അയ്യൻകാളി ജയന്തി; അവിട്ടാഘോഷം സെപ്റ്റംബർ 6ന്
text_fieldsഅയ്യൻകാളി
ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യൻകാളി അജയ്യനായ നേതാവായിരുന്നു. ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകനായിരുന്നു അദ്ദേഹം. 1863 ആഗസ്റ്റ് 28ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് ജനിച്ചത്.
മനുഷ്യന് എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അദ്ദേഹം കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടി പുതിയ പ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു. വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടംതന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി.
1907ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്കൂളിലെത്തിയ അയ്യൻകാളിയും സംഘവും സ്കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണ കുട്ടികളുടെ സ്കൂള്‍ പ്രവേശനം സാധ്യമാക്കുമെന്ന തീരുമാനം അൻകാങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. 1911 ഡിസംബര്‍ 4 ന് അയ്യൻകാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7ന് അദ്ദേഹം തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി.
വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അദ്ദേഹം നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. സാമൂഹിക പരിഷ്കർത്താവ് മഹാത്മ അയ്യൻകാളിയുടെ 162ാമത് ജയന്തി അവിട്ടാഘോഷം സെപ്റ്റംബർ 6ന് വിപുലമായി ആഘോഷിക്കുകയാണ്. ആധുനിക കേരളത്തെ സൃഷ്ടിച്ചതിൽ നവോസ്ഥാന കേരളത്തെ പരിചയപ്പെടുത്തിയ അയ്യൻകാളിയുടെ ദർശനങ്ങളും കാഴ്ചപ്പാടുകൾക്കും നിസ്തൂല സ്ഥാനമാണുള്ളത്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു മഹാത്മ അയ്യൻകാളി.
പാഠമില്ലായെങ്കിൽ പാടത്തേക്ക് ഇല്ല എന്ന മുദ്രവാക്യത്തിലൂടെ വിദ്യാദ്യാസത്തിന്റെ മഹത്വം ഉത്ഘോഷിപ്പിച്ച അയ്യൻകാളി ഒരു ജനതക്ക് സ്വത്വ ബോധത്തിന്റെ തെളിച്ചവും വെളിച്ചവും പ്രധാനം ചെയ്തു. കേരളത്തിന്റെ പൊതു മണ്ഡലം നിർമിക്കുന്നതിൽ മഹാത്മാ അയ്യങ്കാളിയുടെ കാഴ്ചപ്പാടുകൾക്കും വാക്കുകൾക്കും ഉന്നത സ്ഥാനമാണുള്ളത്. മഹാ പുരുഷന്റെ ജന്മദിനം അവിട്ടം നാളിൽ ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

