കൗതുകമുണർത്തി അലാമിക്കളിയും കണ്യാർകളിയും
text_fieldsഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്ന പടയണി
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്‍റെ അഞ്ചാം നാളിൽ കനകക്കുന്നിലെ വിവിധ വേദികളിലേക്ക് ആസ്വാദകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കർബല യുദ്ധത്തിന്റെ സ്മരണകൾ ഉണർത്തി കാസർകോടുനിന്നെത്തിയ എരിഞ്ഞിക്കൽ പി.എസ്. രമേശനും സംഘവും സോപാനം വേദിയിൽ അവതരിപ്പിച്ച അലാമിക്കളി കാണികളിൽ ഏറെ കൗതുകമുണർത്തി.
ശരീരത്തിൽ കറുത്ത ചായവും വെള്ളപ്പുള്ളികളും കുത്തി, പാളത്തൊപ്പിയും മാറാപ്പുമേന്തി വടക്കൻ മലബാറിന്റെ തനിമയുമായി വേദിയിലെത്തിയത് തലസ്ഥാനവാസികൾക്ക് പുതിയ കാഴ്ചയായി. തിരുവരങ്ങ് വേദിയിൽ പല്ലശ്ശനയുടെ പെരുമയുയർത്തി കണ്യാർകളി അരങ്ങേറി. മഠത്തിൽ ഭാസ്കരൻ ആശാന്‍റെ നേതൃത്വത്തിൽ നടന്ന ഈ ആയോധന, നൃത്ത രൂപത്തിൽ, പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച് പെൺകുട്ടികളും പങ്കാളികളായത് ഏറെ ശ്രദ്ധേയമായി.
തുടർന്ന് കോഴിക്കോട് തിറയാട്ടം കലാസമിതിയുടെ തെയ്യം, തിറ തിരുവരങ്ങ് വേദിയിൽ അരങ്ങേറി. ചെണ്ടയുടെയും ഇലത്താളത്തിന്റെയും താളമേളങ്ങൾക്കൊപ്പം തലപ്പാളി, കൈത്തണ്ട, വള, അടുക്കുംഞെറി, ചൂടകം, കൂറ്റൻ കിരീടങ്ങൾ എന്നിവയണിഞ്ഞുള്ള കലാകാരന്മാരുടെ വേഷപ്പകർച്ച കാണികൾക്ക് വേറിട്ടൊരു ദൃശ്യവിരുന്നായി. തുടർന്ന് പാരമ്പര്യത്തിന്റെ തിരിനാളം മുറുകെപ്പിടിച്ച് ക്ഷേത്രകലകളുടെ പെരുമയുമായി പാഴൂർ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ മുടിയേറ്റും സദസ്സിന് ദൃശ്യവിരുന്നായി.
ഭദ്രകാളിയുടെ ഉത്ഭവവും ദാരികവധവുമാണ് മുടിയേറ്റിൽ പ്രമേയമായത്. നിശാഗന്ധി വേദിയിൽ കടമ്മനിട്ട രഘുകുമാറും സംഘവും അവതരിപ്പിച്ച പടയണി പ്രേക്ഷകരിൽ ഒരേസമയം ഭീതിയും കൗതുകവും ഭക്തിയും നിറച്ചു. പ്രകൃതിദത്ത ചായങ്ങളാൽ വരച്ച ഭീമാകാരമായ ഭൈരവിക്കോലങ്ങളും തത്സമയ വാദ്യമേളങ്ങളും വേദിയിൽ യുദ്ധപ്രതീതി തന്നെ സൃഷ്ടിച്ചു.
ഇതിനുപുറമേ, ദാമ്പത്യത്തിലെ സംശയവും വഴക്കും പ്രമേയമാക്കി മണിയാശാനും സംഘവും അവതരിപ്പിച്ച പൊറാട്ടുനാടകവും ഏറെ ശ്രദ്ധ നേടി. കൂടാതെ കനകക്കുന്ന് അകത്തളം വേദിയിൽ അരങ്ങേറിയ കൂടിയാട്ടവും കഥകളിയും ആസ്വദിക്കാനും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സോപാനം വേദിയിൽ കരിയം ജയകുമാറിന്‍റെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിന്റെ തനത് അനുഷ്ഠാന കലയായ തോറ്റംപാട്ടും ഭക്തിനിർഭരമായി അരങ്ങേറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
