപം പുലിക്കളി ദിവസം സ്വരാജ് റൗണ്ടിൽ എല്ലാവർക്കും കാണാം. ആ രഹസ്യം വെളിപ്പെടുത്താതെ ശ്രീകൃഷ്ണൻ പറഞ്ഞുനിർത്തുമ്പോൾ ആകാംക്ഷയേറുന്നു.
ബ്രഹ്മാണ്ഡ ടാബ്ലോകളും പുലിവണ്ടിയും
പുലിക്കളിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ടാബ്ലോകളുടെയും പുലിവണ്ടിയുടെയും നിർമാണം 95 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ശിൽപി ഡാവിഞ്ചി സുരേഷും വിമൽ പൂങ്കുന്നവുമാണ് ഇതിന് പിന്നിൽ. ഒരു പുലിവണ്ടിയും രണ്ട് കൂറ്റൻ ടാബ്ലോകളുമാണ് ഇത്തവണ അയ്യന്തോളിനായി ഒരുങ്ങുന്നത്. ഏകദേശം 20 അടി ഉയരവും 25 അടി വീതിയുമുള്ള ടാബ്ലോകളാണ് തയാറാക്കിയിരിക്കുന്നത്. പുലിവണ്ടിയും പതിവിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കും ശ്രീകൃഷ്ണൻ വിശദീകരിച്ചു.
കോർപറേഷൻ ഒന്നാം സമ്മാനമായി നൽകുന്നത് 12,500 രൂപയാണെങ്കിലും ടാബ്ലോകൾക്കും പുലിവണ്ടിക്കുമായി മാത്രം ഏകദേശം മൂന്നുലക്ഷം രൂപയാണ് സമിതി ചെലവഴിക്കുന്നത്. പണമല്ല, മത്സരത്തിന്റെ ആവേശവും കാണികളുടെ സന്തോഷവുമാണ് ഞങ്ങൾക്ക് പ്രധാനം. പൂരം കഴിഞ്ഞാൽ തൃശൂരിന്റെ തനത് കലാരൂപമായ പുലികളി കാണാൻ പതിനായിരങ്ങൾ എത്തും. അവർക്ക് മികച്ച ദൃശ്യവിരുന്നൊരുക്കുകയാണ് ലക്ഷ്യം.
ചുവടുവെക്കാൻ 51 പുലികൾ, താളമിടാൻ 35 വാദ്യക്കാർ
അയ്യന്തോൾ: ദേശത്തിനുവേണ്ടി ഇത്തവണ 51 പുലികളാണ് ചുവടുവെക്കുന്നത്. ഫൈബർ നിർമിത പുലിമുഖങ്ങളാണ് ഇവർക്കായി ഒരുക്കിയിരിക്കുന്നത്. ടീമിലെ 7-8 പേർ മാത്രമാണ് ദേശത്തെ പുലികൾ, ബാക്കി 40ഓളം പേർ പുറത്തുനിന്ന് എത്തുന്ന പ്രഫഷനൽ കലാകാരന്മാരാണ്. ഇവർക്ക് 8000 മുതൽ 10000 രൂപ വരെയാണ് പ്രതിഫലം.
ഒരു ലീഡറുടെ കീഴിൽ ഒരേ താളത്തിൽ ചുവടുവെക്കുന്ന ഈ 51 പുലികൾക്കൊപ്പം താളവിസ്മയം തീർക്കാൻ 35 ഓളം വാദ്യക്കാരും അണിനിരക്കും. ഇത്തവണ പെൺപുലികൾ ടീമിൽ ഇല്ലെന്നും സമിതി അറിയിച്ചു.
എം.ജി റോഡ് വഴി സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന വീഥിയിലൂടെയാണ് അയ്യന്തോൾ ദേശത്തിന്റെ പുലിക്കൂട്ടം നഗരഹൃദയത്തിലേക്ക് എത്തുക.
ഏകദേശം 25 മുതൽ 27 ലക്ഷം രൂപ വരെയാണ് ഇത്തവണത്തെ പുലിക്കളിക്കായി കണക്കാക്കുന്ന ചിലവ്. പത്താം വാർഷികത്തിന്റെ പ്രൗഢിയിലും കടുത്ത മത്സരത്തിന്റെ ആവേശത്തിലും ഒരുക്കങ്ങളുടെ പൂർണതയിലും അയ്യന്തോൾ ദേശം തൃശൂരിന്റെ ഓണാഘോഷത്തിന് പുതിയ ചരിത്രം രചിക്കുമെന്ന പ്രതീക്ഷയിലാണ് പുലിക്കളി പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

